പാലക്കാട്: പാലക്കാട് മൂത്താൻതറയിൽ ആർ.എസ്.എസ് ബന്ധമുള്ള സ്കൂൾ കോമ്പൗണ്ടിൽ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. നഗരസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാലക്കാട് നഗരത്തിൽ ആസൂത്രിതമായ സാമുദായിക കലാപം ലക്ഷ്യമിട്ട് സംഘപരിവാർ ആയുധ ശേഖരണം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ നടന്ന ബോംബ് സ്ഫോടനം മറച്ച് വക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നു. ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര, ഗണേശോത്സവം എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എന്ത് നെറികേടും കാണിക്കാൻ ഇവർ മടിക്കില്ല. കേരളത്തെ കലാപഭൂമിയാക്കാൻ സംഘപരിവാറിനെ അനുവദിക്കരുത്’ -സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടു.
സ്കൂൾ കോമ്പൗണ്ടിൽ ബോംബ് പൊട്ടിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാനേജ്മെന്റിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. സ്കൂളിന്റെ എൻ.ഒ.സി റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. എൻ.ഒ.സി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് കത്ത് നൽകും. ഇതിനുള്ള നിർദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിലെ ബോംബ് സ്ഫോടനത്തിൽ ആർ.എസ്.എസിന് പങ്കുണ്ട്. നാല് ബോംബാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്നാണ് പൊട്ടിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബോംബുകൾ സൂക്ഷിച്ചത്. സ്കൂളുകളിൽ ആയുധപരിശീലനം അനുവദിക്കില്ല. സി.ബി.എസ്.ഇ ഉൾപ്പടെ ഏത് സ്കുളിൽ ആയുധപരിശീലനം നടന്നാലും അതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്തറ വ്യാസ വിദ്യാപീഠം സ്കൂൾ വളപ്പിലാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം സ്കൂൾവളപ്പിൽ കളിക്കാനെത്തിയ പത്തു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റിരുന്നു. എക്സ്പ്ലോസീവ്സ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പാലക്കാട് നോർത്ത് പൊലീസ് സ്കൂൾ പരിസരത്തുനിന്ന് കണ്ടെത്തിയ മറ്റു നാലു സ്ഫോടകവസ്തുക്കൾ ബോംബ് സ്ക്വാഡിന് കൈമാറുകയായിരുന്നു.
കണ്ടെടുത്ത പന്തുപോലുള്ള സ്ഫോടകവസ്തുക്കൾ മണൽ നിറച്ച ചാക്കുകളിൽ സൂക്ഷിച്ചശേഷം നിർവീര്യമാക്കാനുള്ള അനുവാദത്തിനായി ബോംബ് സ്ക്വാഡ് കോടതിയെ സമീപിക്കുകയും അനുവാദം ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിർവീര്യമാക്കിയ ശേഷം നൂലുചുറ്റിയ തോട്ടപോലുള്ള സ്ഫോടകവസ്തുക്കളിലെ രാസവസ്തുക്കൾ എന്താണെന്ന് വ്യക്തമാകാനായി ഫോറൻസിക് വിദഗ്ധർക്ക് കൈമാറും.
ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് സ്കൂൾ വളപ്പിൽ കളിക്കാനെത്തിയ നാരായണിന് പന്തുപോലുള്ള സ്ഫോടകവസ്തു കിട്ടിയത്. ഇത് പൊട്ടിത്തെറിച്ച് നാരായൺ (10), ലീല ( 84) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.