പ്രതീകാത്മക ചിത്രം

നികുതികൊണ്ട് നിലക്കുനിർത്താൻ യു.എസ്, കൊമ്പുകോർത്ത് ഇന്ത്യ, വ്യവസായ രംഗത്ത് തിരിച്ചടിയോ.?

തങ്ങളുടെ താത്പര്യങ്ങൾ അംഗീകരിക്കാത്ത ഇന്ത്യയടക്കം രാജ്യങ്ങളെ നികുതികൊണ്ട് നിലക്കുനിർത്താനാണ് യു.എസ് ശ്രമം. റഷ്യൻ ഫെഡറേഷൻ ഗവൺമെന്റ് യു.എസിനെതിരെ ഉയർത്തുന്ന ഭീഷണികൾ നേരിടുക എന്ന നയം ചൂണ്ടി ബുധനാഴ്ച മുതൽ ഇന്ത്യക്കുമേൽ അധിക തീരുവ പ്രഖ്യാപിക്കപ്പെടുന്നതും ഈ സാഹചര്യത്തിലാണ്. ചെമ്മീൻ മുതൽ തുണിത്തരങ്ങൾ വരെ ഇന്ത്യയുടെ ഉത്പന്നങ്ങൾ അധിക നികുതിയുടെ പട്ടികയിൽ ​പെടുത്തി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ വ്യവസായ ലോകം ആ​ശങ്കയോടെയാണ് നോക്കിക്കാണുന്നത്.  

ഇരട്ടിയാവുന്ന നികുതി ഭീഷണി

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയാണ് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) വിജ്ഞാപനമിറക്കിയത്. റഷ്യൻ ഫെഡറേഷന്റെ നടപടികൾ യു.എസ് ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും അസാധാരണമായ ഭീഷണിയായി തുടരുകയാണെന്നും ഇന്ത്യ നേരിട്ടും അല്ലാതെയും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തലിനെ തുടർന്നാണ് അധിക തീരുവയെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

യു.എസ് ഉയർന്ന പകരച്ചുങ്കം തുടർന്നാൽ, 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയു​ടെ ജി.ഡി.പിയിൽ 0.2 ശതമാനം മുതൽ 1 ശതമാനം വരെ കുറവുണ്ടാവുമെന്നാണ് വിദഗ്ദർ കണക്കാക്കുന്നത്. ഏഴ് ബില്യൺ മുതൽ 25 ബില്യൺ ഡോളർ വരെ ഇത്തരത്തിൽ വരുമാനം കുറയാൻ സാധ്യതയുണ്ട്. പ്രധാനമായും ആഭ്യന്തര ഉപഭോഗത്താൽ നയിക്കപ്പെടുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ജി.ഡി.പിയുടെ രണ്ടുശതമാനം മുതൽ 2.5 ശതമാനം വരെയാണ് യു.എസി​ലേക്കുള്ള കയറ്റുമതിയുടെ സംഭാവന. എന്നാൽ, വർധിപ്പിച്ച നികുതി സാരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് ആഗോള വ്യാവസായ മേഖലയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഗ്ളോബൽ ട്രേഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ടി.ആർ.ഐ) കണക്കാക്കുന്നത്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ മൂന്നിൽ രണ്ടുഭാഗം, അതായത് 60 ദശലക്ഷം ​അമേരിക്കൽ ഡോളറിന്റെ കച്ചവടം പുതിയ നികുതിയുടെ പരിധിയിൽ വരുമെന്നും ഉയർന്ന നികുതി ഭാരം വിലയെ ബാധിക്കുന്നതുകൊണ്ടുത​ന്നെ മേഖലയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മത്സര ക്ഷമത നഷ്ടമാകുമെന്നും ജി.ടി.ആർ.ഐ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയെക്കാൾ ‘ഫ്രണ്ട്’ ചൈനയും റഷ്യയും

ഇന്ത്യയേക്കാൾ കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയെക്കുറിച്ച് വിജ്ഞാപനത്തിൽ പരാമർശമില്ലെന്നതും ​ശ്രദ്ധേയമാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച യു.എസ് റഷ്യക്കെതിരെയും സമാനമായ നീക്കത്തിന് മുതിരുന്നില്ല. ചൈനയോടും റഷ്യയോടും കാണിക്കുന്ന ഉദാര സമീപനം ട്രംപിന്റെ യു.എസിന് ഇന്ത്യയോട് ഇല്ലെന്ന് വ്യക്തം. ഇന്ത്യക്ക് എണ്ണ വിറ്റുണ്ടാക്കുന്ന വരുമാനം യുക്രൈയ്നെതിരെ റഷ്യക്ക് സഹായകമാവുന്നതും, യു.എസ് ഡോളറിനെ ദുർബലപ്പെടുത്താനുള്ള ബ്രിക്സ് ശ്രമത്തിൽ ന്യൂഡൽഹിയുടെ പങ്കും ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിന്റെ സ്വയം പ്രഖ്യാപിത പങ്ക് ന്യൂഡൽഹി അംഗീകരിക്കാത്തതുമടക്കം ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങളാകട്ടെ നിലവിലെ കടുത്ത നടപടികളെ നീതീകരിക്കുന്നതുമല്ല.

കയറ്റുമതിയിൽ പടരുന്ന ആശങ്ക

വർധിച്ച നികുതി വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ അനിശ്ചിതത്വവും ഇടിവും വാർത്തയുണ്ടാക്കുന്ന ആശങ്കയോട് ചേർത്തുകാണേണ്ടതാണ്. പ്രതിവർഷം 86.5 ബില്യൺ ഡോളറാണ് യു.എസിലേക്ക് കയറ്റുമതിയിലൂടെ ഇന്ത്യയുടെ വരുമാനം. ആകെ കയറ്റുമതിയുടെ 30 ശതമാനം തീരുവ രഹിതവും നാലുശതമാനം 25 ശതമാനം തീരുവയും ആയിരിക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന 66 ശതമാനവും (60.2 ബില്യൺ ഡോളർ) നിലവിൽ പ്രഖ്യാപിച്ച 50 ശതമാനം താരിഫിന് കീഴിലാണ് വരുന്നത്. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പരവതാനികൾ, ചെമ്മീൻ, ഫർണിച്ചർ തുടങ്ങിയ തൊഴിൽ കേന്ദ്രീകൃത മേഖലകൾ കടുത്ത ആഘാതത്തിലാണ്. ചെറുകിട, ഇടത്തരം ബിസിനസുകൾ പ്രത്യേകിച്ചും ദുർബലമാണ്, വ്യാപകമായ തൊഴിൽ നഷ്ടം ഒരു സാധ്യതയായി നിലനിൽക്കുന്നു.

ചൈന (30 ശതമാനം), വിയറ്റ്നാം (20 ശതമാനം), ഇന്തോനേഷ്യ (19 ശതമാനം), ജപ്പാൻ (15 ശതമാനം) എന്നിങ്ങനെയാണ് ഇതര ഏഷ്യൻ രാജ്യങ്ങൾക്ക് യു.എസ് നികുതി ചുമത്തിയിരിക്കുന്നത്. താരിഫ് ചെലവുകളുടെ ആഘാതം കുറക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർ വില കുറക്കുകയും യു.എസ് ഇറക്കുമതിക്കാർ മറുവശത്ത് കൂടുതൽ നൽകാൻ തയ്യാറാവുകയും ചെയ്താലും 10-25 ശതമാനം പരിധിയിൽ താരിഫ് അടയ്ക്കുന്ന അയൽരാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയോട് മത്സരിക്കുന്നത് ഇന്ത്യൻ വിപണിക്ക് ശ്രമകരമാവും. ഇന്ത്യക്കെതിരെ അധികനികുതി ഏർപ്പെടുത്തിയ ഭൂരിഭാഗം ഉൽപ്പന്നങ്ങളുടെയും വലിയ വിപണിയായ യു.എസിൽ നിന്നുള്ള ഓർഡറുകളിലെ ഇടിവ് നൂറുകണക്കിന് എം.എസ്.എം.ഇകളെ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. യു.എസിലേക്കുള്ള ജനറിക് മരുന്നുകളുടെ നിർണായക വിതരണക്കാരായ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെയും ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകളെയും (ആപ്പിൾ ഐഫോണുകൾ ഉൾപ്പെടെ) താരിഫിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

റഷ്യൻ എണ്ണ അല്ലെങ്കിൽ വർധിപ്പിച്ച നികുതി!

2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തുമ്പോൾ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ മോസ്കോയുടെ പങ്ക് രണ്ട് ശതമാനത്തിൽ താഴെയായിരുന്നു. അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങളിൽ ഭൂരിഭാഗവും റഷ്യൻ അസംസ്കൃത എണ്ണ (ക്രൂഡ്) ഉപേക്ഷിച്ചതോടെ, റഷ്യ കൂടുതൽ കിഴിവുകൾ നൽകാൻ തുടങ്ങി. ഇന്ത്യൻ റിഫൈനറികൾ ഈ അവസരം പ്രയോജനപ്പെടുത്തി. മാസങ്ങൾക്കകം പരമ്പരാഗത പശ്ചിമേഷ്യൻ വിതരണക്കാരെ മറികടന്ന് റഷ്യ ഇന്ത്യയുടെ വലിയ അസംസ്കൃത എണ്ണ ദാതാക്കളായി. നിലവിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ ഗണ്യമായ പങ്ക് റഷ്യയിൽ നിന്നാണ്. കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കുന്നത് ഒഴിവാക്കി രാജ്യത്തിൻറെ സമ്പത് വ്യവസ്ഥക്ക് ഏൽക്കുന്ന ആഘാതം നേരിടണോ അതോ ഉയർന്ന നികുതിയിൽ യു.എസിൽ നിന്ന് വ്യാപാര രംഗത്ത് ഏൽക്കുന്ന സാമ്പത്തിക പ്രഹരം അഭിമുഖീകരിക്കണോ എന്ന് തെരഞ്ഞെടുക്കുക മാത്രമാണ് ഈ അവസരത്തിൽ ഇന്ത്യക്ക് മുന്നിൽ അവശേഷിക്കുന്ന സാധ്യത. ഈ സാഹചര്യത്തിലാണ് രാജ്യം ആ തെരഞ്ഞെടുപ്പ് നടത്തുന്നതും.

ആ കണക്കുകൾക്ക് പിന്നിൽ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ റഷ്യയിൽ ഇന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുള്ള അസംസ്കൃത എണ്ണയിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും, യു.എസ് സമ്മർദ്ദമല്ല മറിച്ച്, മോസ്കോ എണ്ണവിൽപ്പനയിൽ നൽകിയിരുന്ന കിഴിവുകൾ കുറച്ചതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ​ജൂലെയിൽ ട്രംപ് ഇന്ത്യക്കെതിരെ രംഗത്തുവരുന്നതിനും ആഴ്ചകൾക്ക് മുമ്പ് ബുക്ക്​ ചെയ്യപ്പെട്ട ഇന്ധനമാണ് ഇന്ത്യൻ തുറമുഖങ്ങളിൽ ഈ കാലയളവിൽ വന്നിറങ്ങിയതെന്നതും മറന്നുകൂടാ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ എണ്ണ ഇറക്കുമതിയു​ടെ കണക്കുകളാവും ട്രംപിന്റെ താരിഫ് സമ്മർദ്ദം ഏതുതരത്തിൽ ഇന്ത്യയുടെ നിലപാട് രൂപീകരിച്ചു എന്ന് കേവലമായ ധാരണയെങ്കിലും നൽകുക.

എലിയെ പേടിച്ച് ഇല്ലം ചുടുന്ന ട്രംപ്

എന്നാൽ നാശനഷ്ടങ്ങൾ ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന വിലയുടെയും മന്ദഗതിയിലുള്ള വളർച്ചയുടെയും രൂപത്തിൽ നിലവിലെ നടപടികൾ യു.എസിനെ തിരിഞ്ഞുകടിക്കും. ഇത് ഇതിനകം ഉയർന്ന പണപ്പെരുപ്പനിരക്ക് വീണ്ടും വർധിക്കാൻ കാരണമാകും. പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, യു.എസ് സമ്പദ് വ്യവസ്ഥയ്ക്കും സാധാരണ നിരക്കിൽ വളരാൻ കഴിയില്ല. 2017 മുതൽ 2020 വരെ ട്രംപ് ഭരണകാലത്ത് യു.എസിന്റെ സാമ്പത്തിക വളർച്ച ഏകദേശം 1.4 ശതമാനമായിരുന്നു. പ്രധാന വ്യാപാര പങ്കാളികളുമായുള്ള നികുതി യുദ്ധത്തിൽ വീണ്ടും യു.എസ് ഇത്തരത്തിൽ മുരടിച്ച സാമ്പത്തിക വളർച്ച അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പുതിയ പ്രതീക്ഷകൾ

പുതിയ വിപണികളിലേക്ക് വ്യാപാരം വർധിപ്പിക്കുന്നതിലൂടെ യു.എസ് പകരച്ചുങ്കത്തിന്റെ ആഘാതം കുറക്കാനാണ് ഇന്ത്യയുടെ നീക്കം. ഓസ്ട്രേലിയ, യു.എ.ഇ, യു.കെ എന്നിവയുമായി നിലവിൽ രാജ്യത്തിന് സ്വതന്ത്ര വ്യാപാര കരാറുകളുണ്ട്. യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇതിനർത്ഥം, രാജ്യത്തിന് പുതിയ വിപണികളിലേക്ക് കയറ്റുമതികൾ വഴിതിരിച്ചുവിടാനുളള അവസരമുണ്ടെന്നാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.