ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ ഇന്നുമുതൽ നടപ്പാക്കാനിരിക്കേ, ട്രംപിന്റെ നാല് ഫോൺ വിളികൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയില്ലെന്ന് ജർമൻ പത്രം ഫ്രാങ്ക്ഫർട്ടർ ആൽഗമൈനെ സെയ്തൂങ്. ഇന്ത്യ-യു.എസ് തർക്കം വിശകലനം ചെയ്ത റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
ട്രംപ് വിളിച്ചത് എന്നാണെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ പതിവ് രീതികളും തന്ത്രങ്ങളുമായ പരാതികൾ, ഭീഷണികൾ, സമ്മർദം എന്നിവ ഇന്ത്യക്ക് മേൽ ഫലിക്കുന്നില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ വ്യാപാരം, നിക്ഷേപം, നിർണായക ധാതുക്കൾ, ഊർജ സുരക്ഷ, സിവിൽ ആണവ സഹകരണം ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ഇന്ത്യയിലെയും യു.എസിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഓൺലൈൻ വഴി ചർച്ച ചെയ്തു. ‘2+2 ഇന്റർസെഷനൽ ഡയലോഗ്’ എന്ന ചട്ടക്കൂടിന് കീഴിലാണ് ചർച്ചകൾ നടന്നത്. പ്രതിരോധ പങ്കാളിത്തത്തിനായുള്ള 10 വർഷത്തെ കരാറിൽ ഒപ്പുവെക്കുന്നതിനൊപ്പം പ്രതിരോധ സഹകരണം വർധിപ്പിക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണ് ഇത്. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയരും. അമേരിക്കൻ സമയം ബുധനാഴ്ച പുലർച്ചെ 12.01ന് ശേഷം അമേരിക്കയിൽ എത്തുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ ബാധകമാവുകയെന്ന് ആഭ്യന്തര സുക്ഷ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതിന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഉൽപന്നങ്ങൾക്കും പിഴത്തീരുവ ബാധകമാകില്ല. ഈ ഉൽപന്നങ്ങൾ സെപ്റ്റംബർ 17ന് മുമ്പ് അമേരിക്കയിൽ എത്തുന്നവയായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.