ലിയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻസിറ്റി: ഗസ്സയിലെ വെടിനിർത്തിലിനായി താൻ യാചിക്കുകയാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിലും പട്ടിണി മൂലവും നിരവധി പേർ മരിക്കുന്നതിനിടെയാണ് സമാധാനത്തിനായി അഭ്യർഥിച്ച് മാർപാപ്പ രംഗത്തെത്തിയിരിക്കുന്നത്.
സുസ്ഥിരമായ വെടിനിർത്തലിനായി താൻ യാചിക്കുകയാണ്. മാനുഷികമായ സഹായം സുഗമമായി ഗസ്സയിലെത്തണം. മനുഷ്യവകാശ നിയമങ്ങൾ പൂർണമായും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകൾക്ക് കൂട്ടത്തോടെ ശിക്ഷ നൽകുന്നത് ഒഴിവാക്കണം. നിർബന്ധിതമായി കൂടിയൊഴിപ്പിക്കുന്നതിൽനിന്നും ഇസ്രായേൽ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വത്തിക്കാനിൽ ഗസ്സയിലെ വെടിനിർത്തൽ ആഹ്വാനം ചെയ്ത് കൊണ്ട് മാർപ്പാപ്പ നടത്തിയ പ്രസംഗം ആളുകളുടെ കരഘോഷം മൂലം രണ്ട് തവണ നിർത്തേണ്ടി വന്നിരുന്നു. മാർപാപ്പയുടെ വാക്കുകൾക്ക് വലിയ പിന്തുണയാണ് വത്തിക്കാനിൽ നിന്നും ഉണ്ടായത്.
അതേസമയം, ഗസ്സ ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവർത്തകർ അടക്കം 20 പേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അൽ മസ്രി, അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് അടക്കം പ്രസ് വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് വാർത്ത നൽകിയിരുന്ന മറിയം അബൂ ദഖ, എൻ.ബി.സി നെറ്റ്വർക്ക് മാധ്യമപ്രവർത്തകൻ മുആസ് അബൂതാഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
മുഹമ്മദ് സലാമ ഫലസ്തീനി മാധ്യമപ്രവർത്തക ഹല അസ്ഫൂറിനെ വിവാഹം ചെയ്തത് കഴിഞ്ഞവർഷം യുദ്ധത്തിനിടയിലാണ്. ഗസ്സയിലെ ആശുപത്രികളിലെ മരുന്നിന്റെയും ചികിത്സ ഉപകരണങ്ങളുടെയും ക്ഷാമവും പ്രയാസങ്ങളും റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ.
ആശുപത്രിക്കുമേൽ നേരിട്ട് ബോംബിടുകയായിരുന്നു. രക്ഷാപ്രവർത്തകരും മറ്റു മാധ്യമപ്രവർത്തകരും ഉൾപ്പെടെ സംഭവസ്ഥലത്ത് എത്തിയപ്പോൾ വീണ്ടും ബോംബിട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ ആശുപത്രിയിലും മറ്റു ആശുപത്രികളിലും ഇസ്രായേൽ മുമ്പ് പലവട്ടം ബോംബിട്ടിട്ടുണ്ട്. ആശുപത്രിയിൽ നടത്തിയ ആക്രമണത്തെ യു.എന്നും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. യുദ്ധം ആരംഭിച്ചശേഷം 274 മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.
ഗസ്സ സിറ്റിയിലെ സൈത്തൂൻ, സബ്റ എന്നിവിടങ്ങളിൽ ഇസ്രായേൽ കനത്ത ആക്രമണം നടത്തി. അതിനിടെ യമനിലെ ഹൂതികൾ കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ യമൻ തലസ്ഥാനമായ സൻആയിൽ വ്യോമാക്രമണം നടത്തി. ആറുപേർ കൊല്ലപ്പെടുകയും 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എണ്ണശുദ്ധീകരണശാലയേയും ഊർജകേന്ദ്രത്തേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹൂതികൾ അറിയിച്ചു. എന്നാൽ, മിലിറ്ററി കോംപ്ലക്സിലെ പ്രസിഡന്റിന്റെ കൊട്ടാരമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേലിന്റെ ഭൂരിപക്ഷം ആക്രമണങ്ങളും പ്രതിരോധിക്കാൻ കഴിഞ്ഞുവെന്ന് ഹൂതികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.