വാലന്‍റിന ഗോമസ്

ഖുർആൻ കത്തിച്ച് റിപ്പബ്ലിക്കൻ വനിത നേതാവിന്‍റെ വിദ്വേഷ പരാമർശം; ടെക്സസിൽ ഇസ്ലാമിനെ ഇല്ലാതാക്കും, മുസ്ലിംകൾ നാടുവിട്ടുപോകണമെന്നും ഭീഷണി

ന്യൂയോർക്ക്: വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ടെക്സസിലെ റിപ്ലബ്ലിക്കൻ വനിതാ നേതാവ്. ടെക്സസിലെ 31ാംമത് കോൺഗ്രഷനൽ ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി കൂടിയായ വാലന്‍റിന ഗോമസാണ് ഖുർആൻ കത്തിച്ചത്.

ടെക്സസിൽ ഇസ്ലാമിനെ ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും മുസ്ലിംകൾ സ്റ്റേറ്റ് വിട്ടുപോകണമെന്നും അവർ ഭീഷണി മുഴക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയിലാണ് വാലന്‍റീനയുടെ വിദ്വേഷ പരാമർശങ്ങളുള്ളത്. മുസ്ലിം സമുദായം ക്രിസ്ത്യൻ രാജ്യങ്ങൾക്ക് വലിയ ഭീഷണിയാകുകയാണെന്നും അവർ വിഡിയോയിൽ പറയുന്നു. ‘നമ്മൾ ഇസ്ലാമിനെ എന്നന്നേക്കുമായി നിയന്ത്രിച്ചില്ലെങ്കിൽ അവർ നിങ്ങളുടെ പെൺമക്കളെ ബലാത്സംഗം ചെയ്യും, നിങ്ങളുടെ ആൺമക്കളുടെ തലവെട്ടും’ എന്ന് പറഞ്ഞുകൊണ്ടാണ് ഖുർആൻ കത്തിക്കുന്നത്.

‘ജീസസ് ക്രൈസ്റ്റ്’ എന്ന് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്. പിന്നാലെ എക്സിലൂടെയും വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ച് വാലന്‍റിന രംഗത്തുവന്നു. ഖുർആൻ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ്. ഒക്ടോബർ ഏഴിലെ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണം, 13 യു.എസ് സൈനികർ കൊല്ലപ്പെട്ട 2021ലെ കാബൂൾ വിമാനത്താവള ബോംബാക്രമണം എന്നിവക്കെല്ലാം കാരണം ഖുർആനാണെന്നാണ് അവർ ആരോപിക്കുന്നത്. തന്‍റെ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുന്നതായും ഒരിക്കലും മുട്ടുമടക്കില്ലെന്നും അവർ വ്യക്തമാക്കി.

വാലന്‍റിനക്കെതിരെ സ്വന്തം പാർട്ടിയിൽനിന്ന് ഉൾപ്പെടെ വ്യാപക വിമർശനമാണ് ഉയരുന്നത്. വാലന്‍റിനയുടെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൗത്യങ്ങൾക്കായുള്ള പ്രതിനിധി റിച്ചാർഡ് ഗ്രെനൽ പ്രതികരിച്ചു.

Tags:    
News Summary - US politician burns Quran, tells Muslims to leave state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.