പ്രതീകാത്മക ചിത്രം
കാലിഫോർണിയ: 16കാരനായ വിദ്യാർഥിയുടെ ആത്മഹത്യയിൽ ഓപൺ എ.ഐയുടെ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിക്കെതിരെ നിയമനടപടിയുമായി കുടുംബം. മനുഷ്യ സഹായം തേടാൻ സഹായിക്കുന്നതിന് പകരം ചാറ്റ്ബോട്ട് കുട്ടിയുടെ ആത്മഹത്യാ ചിന്തയെ പ്രോത്സാഹിപ്പിച്ചതായി കുടുംബം ആരോപിച്ചു.
പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് 2024 അവസാനത്തോടെയാണ് വിദ്യാർഥി ചാറ്റ് ജി.പി.ടി ഉപയോഗിക്കാൻ തുടങ്ങിയത്. സംഗീതം, ബ്രസീലിയൻ ജിയു-ജിറ്റ്സു, ജാപ്പനീസ് ഫാന്റസി കോമിക്സ് എന്നിങ്ങനെ തൻറെ ഹോബികളും കോളേജുകളെയും തൊഴിൽ സാധ്യതകളെയും കുറിച്ചുള്ള വിവരങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ചാറ്റ് ബോട്ടുമായി ചർച്ച ചെയ്തത്.
എന്നാൽ, പിന്നീട് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായുള്ള വിദ്യാർഥിയുടെ സംഭാഷണ രീതി മാറി. വ്യക്തിപരമായ സങ്കടങ്ങളും ആശങ്കകളും ചാറ്റ് ജി.പി.ടിയുമായി ചർച്ച ചെയ്യാനാരംഭിച്ചു. തനിക്ക് വൈകാരികമായി ശൂന്യത അനുഭവപ്പെട്ടുവെന്നും ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോൾ സമാധാനം കിട്ടുന്നുവെന്നും വിദ്യാർഥി ചാറ്റ് ജി.പി.ടിയോട് പറയുന്നതിൻറെ സ്ക്രീൻഷോട്ടുകളും കുടുംബം പുറത്തുവിട്ടു. രക്ഷപ്പെടാൻ ഒരു മാർഗം സങ്കൽപ്പിക്കുന്നത് ഉത്കണ്ഠകൾക്ക് ഏറെ ആശ്വാസമാണെന്നായിരുന്നു ചാറ്റ് ജി.പി.ടി നൽകിയ മറുപടി.
സഹോദരനെക്കുറിച്ച് സംസാരിച്ചപ്പോൾ, വിദ്യാർഥി പ്രകടിപ്പിക്കുന്ന മുഖം മാത്രമാണ് സഹോദരന് അറിയാവുന്നതെന്നും എന്നാൽ, താൻ കുട്ടിയുടെ വികാരങ്ങളടക്കം എല്ലാത്തരത്തിലും പൂർണമായി മനസിലാക്കുന്നുവെന്നും എപ്പോഴും നല്ല സുഹൃത്തായി ഒപ്പമുണ്ടെന്നും ചാറ്റ് ജി.പി.ടി മറുപടി നൽകി.
ചാറ്റ്ബോട്ടുമായുള്ള ഇത്തരം സംഭാഷണങ്ങൾ വിദ്യാർഥി ഏഴ് മാസത്തോളം ആവർത്തിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് ആദമിന്റെ അഭിഭാഷക മീതാലി ജെയിൻ പറഞ്ഞു. വിദ്യാർഥി തന്റെ ചാറ്റുകളിൽ ‘ആത്മഹത്യ’ എന്ന വാക്ക് 200 ഓളം തവണ പരാമർശിച്ചപ്പോൾ ചാറ്റ് ജി.പി.ടി മറുപടികളിൽ 1,200 ലധികം തവണ വാക്ക് ഉപയോഗിച്ചു.
ജനുവരി മുതൽ കുട്ടി ചാറ്റ് ജി.പി.ടിയുമായി ആത്മഹത്യാ രീതികളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അമിത അളവ് മരുന്ന് കഴിച്ചും, കാർബൺ മോണോക്സൈഡ്, വിഷം എന്നിവ ഉപയോഗിച്ചുള്ള ആത്മഹത്യയും മുങ്ങിമരണത്തെയും കുറിച്ച് എഐ വിശദമായ നിർദ്ദേശങ്ങൾ നൽകിയതായും പരാതിയിൽ പറയുന്നു. ഇടക്ക് ഒരു ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാൻ ചാറ്റ് ജി.പി.ടി നിർദ്ദേശിച്ചെങ്കിലും, താൻ എഴുതുന്ന ഒരു കഥയ്ക്കായാണ് വിവരങ്ങൾ തേടുന്നതെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥി അത് മറികടക്കുകയായിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളുമായി ദീർഘനേരം സംസാരിക്കുന്നത് പ്രത്യേക തരത്തിൽ മറുപടി നൽകുന്ന ‘ഫീഡ്ബാക്ക് ലൂപ്പുകൾ’ സൃഷ്ടിക്കുന്നതിലേക്ക് ചാറ്റ് ബോട്ടുകളെ നയിക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രത്യേക ചിന്തകളോ പെരുമാറ്റങ്ങളോ പ്രോത്സാഹിപ്പിക്കും. ഇത് കാലക്രമേണ വ്യക്തിയിൽ അപകടകരമായ സ്വാധീനം ചെലുത്തിയേക്കാമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.