ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാകും​; 48 ബില്യൺ ​ഡോളറിന്റെ കയറ്റുമതിയെ ബാധിക്കും, ട്രംപിന്റെ തീരുവ ഇന്ത്യക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് വ്യാപാരസംഘടന

ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ തീരുവ ഇന്ത്യക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് വ്യാപാര സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. ഇന്ത്യയിലെ ആഭ്യന്തര വ്യവസായങ്ങൾക്കാവും ഇത് വലിയ വെല്ലുവിളി ഉയർത്തുക. ടെക്സ്റ്റൈൽ, തുകൽ, ജ്വല്ലറി, ഓട്ടോ ഉൽപന്നങ്ങൾ, കെമിക്കൽസ്, ഫാർമ, സീഫുഡ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് സംഘടനയുടെ ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു.

തീരുവ മൂലം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 35 ശതമാനം വിലക്കയറ്റം യു.എസിൽ ഉണ്ടാവും. 48 ബില്യൺ ഡോളറിന്റെ കയറ്റുമതിയേയും തീരുമാനം ബാധിക്കും. 1.7 ലക്ഷം കോടിയുടെ എൻജിനീയറിങ് ഉൽപന്നങ്ങളുടെ കയറ്റുമതിയാണ് 2024ൽ യു.എസിലേക്ക് ഉണ്ടായത്. 90,000 കോടിയുടെ ജ്വല്ലറി ഉൽപന്നങ്ങളേയും കയറ്റുമതിയും കഴിഞ്ഞ വർഷമുണ്ടായിരുന്നു.

ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ 92,000 കോടിയുടെ കയറ്റുമതിയും യു.എസിലേക്ക് കഴിഞ്ഞ വർഷം നടന്നിരുന്നു. ഇതിനേയും തീരുമാനം ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതേമസയം, ഈ സമ്മർദത്തെ ഇന്ത്യ ഒരിക്കലും ഭയപ്പെടരുത്. ഇന്ത്യക്ക് പുതിയ മാർക്കറ്റുകൾ കണ്ടെത്താൻ സാധിക്കും. ജർമനി,യു.കെ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ എൻജിനീയറിങ് ഉൽപന്നങ്ങളുടെ ഡിമാൻഡ് വർധിക്കുകയാണ്. ഇത് മുതലെടുക്കാൻ ഇന്ത്യക്ക് സാധിക്കും. യു.എസ് എയർക്രാഫ്റ്റ്, കെമിക്കൽസ്, മെറ്റൽസ്, മിനറൽസ്, പ്ലാസ്റ്റിക് എന്നിവയു​ടെ ഇറക്കുമതി കുറക്കണമെന്നും ​ബ്രിജേഷ് ഗോയൽ ആവശ്യപ്പെട്ടു.

ട്രംപിന്റെ അധിക തീരുവ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കയറ്റി അയക്കുന്ന 66 ശതമാനം ഉൽപ്പന്നങ്ങളെ ബാധിക്കും; അവസരം മുതലെടുക്കാൻ ചൈനയും വിയറ്റ്നാമും മെക്സിക്കോയും

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ നാളെ നിലവിൽ വരും. ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കയറ്റിയയക്കുന്ന 66 ശതമാനം ഉൽപ്പന്നങ്ങളെ ഈ അധിക തീരുവ ബാധിക്കും.

ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഈ അധിക തീരുവ. ട്രംപിന്റെ മുൻ പ്രഖ്യാപനം പോലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവയാണ് ട്രംപ് ചുമത്തിയത്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അനുബന്ധ നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ രൂപ രേഖ കഴിഞ്ഞ ദിവസം യു.എസ് ഭരണകൂടം പുറത്തിറക്കിയിരുന്നു. ആഗസ്റ്റ് 27 മുതൽ അധിക തീരുവ പ്രാബല്യത്തിൽവരുമെന്നാണ് കരടിൽ പറയുന്നത്.

ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ് റിപ്പോർട്ട് പ്രകാരം ഈ അധിക തീരുവ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന 60.2 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളെ ബാധിക്കും. അതിൽ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പരവതാനികൾ, ഫർണിച്ചർ, ചെമ്മീൻ എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല വലിയൊരു അളവിൽ തൊഴിൽ നഷ്ടത്തിനും ഇത് ഇടയാക്കും. ആഗോളവിതരണ ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് ഗണ്യമായി കുറക്കും. ചൈന, വിയറ്റ്നാം, മെക്സിക്കോ, തുർക്കി, പാകിസ്താൻ, നേപ്പാൾ, ഗ്വാട്ടിമാല, കെനിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും തീരുവ പരിഷ്കരണങ്ങൾക്ക് ശേഷവും ദീർഘകാല വിപണി നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ടെന്നും ജി.ടി.ആർ.ഐ പറയുന്നു. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീൻ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ്, പരവതാനി, വസ്‍ത്രങ്ങൾ, ഡയമണ്ട്, ഗോൾഡ് ആഭരണങ്ങൾ, ഉരുക്ക്, അലൂമിനിയം, ചെമ്പ്, സ്മാർട് ഫോണുകൾ, ഫർണിച്ചറുകൾ, കിടക്കകൾ, കട്ടിലുകൾ എന്നിവയുടെ കയറ്റുമതിയെയാണ് അധിക തീരുവ പ്രധാനമായും ബാധിക്കുക.

ഈ ഇന്ത്യൻ ഉൽപ്പന്നങ്ങൾ അധിക തീരുവ നേരിടുമ്പോൾ, വിപണി പിടിച്ചെടുക്കാനുള്ള ശ്രമവുമായി ചൈന, വിയറ്റ്നാം, മെക്സിക്കോ എന്നീ രാജ്യങ്ങളും രംഗത്തുണ്ട്. ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയുടെ 66 ശതമാനത്തെ അധിക തീരുവ ബാധിക്കും. ഏതാണ്ട് 86.5 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് നടക്കുന്നത്.

ഇത് 2026 ആകുമ്പോഴേക്കും 49.6ബില്യൺഡോളറായി ചുരുങ്ങുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യ, ചൈന, റഷ്യ രാജ്യങ്ങളുടെ ജി.ഡി.പി ഒന്നിച്ചെടുത്താൽ 53.9 ട്രില്യൺ ഡോളർ വരും. ആഗോള സാമ്പത്തിക ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നു വരും ഇത്. 5.09 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതിയാണ് ഈ മൂന്നു രാജ്യങ്ങളും ചേർന്നു നടത്തുന്നത്. അതായത് ലോകത്താകെ നടക്കുന്ന കയറ്റുമതിയുടെ അഞ്ചിലൊന്ന് വരും.

Tags:    
News Summary - US tariff impact: CTI warns lakhs of jobs in danger across sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.