പാലക്കാട്: ബി.ജെ.പി നേതാവ് സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ ഭീഷണി സ്വരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ഭാര്യ മിനി കൃഷ്ണ കുമാർ. കേരള രാഷ്ട്രീയത്തിൽ തകർക്കാൻ പറ്റാത്ത രണ്ട് പേരുകളാണ് സി. കൃഷ്ണകുമാറും കെ. സുരേന്ദ്രനും.
നല്ല മൂർച്ചയുള്ള ആയുധങ്ങൾ വെച്ച് ഒന്ന് വീശിയാൽ രണ്ടായിട്ടേ കാണൂവെന്ന് ഓർക്കുന്നത് നല്ലാതാണ് എന്നായിരുന്നു ഫേസ്ബുക്കിൽ മിനി കൃഷ്ണ കുമാർ കുറിച്ചത്. പാലക്കാട് നഗരസഭ കൗൺസിലറാണ് മിനി കൃഷ്ണകുമാർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കെയും കെ.എസും. നല്ല ഇരുമ്പ് ചൂളയില്‍ കാച്ചി കുറുക്കി എടുത്ത് കനലും കനല്‍കൊണ്ടും തീയേറ്റും പഴുത്തുപാകം വന്ന നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഇതുവെച്ച് ഒന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ട് കാണൂ ഓര്‍ക്കുന്നത് നല്ലതാണ്. ബാലിസ്റ്റിക് മിസൈലുകള്‍ ആയ അഗ്‌നി 5 ഉം, അഗ്‌നി. പി. യും ആകാശ ചരിത്രത്തില്‍ ഉണ്ടെങ്കില്‍ ഇവിടെയും ഇവരെ ഉള്ളൂ പന്നിക്കൂട്ടങ്ങള്‍ ജാഗ്രത'
തനിക്കെതിരായ ലൈംഗിക പീഡന പരാതി സ്വത്തുതർക്കവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് പറഞ്ഞ് കൃഷ്ണകുമാർ തള്ളിയിരുന്നു. പൊലീസ് പരാതി അന്വേഷിച്ച് തള്ളിയതാണ്. കഴമ്പുണ്ടെന്ന് തോന്നിയ പരാതിയിൽ പാർട്ടി നടപടിയെടുത്തിട്ടുണ്ട്. അത്തരത്തിലൊരു പരാതിയിലാണ് സന്ദീപ് വാര്യരെ മാറ്റി നിർത്തിയതെന്നുമാണ് കൃഷ്ണകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. തങ്ങളുടെ കൂടെയുണ്ടായിരുന്ന അസുരവിത്താണ് പരാതിക്ക് പിന്നിലെന്നും കൃഷ്ണ കുമാർ ആരോപിക്കുകയുണ്ടായി.
പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പാലക്കാട്ടുകാരിയായ യുവതി കഴിഞ്ഞ ദിവസം ഇ-മെയിലിൽ പരാതി അയക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പ് ബി.ജെ.പി നേതാക്കളോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫിസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.