അസമിൽ ഹിന്ദു-മുസ്‍ലിം സ്ഥലം വിൽപനയിൽ സർക്കാർ ഇടപെടൽ: ഭൂമി കൈമാറ്റത്തിലും മതം തെരയുന്ന ദുരവസ്ഥയിലെത്തി സംഘ്പരിവാർ ഭരിക്കുന്ന ഭാരതം -ഡോ. ജി​ന്റോ ജോൺ

കൊച്ചി: അസമിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ഭൂമി കൈമാറ്റങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് ഡോ. ജി​ന്റോ ജോൺ. ഇന്ത്യയുടെ ഭൂമി ചൈന കൊണ്ടുപോയതിൽ സംഘ്പരിവാറിന് ഒരു സങ്കടവുമില്ലെന്നും അവർ ഭരിക്കുന്ന ഭാരതം ഭൂമി കൈമാറ്റത്തിലും മതം തെരയുന്ന ദുരവസ്ഥയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

അസമിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ മുമ്പ് അതിന്റെ വിശദാംശങ്ങൾ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ‘ഭൂമി കൈമാറ്റം സംബന്ധിച്ച് സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റിന് വിവരം ലഭിച്ചാൽ, പതിവ് പരിശോധനകൾ നടത്തി ഡിസിയുടെ ഓഫിസിലേക്ക് അയക്കണം. ഡിസി ഉടൻ അത് സംസ്ഥാന റവന്യൂ വകുപ്പിന് അയക്കും. റവന്യൂ വകുപ്പിൽ ഇത് പരിശോധിക്കാൻ നോഡൽ ഓഫിസർ ഉണ്ടാകും. അദ്ദേഹം അത് അസം പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചിന് അയക്കും. സ്പെഷ്യൽ ബ്രാഞ്ച് നാല് കാര്യങ്ങൾ പരിശോധിക്കും. നിർബന്ധിച്ചോ നിയമവിരുദ്ധമായോ ആണോ കൈമാറ്റം ചെയ്യുന്നത്, വഞ്ചനയുണ്ടോ എന്നിവയാണ് ഒന്നാമതായി പരിശോധിക്കുക. രണ്ടാമതായി, ഭൂമി വാങ്ങാൻ ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടം കള്ളപ്പണമാണോ എന്ന് പരിശോധിക്കും. മൂന്നാമതായി, പ്രദേശത്തെ സാമൂഹിക ഐക്യത്തെ ഭൂമി ഇടപാട് ബാധിക്കുമോ? ഇത് എന്ത് തരത്തിലുള്ള ഫലമുണ്ടാക്കും. നാലാമതായി, ദേശീയ സുരക്ഷക്ക് ഭീഷണിയാകുമോ എന്നും അപരിശോധിക്കും’ -മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Full View

ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലുള്ള ഭൂമി ഇടപാടുകൾക്ക് മുഖ്യമന്ത്രിയുടെ മുൻകൂർ സമ്മതം ആവശ്യമാണെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്. സംസ്ഥാനത്ത് ഭൂമി വാങ്ങാൻ ശ്രമിക്കുന്ന അസമിന് പുറത്തുള്ള എൻ.ജി.‌ഒകൾക്കും ഇത് ബാധകമാക്കും.‘സംസ്ഥാനത്തെ ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പാക്കാനും മതപരമായ സംഘർഷങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നിയന്ത്രണം. സംസ്ഥാനത്തിന് പുറത്തുള്ള എൻ‌ജി‌ഒകൾക്കും ഇത് ബാധകമാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്ന് ധാരാളം എൻ‌ജി‌ഒകൾ അസമിൽ ഭൂമി വാങ്ങുന്നതും ദേശീയ സുരക്ഷയ്ക്ക് ഹാനികരമായേക്കാവുന്ന പരിപാടികൾ നടത്തുന്നതും ഞങ്ങൾ കാണുന്നുണ്ട്. അസമിലെ എൻ.‌ജി.‌ഒകൾക്ക് ഒരു നടപടിക്രമവും ആവശ്യമില്ല. പക്ഷേ പുറത്തുനിന്നുള്ളവർ വിദ്യാഭ്യാസ സ്ഥാപനം, നഴ്സിങ് കോളജ്, മെഡിക്കൽ കോളജ് എന്നിവ സ്ഥാപിക്കാൻ ഭൂമി വാങ്ങുന്നുണ്ടെങ്കിലും ഇതേ നടപടിക്രമം പാലിക്കണം’ -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - dr jinto john against Inter-religious land transfer police scrutiny in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.