പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദമ്പതികൾ സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കി ഡൽഹി ഹൈകോടതി. പ്രതിയായ യുവാവും ഇരയായ യുവതിയും വിവാഹിതരായി കുടുംബമായി ജീവിക്കുകയാണ്. ഈ സാഹചര്യത്തിൽ ദമ്പതികളെ ക്രിമിനൽ വിചാരണക്ക്‍ വിധേയമാക്കുന്നത് ഗുണം ചെയ്യില്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ഗിരിഷ് കത്പാലിയ നിരീക്ഷിച്ചു.
പോക്സോ നിയമപ്രകാരവും ബലാത്സംഗ കുറ്റവും ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആണ് കോടതി റദ്ദാക്കിയത്. കേസിൽ യുവതിയെ കേട്ട ശേഷമായിരുന്നു ജസ്റ്റിസ് കത്പാലിയയുടെ വിധി. ഇരുവരുമായും താൻ ഹിന്ദിയിൽ സംസാരിച്ചതായി ജസ്റ്റിസ് കത്പാലിയ പറഞ്ഞു. ഇരുവരും കുടുംബമായി സന്തോഷമായി ജീവിക്കുകയാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിചാരണയുമായി മുന്നോട്ടുപോകുന്നതിലുള്ള വിഷമവും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഫ്.ഐ.ആർ റദ്ദാക്കുന്നതെന്നും ജസ്റ്റിസ് കത്പാലിയ വിശദീകരിച്ചു.
2019ലാണ് കേസിനാസ്പദമായ സംഭവം. 17 വയസും 10 മാസവും പ്രായമുള്ള യുവതി യുവാവുമായി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയാവുകയുമായിരുന്നു. യുവതി ചികിത്സ തേടിയെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചതോടെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.