ആക്ഷേപ പോസ്റ്റുകൾ ഇട്ട് പലരും എന്‍റെ എഴുത്ത് ജീവിതം ഇല്ലാതാക്കാൻ പലകുറി ശ്രമിച്ചിട്ടുണ്ട്. ഒന്നിനോടും ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ ഇതുവരെ പോയിട്ടുമില്ലെന്ന് നോവലിസ്റ്റ് അഖില്‍ പി. ധര്‍മജന്‍. രണ്ടുമൂന്ന് ദിവസമായി ഞാൻ വലിയ എന്തോ തെറ്റ് ചെയ്തതുപോലെ ആളുകൾ പോസ്റ്റുകൾ ഇടുകയും എന്നെ അതിൽ മെൻഷൻ ചെയ്യുകയും ചെയ്യുന്നുണ്ട്. കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതുകൊണ്ട് ഒരു പരിധിയിൽ കൂടുതൽ എഴുതാനോ പറയാനോ സാധിക്കില്ല. എന്നാലും പറയാൻ കഴിയുന്നവ പരിമിതിക്കുള്ളിൽനിന്ന് പറയാം.
എന്‍റെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിച്ചിട്ട് 10 വർഷം കഴിഞ്ഞു. അന്നുമുതലോ അതിനും എത്രയോ മുൻപ് സോഷ്യൽ മീഡിയയിൽ എഴുതുന്ന കാലം മുതലോ എന്‍റെ എഴുത്തുകൾ പലതരത്തിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനൊന്നും പ്രതികരിക്കാൻ പോകാതെ, വിമർശനത്തിൽ കഴമ്പുണ്ടോ, എഴുത്ത് മെച്ചപ്പെടുത്താൻ എന്തെങ്കിലും കാര്യങ്ങൾ അതിൽ ഉണ്ടോ എന്നൊക്കെയാണ് ഞാൻ നോക്കിയിരുന്നത്. ഓരോ പുസ്തകത്തിലും എഴുത്ത് മെച്ചപ്പെടുത്താൻ പരമാവധി ഞാൻ ശ്രദ്ധിക്കാറുമുണ്ട് അഖില്‍ പി. ധര്‍മജന്‍ പറഞ്ഞു.
ഏറ്റവും അടുത്ത് നടന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വിഷയത്തിൽ ഇപ്പോഴും നടക്കുന്ന ചർച്ചകളും ആക്ഷേപങ്ങളും ഞാൻ കാണുന്നുണ്ട്. അതിൽ വളരെയധികം മോശമായി എന്നെയും എന്‍റെ കുടുംബത്തെയും ആക്ഷേപിച്ച ഒരു എഴുത്തുകാരിക്കെതിരെ ഞാൻ പരാതി നൽകിയതിൽ എന്താണ് തെറ്റെന്ന് എനിക്ക് മനസിലാകുന്നില്ല. എന്നാൽ പിന്നീട് വന്ന പോസ്റ്റുകളും അതിൽ വന്ന കമന്‍റുകൾക്ക് ഇതേ എഴുത്തുകാരി നൽകിയ മറുപടികളും പോസ്റ്റ് വായിച്ച ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ, വിമർശനമാണോ അതോ വ്യക്തിഹത്യയാണോ നടന്നതെന്ന്.
ഇനി മറ്റൊന്ന്, ഗ്രന്ഥകാരൻ പണം കൊടുത്ത് ആളെയിറക്കി എന്നൊക്കെ പലയിടങ്ങളിലും കമന്‍റുകളും കണ്ടു. ഇതൊക്കെ എന്ത് അടിസ്ഥാനത്തിലാണ് അവിടെയും ഇവിടെയും പോയി പറയുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊക്കെ വിട്ടുകളയാം എന്ന് കരുതിയാലും, എത്രയോ ആളുകൾ ഇതിന്‍റെ അടിസ്ഥാനത്തിൽ എന്നെ വിളിച്ച് ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുകയാണ്. എന്‍റെ അച്ഛൻ ഒരു ലോട്ടറി വിൽപ്പനക്കാരനാണ്. പാതിരപ്പള്ളിയിൽ ഒരു ലോട്ടറി തട്ടുമുണ്ട്. മഴയെന്നോ വെയിലെന്നോ ഇല്ലാതെ അദ്ദേഹം ഇപ്പോഴും ലോട്ടറി വിൽക്കുകയാണ്. ഈ നാട്ടിൽ ചുറ്റുവട്ടത്തുള്ള കുറച്ച് ആളുകളിൽ ഒതുങ്ങി നിൽക്കുന്ന, ഇപ്പോഴും അധ്വാനിച്ച് ജീവിക്കുന്ന ഒരു മനുഷ്യനെ ഇതിലേക്ക് വലിച്ചിഴക്കുന്നതും കമന്‍റിട്ട് രസിക്കുന്നതും എന്തുതരം വിനോദമാണ്? ഇതിനെയും പുസ്തക വിമർശനം എന്നാണോ പറയുന്നത്?
ഇല്ലാത്ത കാര്യങ്ങൾ തലയിൽ ചുമക്കാൻ എനിക്ക് പറ്റില്ല. തരംതാണ രീതിയിൽ വിമർശനം എന്നൊക്കെ ലേബലും ഒട്ടിച്ച് ഒരാളെ വ്യക്തിഹത്യ നടത്തിയാൽ നെല്ലും പതിരും മനസിലാക്കാനുള്ള ബോധം മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും ഉണ്ട്. അവർ പ്രതികരിക്കും. അതിന് ആരെങ്കിലും നിർദേശം കൊടുക്കുകയോ പണം കൊടുക്കുകയോ ഒന്നും ചെയ്യേണ്ട. പിന്നെ, ഈ എഴുത്തുകാരിയോട് പൂർവ്വകാല വൈരാഗ്യമുള്ള ആളുകളും ഈ അവസരം വിനിയോഗിച്ച് തരംതാണ ആക്ഷേപങ്ങൾ നടത്താം. അത്തരം ശൈലികളോട് എനിക്ക് യോജിപ്പില്ല.
എനിക്കെതിരെ നടന്ന വ്യക്തിഹത്യക്ക് ഇന്ത്യൻ നിയമവ്യവസ്ഥ എനിക്ക് നീതി നൽകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. പുസ്തക വിമർശനങ്ങൾ എന്നും സ്വാഗതം ചെയ്യുന്നു. മറിച്ച് വ്യക്തിഹത്യയെ അല്ല. ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു. ഈ വിഷയത്തിൽ സ്കൂൾ ഗ്രൗണ്ടിൽ കിടന്ന് കുട്ടികൾ തല്ലുകൂടുംപോലെ കൂടുതൽ സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നും സത്യം ജയിക്കട്ടെ! എന്നാണ് അഖിൽ ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.