ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്.ഐ.ആർ) വിവാദത്തിലായ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, ജനപിന്തുണ തേടിയുള്ള കാമ്പയിൻ ആരംഭിച്ചു. വോട്ടർ പട്ടിക പരിഷ്കരണം ശരിയെന്ന് തോന്നിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചാണ് കാമ്പയിൻ. മരിച്ച വ്യക്തികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഇല്ലാതാക്കണമോ എന്നും വോട്ടർപട്ടിക പരിഷ്കരിക്കണമോ എന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ആദ്യ ചോദ്യം.
രണ്ടോ അതിൽ കൂടുതലോ സ്ഥലങ്ങളിൽ വോട്ടർ പട്ടികയിലുള്ളവരുടെ പേര് നീക്കണമോ എന്നും മറ്റെവിടേക്കോ കുടിയേറിപ്പോയവരുടെ പേരുകളും നീക്കം ചെയ്യണമോ എന്നാണ് മറ്റൊരു ചോദ്യം. വോട്ടർ പട്ടികയിൽ പേരുകളുള്ള വിദേശ പൗരന്മാരുടെ പേരുകൾ ഇല്ലാതാക്കണമോ എന്നാണ് അടുത്ത ചോദ്യം. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, വേണമെന്നാണെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ടർ പട്ടിക പരിഷ്കരണം വിജയകരമാക്കാൻ മുന്നോട്ടുവരണമെന്നും കമീഷൻ അഭ്യർഥിച്ചു.
ഈ വിഷയത്തിൽ സുപ്രീംകോടതി നിർദേശമുണ്ടായിട്ടും രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തം ഉണ്ടാകുന്നില്ലെന്ന് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. ബിഹാറിൽ 12 അംഗീകൃത പാർട്ടികൾക്ക് സംസ്ഥാനത്തുടനീളം 1.61 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർ ഉണ്ടായിട്ടും ഇതുവരെ പാർട്ടികളിൽ നിന്ന് 10 എതിർപ്പുകൾ മാത്രമേ ഫയൽ ചെയ്തിട്ടുള്ളു. നിലവിലെ പുനരവലോകന പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കെ, യോഗ്യതയില്ലാത്ത പേരുകൾ നീക്കുന്നതിനും യോഗ്യമായ പേരുകൾ പട്ടികപ്പെടുത്തുന്നതിനുമായി കൂടുതൽ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ സ്വതന്ത്രവും നീതിപരവുമായ പൂർത്തീകരണം ഉറപ്പാക്കുന്നതിലും തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലും രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതുജനത്തിൽനിന്നുമുള്ള സജീവ സഹകരണം അത്യാവശ്യമാണെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.