ന്യൂഡൽഹി: യു.എസുമായുള്ള വ്യാപാര കരാറിൽനിന്ന് ഇന്ത്യയെ തടഞ്ഞുനിർത്താൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചെന്നും ഇന്ത്യ-ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിന് അത് നിമിത്തമായെന്നും റിപ്പോര്‍ട്ട്. ചൈനയും ഇന്ത്യയും ഒരുപോലെ ട്രംപിന്റെ വ്യാപാര സമ്മർദത്തിനിരയായ വേളയിലായിരുന്നു ഈ കത്തെന്നും അതോടെ ഇന്ത്യ ചൈനയുമായി വീണ്ടും അടുക്കാൻ തുടങ്ങിയെന്നുമാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തിന് തൊട്ടുമുമ്പുള്ള റിപ്പോർട്ടിന് പിന്നാലെ ഷി ജിന്‍പിങ് കത്തിലെ വിശദാംശവുമായി ന്യൂഡൽഹിയിലെ ചൈനീസ് എംബസി രംഗത്തുവന്നു. ഇന്ത്യ - ചൈന നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷിക വേളയിലാണ് ഷി ജിൻപിങ് കത്തയച്ചതെന്ന് എംബസി വ്യക്തമാക്കി.
അതേസമയം, റഷ്യയുമായുള്ള എണ്ണ വ്യാപാരം നിയന്ത്രിച്ചില്ലെങ്കിൽ തീരുവയിലെ നിലപാട് മയപ്പെടുത്തില്ലെന്നും യു.എസ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ സങ്കീർണമായെന്നും യു.എസ് ഉൽപന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണെന്നും ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് കുറ്റപ്പെടുത്തി. അമേരിക്കയുടെ ദേശീയ സാമ്പത്തിക കൗൺസിൽ ഡയറക്ടർ കൂടിയാണ് ഹാസെറ്റ്.
റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന് പിഴയെന്ന നിലക്ക് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തിൽ വരികയും ഇന്ത്യയുടെ കയറ്റുമതിമേഖലയെ ബാധിച്ചുതുടങ്ങുകയും ചെയ്തതിന് പിന്നാലെയാണ് യു.എസ് ഭീഷണി.
അമേരിക്കയില്‍നിന്നുള്ള പരുത്തിയുടെ 11 ശതമാനം ഇറക്കുമതി തീരുവ എടുത്തുകളഞ്ഞതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിന് വഴങ്ങി കേന്ദ്രസർക്കാർ ഇന്ത്യയെയും പരുത്തി കർഷകരെയും വഞ്ചിച്ചു. ഇനി അമേരിക്കയിൽനിന്ന് വരുന്ന പരുത്തിക്ക് ഇന്ത്യയിലെ പരുത്തിയേക്കാൾ വില കുറവായിരിക്കും. അങ്ങനെ ഒരു അവസ്ഥയിൽ ഇന്ത്യയിലെ കർഷകർ എന്തുചെയ്യുമെന്ന് കെജ്രിവാൾ ചോദിച്ചു.
നമ്മുടെ രാജ്യം രണ്ട് വശങ്ങളില്‍നിന്ന് ആക്രമിക്കപ്പെടുന്നു. ഒരുവശത്ത്, ട്രംപ് ഇന്ത്യക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നു. ഇതുമൂലം, ആഭ്യന്തര വ്യവസായം അടച്ചുപൂട്ടലിന്റെ വക്കിലാണ്. മറുവശത്ത്, പ്രധാനമന്ത്രി മോദി അമേരിക്കന്‍ ഉൽപന്നങ്ങള്‍ക്കുള്ള തീരുവ അവസാനിപ്പിക്കുകയാണ്. ഇതുമൂലം, അമേരിക്കയിലെ എല്ലാ സാധനങ്ങളും നമ്മുടെ വിപണിയില്‍ വില്‍ക്കപ്പെടും. ഈ തീരുമാനങ്ങളെല്ലാം പുറത്തു വരുമ്പോൾ കർഷകർക്ക് ആത്മഹത്യചെയ്യുകയല്ലാതെ മറ്റു മാർഗമില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഇന്ത്യയും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.