സുപ്രീം കോടതി
ന്യൂഡൽഹി: ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം കേന്ദ്ര സർക്കാറിനെതിരെ സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയിൽ റിട്ട് ഹരജി നൽകാമോ എന്ന ചോദ്യത്തിനുള്ള ഉത്തരം രാഷ്ട്രപതി ദ്രൗപദി മുർമുവിന് അറിയണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത.
ഇത്തരമൊരു വിഷയം ഒഴിവാക്കാവുന്നതാണെന്ന് നേരത്തേ ഭരണഘടനാ ബെഞ്ച് നിർദേശിച്ചത് അംഗീകരിക്കാതെയാണ് മേത്ത ഈ വിഷയത്തിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ വിഷയം ഭാവിയിൽ മറ്റൊരു കേസിൽ തീർപ്പാക്കാമെന്നും സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് ഗവർണർ അനുമതി നൽകുന്നതിൽ രാഷ്ട്രപതിയുടെ റഫറൻസ് പരിമിതപ്പെടുത്തണമെന്നുമാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടത്.
എന്നാൽ, ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഉത്തരം തേടണമെന്നാണ് തനിക്ക് കിട്ടിയ നിർദേശമെന്ന് തുഷാർ മേത്ത പറഞ്ഞു. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് നിശ്ചിത സമയപരിധിക്കകം അംഗീകാരം നൽകണമെന്ന ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട രാഷ് ട്രപതിയുടെ റഫറൻസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.
മൗലികാവകാശങ്ങളില്ലാത്ത സ്ഥാപനമാണ് സംസ്ഥാന സർക്കാർ എന്ന് മേത്ത വാദിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ കാവൽക്കാർ എന്ന് പറഞ്ഞും സംസ്ഥാന സർക്കാറിന് മൗലികാവകാശ ലംഘനത്തിന് കേന്ദ്രത്തിനെതിരെ റിട്ട് ഹരജി നൽകാനാവില്ല. അപ്പോൾ തങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് സംസ്ഥാന സർക്കാറിന് 32ാം ഭരണഘടനാ അനുച്ഛേദ പ്രകാരം കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാവില്ല.
സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും തമ്മിലുള്ള തർക്കം തീർക്കേണ്ടത് ഭരണഘടനയുടെ 131ാം അനുച്ഛേദ പ്രകാരം ഹരജി നൽകിയാണ്. അതാകട്ടെ 32ാം അനുച്ഛേദ പ്രകാരം സംസ്ഥാന സർക്കാർ ഹരജി നൽകുന്നത് വിലക്കുന്നുണ്ടെന്നും മേത്ത വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.