മറതി നോവലിന്റെ പുറംചട്ട
ഉളേള്യരി: സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ സ്മരണകൾ ഉണർത്തി ഉള്ള്യേരിപ്പാലം പൊളിക്കൽ സമരത്തിന് 83 വയസ്സ്. ക്വിറ്റിന്ത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസായിരുന്നു ഉള്ള്യേരിയിലെ പാലം പൊളിക്കൽ സമരം. എന്നാൽ ഇതേക്കുറിച്ച് പുതുതലമുറക്ക് ഓർത്തുവെക്കാൻ എഴുത്തിലൂടെ സ്മാരകം തീർക്കുകയാണ് ഡോ. പി. സുരേഷിന്റെ നോവൽ ‘മറതി’.
മലബാറിലെ ഉള്ളിച്ചേരിയെന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥപറയുന്ന നോവലിൽ ചരിത്രവും കഥയും ഭാവനയും ഒത്തുചേർന്നപ്പോൾ ഒരു ഗ്രാമം നയിച്ച പോരാട്ടത്തിന്റെ കഥ പുനർജനിക്കുകയാണ്. 1942 ആഗസ്റ്റ് 19നാണ് സമരപോരാളികൾ ചേർന്ന് അർധരാത്രി പാലം പൊളിച്ചത്. കൽക്കരി ഉണ്ടാക്കാൻ വേണ്ടി ബ്രിട്ടീഷുകാർ വയനാട്ടിൽ നിന്നും നിലമ്പൂരിൽ നിന്നും മുറിക്കുന്ന മരത്തടികൾ ഉള്ള്യേരിയിലൂടെ കൊയിലാണ്ടിയിൽ എത്തിച്ച് റെയിൽവഴിയാണ് തമിഴ്നാട്ടിലെ പോത്തന്നൂരിലേക്ക് കൊണ്ടുപോയിരുന്നത്. ഇത് തടയലായിരുന്നു സമരക്കാരുടെ ലക്ഷ്യം.
അർധരാത്രിയിൽ ഉള്ള്യേരി അങ്ങാടിയിലെ മാതാംതോടിനു കുറുകെയുണ്ടായിരുന്ന മരപ്പാലം പൊളിച്ചാണ് നടുവിലക്കണ്ടി ദാമോദരൻ നായർ ഉൾപ്പെടെയുള്ള പ്രക്ഷോഭകാരികൾ സമരവീര്യം കാട്ടിയത്. പാലം പൊളിച്ച് ഏതാനും സമയത്തിനകം വയനാട്ടിൽ നിന്നും കപ്പയുമായി വന്ന കാളവണ്ടിക്കാരനെ തോടിനക്കരെ കടത്തിവിടാൻ താൽക്കാലിക സംവിധാനം ഒരുക്കിക്കൊടുത്തതും പ്രക്ഷോഭകാരികൾ തന്നെയായിരുന്നു.
ഈ കാളവണ്ടിക്കാരൻ തന്നെ ഒറ്റുകൊടുത്തതിനെ തുടർന്നാണ് പാലം പൊളിച്ചവരെ പൊലീസ് വീടുകൾ വളഞ്ഞ് പിടികൂടിയത്. ഭീകര മർദനത്തിനിരയായ ഇവർ ബെല്ലാരിയിലെ ആലിപ്പൂർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്തു. പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയാവുകയും എന്നാൽ ചരിത്രത്തിൽ ഇടംനേടാൻ കഴിയാതെ പോവുകയും ചെയ്ത പടച്ചോൻ തെയ്യോൻ എന്ന കഥാപാത്രത്തിലൂടെ ആരംഭിക്കുന്ന നോവലിൽ ജീവിച്ചിരുന്നവരും അല്ലാത്തവരുമായ കഥാപാത്രങ്ങളും സംഭവങ്ങളും നിറഞ്ഞുനിൽക്കുന്നു. ജന്മിത്തവും ജാതീയതയും നിറഞ്ഞാടിയ ഭൂതകാലം നോവലിൽ വരച്ചു കാണിക്കുന്നുണ്ട്. അതേസമയം എട്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രക്ഷോഭത്തിന്റെ ഒരു സ്മാരകം പോലും ഇവിടെ ഉയർന്നിട്ടില്ല.
രണ്ടുവർഷം മുമ്പ് സംസ്ഥാനപാത നവീകരണ സമയത്ത് തോടിനു കുറുകെ പുതിയ കോൺക്രീറ്റ് പാലം സ്ഥാപിച്ചിരുന്നു. പാലത്തോട് ചേർന്നുള്ള സ്ഥലത്ത് സ്മാരകം സ്ഥാപിക്കണമെന്ന് ആ സമയത്ത് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. വർത്തമാനകാല രാഷ്ട്രീയം കൂടി ജ്വലിപ്പിച്ചുനിർത്തുന്ന നോവലിൽ പോരാട്ട വീര്യമുള്ള ദേശത്തിന്റെ ചരിത്രം ഭാവനയിലൂടെ പുനരാവിഷ്കരിക്കുകയാണ്.
നമുക്കുമുമ്പേ കടന്നുപോയവർ നിർമിച്ച ചരിത്രത്തിന്റെ വെളിച്ചത്തിലാണ് പുതിയ തലമുറ ജീവിക്കുന്നതെന്നും മരിച്ചവരെ ഓർക്കുക വഴി അവരോടുള്ള കടം വീട്ടലാണ് നോവലെന്നും ഗ്രന്ഥകാരൻ ഡോ. പി. സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.