മുറിവുകൾക്കൊക്കെയും മരുന്നുണ്ട്. പെട്ടെന്നല്ലെങ്കിലും പതുക്കെ കാലം കടന്നുപോകെ അതുണങ്ങിയേക്കും. ഉണങ്ങിക്കൊണ്ടിരിക്കുന്ന ചില്ലകളിലെ ബാക്കിവന്ന പച്ചപ്പുകൾ വസന്തം വരുമ്പോൾ തളിർത്ത് തുള്ളുംപോലെ, മുറിവുകൾക്കകത്തെ മുറിയാത്തിടങ്ങളെ കാലം കണ്ടെത്തി കരുത്തുള്ളതാക്കും. അതോടെ നോവും മധുരമാവും. കവി പാടുംവിധം വേദനകൾ ലഹരിപിടിക്കും വേദനകളാവും. സ്വന്തം മുറിവുകൾ ഉള്ളിൽ മറവുചെയ്യാൻ കഴിയുന്നതുകൊണ്ട് കൂടിയാണ് മനുഷ്യർ ഓരോ മുറിവും മറികടക്കുന്നത്. അങ്ങനെയുള്ള മുറിവുകളിൽ ചിലതാണ് കവിതയും കഥയും സൊറയും നർമവുമായി പലവേഷങ്ങൾ ആടിത്തിമർക്കുന്നത്. എന്നാൽ, മറ്റൊരാളുടെ മരണം മുറിവല്ല, മരുന്നില്ലാത്ത മുറിവാണ്.
സ്വന്തം മരണത്തെ സ്വാഗതം ചെയ്യാൻ കഴിയുംവിധം ആന്തരികമായി അഴിച്ചുപണി നിർവഹിച്ചവർപോലും, സ്വന്തക്കാരുടെ മരണത്തിൽ സ്തംബ്ധരാവും. പക്ഷേ ജീവിതം വേദനയോടെ പതുക്കെ അതിനെ അതിജീവിക്കും. ആവിധമുള്ള അതിജീവന സാധ്യതയെയാണ്, അനുസ്മരണങ്ങൾ അടയാളപ്പെടുത്തുന്നത്. അനുസ്മരണം മരണമെന്ന മുറിവിന് സംസ്കാരം സൃഷ്ടിച്ചൊരു മരുന്നാണ്. ആ മരുന്ന് ആവശ്യാനുസരണം കഴിച്ചുകൊണ്ടാണ്, ജീവിതം അതിെൻറ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത്. ശസ്ത്രക്രിയയും ഔഷധവും തോൽക്കുന്നിടത്ത് ഉൽകൃഷ്ടഭാവഹർഷം വിജയിക്കുന്നതിനെക്കുറിച്ചാണ് വൈലോപ്പിള്ളി കത്തിയും മുരളിയും എന്ന കവിതയിൽ പറയുന്നത്.
സത്യത്തിൽ അനുസ്മരണവും അപ്രകാരമുള്ള ഒരുൽകൃഷ്ട ഭാവഹർഷത്തികവാണ്. വെട്ടിമാറ്റുന്ന കത്തിക്കുപകരം സ്വരങ്ങളെ കൂട്ടിച്ചേർക്കുന്ന ഓടക്കുഴലുകളോടാണ് അനുസ്മരണങ്ങൾക്ക് അടുപ്പം. അതുകൊണ്ടാണ് വിമർശനതീവ്രതയുടെ കത്രികക്കു പകരം, ചിതറിയ നന്മകളെ ചേർത്തുവെക്കുന്ന പ്രശംസയുടെ, തുന്നൽസൂചി അനുസ്മരണത്തിന്റെ ന്യൂക്ലിയസാവുന്നത്. നല്ലത് പറയുന്നതിലൂടെ നന്മ കൈവരിക്കുന്ന ഒരൗന്നത്യത്തിൽവെച്ചാണ്, അനുസ്മരണം സങ്കടങ്ങൾക്കിടയിലും സന്തോഷത്തിന്റെ തുരുത്തുകൾ നിർമിക്കുന്നത്.
മരിച്ചവർക്കല്ല, ജീവിച്ചിരിക്കുന്നവർക്കാണ്, ജീവിക്കേണ്ടതുപോലെ ജീവിക്കാൻ കൊതിക്കുന്നവർക്കാണ് അനുസ്മരണം ആവശ്യമായിട്ടുള്ളത്. അതുകൊണ്ടത് മഹത്വത്തിനുള്ള സ്തുതിയും, അതോടൊപ്പം സ്വന്തത്തോടുള്ള സമരവുമായി വളരേണ്ടതുണ്ട്. കത്തിയാൽ മരുന്നിനാൽ മാറാത്ത നോവും/മാറ്റാനൊത്തിടാം ഒരുൽകൃഷ്ട ഭാവഹർഷത്താൽ മാത്രം എന്നുള്ളത് ഏതർഥത്തിലും അനുസ്മരണങ്ങളുടെയും ആമുഖവാക്യമാവാൻ അർഹതയുള്ളൊരു ഭാവസമൃദ്ധ പദപ്രയോഗമാണ്.
സാനുമാഷ് ക്ലാസ് മുറികളെ നയിച്ചത് വൈലോപ്പിള്ളി ആവിഷ്കരിച്ച അത്തരമൊരു ഉൽകൃഷ്ട ഭാവഹർഷത്തികവിന്റെ, നിർവൃതിയിലേക്കാണ്. പരീക്ഷ കഴിയുന്നതോടെ പുസ്തകം തൂക്കിവിൽക്കുന്ന വിദ്യാർഥികൾക്കും ജോലികിട്ടുന്നതോടെ പഠനം അവസാനിപ്പിക്കുന്ന അധ്യാപകർക്കുമിടയിൽ, സാനുമാഷ് നിരന്തരം പഠിപ്പിക്കുന്ന അധ്യാപകനും അതിലേറെ സ്വയം പഠിക്കുന്ന വിദ്യാർഥിയുമായി മാറി സൃഷ്ടിച്ച മാതൃകയാണ്, ഒരധ്യാപകനെന്ന നിലയിൽ മാഷെ ഓർക്കുമ്പോൾ ആദ്യം ആഘോഷിക്കേണ്ടത്. ചരിത്രം, കവിത, തത്ത്വചിന്ത ഇവ മൂന്നിന്റെയും അദൃശ്യസാന്നിധ്യമാണ്, സാനുമാഷിന്റെ ക്ലാസ്മുറികളെ നാല് ചുമരുകൾക്കിടയിൽനിന്നും പുറത്തേക്ക് നയിച്ചത്.
ശ്രീനാരായണഗുരു മുതൽ കുമാരനാശാൻ വരെയുള്ളവരെക്കുറിച്ചുള്ള ജീവചരിത്രങ്ങളിൽ മാഷ് ആവിഷ്കരിച്ചത്, അഗാധമായ അനുസ്മരണത്തിന്റെ നൈതികതയും സൗന്ദര്യവും അതിന്റെയൊക്കെ ആധാരമായ ചരിത്ര പശ്ചാത്തലവും, അതിനൊപ്പം അസുലഭമായ കാവ്യകടാക്ഷങ്ങളുമാണ്. മലയാളത്തിൽ ഒരേസമയം ക്ലാസ്മുറിക്കും ജീവചരിത്രത്തിനും ജ്വലിക്കുന്നൊരു ജീവിതം നൽകാൻ മാഷിന് കഴിഞ്ഞു. ഇത് രണ്ടും മാഷിൽ സജീവമായി പ്രവർത്തിച്ചത്, അദ്ദേഹം ചരിത്രത്തെ സൂക്ഷ്മമായി പിന്തുടർന്നതുകൊണ്ടാണ്. ചരിത്രബോധത്തിന്റെ സർഗാത്മക പ്രയോഗങ്ങൾ എന്ന നിലയിലാണ്, ക്ലാസും ജീവചരിത്ര രചനകളും കണ്ടുമുട്ടുന്നത്. വിമർശകൻ, പ്രഭാഷകൻ, സംഘാടകൻ, ജനപ്രതിനിധി, പത്രാധിപർ, വിവർത്തകൻ, നോവലിസ്റ്റ്, ബാലസാഹിത്യകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നിങ്ങനെ നാനാതുറകളിൽ വെളിച്ചം വിതറിയ സാനുമാഷിനെ, ക്ലാസ്മുറികൾക്കും ജീവചരിത്രരചനകൾക്കുമിടയിൽ ചുരുക്കാനല്ല, മറിച്ച് മറ്റെല്ലാം പലവഴികളിലൂടെ സഞ്ചരിച്ച് മാഷിൽ എത്തിപ്പെട്ടത് പ്രധാനമായും ജീവചരിത്രത്തിലും ക്ലാസ്മുറികളിലുമാണെന്ന് വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്.
ആരാവാനാണ് ആഗ്രഹം എന്ന സ്കൂളിലെ പതിവ് ചോദ്യത്തിന്, എട്ടാംക്ലാസ് വിദ്യാർഥിയായിരിക്കെ, അന്നത്തെ കൊച്ചുസാനു നൽകിയ മറുപടി അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ എന്ന കുമാരനാശാന്റെ ഈരടിയായിരുന്നുവെന്നുള്ളതും; പിൽക്കാലത്ത് അധ്യാപകനും സാംസ്കാരിക വിമർശകനുമായി വളർന്ന സാനുമാഷിന് ഏറ്റവും പ്രിയപ്പെട്ട, ഊർജപ്രിയവാക്യം തത്ത്വചിന്തകനായ റസ്സലിന്റെ േശ്രഷ്ഠജീവിതത്തെ സംബന്ധിക്കുന്ന, സ്നേഹത്താൽ പ്രചോദിതവും വിജ്ഞാനത്താൽ നിയന്ത്രിതവുമായ ജീവിതം എന്നുള്ളതായിരുന്നുവെന്നുള്ളതും ചേർത്തുവായിക്കുമ്പോൾ, മാഷിന്റെ കുട്ടിക്കാലത്ത് പ്രകടതലത്തിൽ നിലനിന്ന ജാതിമേൽക്കോയ്മയുടെ സൗമ്യവിർശംകൂടി നമുക്കതിൽ വായിക്കാൻ കഴിയും.
ഇപ്പോൾപോലും ക്ലാസ്മുറികളിൽ അപൂർവമായെങ്കിലും അർമാദിക്കുന്നത്, പഴയ നാർസിസിന്റെ പുതിയ േപ്രതങ്ങളാണ്. പഴയ നാർസിസ് ഒരു പക്ഷേ ഇന്നത്തെപ്പോലെ സ്വന്തം പ്രതിബിംബം പ്രതിഫലിപ്പിക്കുന്ന ഒരു നല്ല കണ്ണാടിയില്ലാത്തതുകൊണ്ടാവാം, ജലാശയത്തിൽ സ്വന്തം സൗന്ദര്യം കണ്ട് ഭ്രമിച്ച് മറ്റെല്ലാം മറന്ന് കുഴഞ്ഞ് ആ ജലാശയത്തിൽത്തന്നെ വീണു മരിച്ചുപോയത്. ആത്മവിചാരമില്ലാതെ ആത്മപ്രകാശനക്ഷമതക്ക് പ്രാധാന്യം നൽകാതെ ആത്മരതിയിൽ അവസാനിക്കുന്ന എന്തും ഏതും ഇന്ന് പ്രതിനിധീകരിക്കുന്നത്, നാർസിസ്റ്റിക്ക് പ്രവണതകളെയാണ്. ക്ലാസ്മുറികളിൽ പാഠപുസ്തകരൂപത്തിലാണ് പ്രധാനമായും നാർസിസ് പുനർജനിക്കുന്നത്.
പാഠപുസ്തകത്തെ സ്വാതന്ത്ര്യത്തിലേക്ക് തുറന്ന ഒരു വാതിലായി കാണാതെ, ഒരു തടവറയിലെന്നപോലെ അതിനകത്ത് അകപ്പെടുന്ന അധ്യാപകർ, അതോടെ ആ പാഠപുസ്തകം ഒരു നാർസിസ്റ്റിക് പ്രവണതയുടെ ചുരുക്കെഴുത്തായത് തിരിച്ചറിയുന്നില്ല. സാനുമാഷെപ്പോലുള്ളവർക്ക് ആ തടവറ പൊളിക്കാൻ കഴിഞ്ഞതുകൊണ്ടാണ്, വിശാലമായ വായനാ സംസ്കാരത്തെ അവർക്ക് ക്ലാസ് മുറിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. അതുകൊണ്ടാണ് സാനുമാഷിനെ മഹാരാജാസ് കോളജിന്റെ മാഷ് എന്നതിനപ്പുറം, മലയാളത്തിന്റെ സ്വന്തം മാഷ് എന്ന് കാലം അഭിമാനത്തോടെ സംബോധന ചെയ്യുന്നത്. പാഠപുസ്തകം, പരീക്ഷ എന്നിവ പ്രാഥമികവും വിമർശനം, കാരുണ്യം, അന്വേഷണാത്മക മാനസികാവസ്ഥ എന്നിവ പ്രധാനവുമാണെന്നാണ് സാനുമാഷ് ക്ലാസ് മുറികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്.
സ്വപ്നങ്ങൾക്ക് നിറം പകരാത്ത, മനുഷ്യബന്ധങ്ങളെ അഗാധമാക്കാത്ത, സ്വന്തം കാലത്തിന് അഭിമുഖമാവാത്ത, വിമോചനവീര്യത്തിന്റെ കനലെരിയാത്ത പഠനസമ്പ്രദായങ്ങളോടാണ് അദ്ദേഹം നിരന്തരം കലഹിച്ചുകൊണ്ടിരുന്നത്. നാർസിസ് എന്ന തന്നെപ്പോറ്റി, ആരും പ്രത്യേകം ഭക്ഷണം നൽകാതെതന്നെ കൊഴുക്കുകയും, ജനായത്തം എത്ര ജാഗ്രത പുലർത്തിയിട്ടും അന്യജീവനുതകി സ്വജീവിതം സമർപ്പിച്ച േപ്രാമിത്തിയൂസ് ക്ഷീണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്, ക്ലാസ്മുറികളെ അന്വേഷണ വേദികളാക്കി മാറ്റിയ സാനുമാഷെപ്പോലുള്ളവർ, അധ്യാപനത്തിന്റെ മികച്ച മാതൃകകളാവുന്നത്. പ്രഭാഷണത്തിലും എഴുത്തിലും മാഷ് പിന്തുടരാൻ ശ്രമിച്ചത്, മർദകാധികാര സ്ഥാപനങ്ങളോടെതിരിട്ട േപ്രാമിത്തിയൂസിനെയാണ്. ആയൊരു ശ്രമം എത്രമാത്രം വിജയിച്ചു, വിജയിച്ചില്ല എന്നുള്ളത്, വിജയിച്ചത് എവിടെ, വേണ്ടത്ര വിജയിക്കാതെ പോയത് എവിടെ, എങ്കിൽ എന്തുകൊണ്ട്, എന്നുള്ളതെല്ലാം അന്വേഷണത്തിലേക്ക് കടക്കുമ്പോഴുള്ള, വിഷയങ്ങളാണ്.
അമ്പലനടയിൽ ധാരാളംപേർ കൂടിനിൽക്കുന്നു. അമ്പലത്തിനുള്ളിലേക്ക് ആളുകൾ പോവുകയും ഉള്ളിൽനിന്നും പുറത്തുവരുകയും ചെയ്യുന്നു. അതുകണ്ടപ്പോൾ ഒരു സംശയം എന്റെ കൊച്ചുമനസ്സിൽ നാളംപോലെ ഉയർന്നു. അമ്മയും ഞാനും അമ്പലത്തിനടുത്തുപോകാതെ അകന്നു നിന്നതെന്തുകൊണ്ട്? അമ്മയോട് ഞാൻ ചോദിച്ചു. എല്ലാവരും അമ്പലത്തിനടുത്തു പോകുന്നല്ലോ. അകത്തും പോകുന്നു. നമ്മളെന്താണിങ്ങനെ അകന്നുനിൽക്കുന്നത്. കാരണമെന്തെന്ന് അമ്മ പറഞ്ഞുതന്നു. അമ്മയുടെ ഉത്തരം എനിക്കു തൃപ്തി നൽകിയില്ല. നമുക്ക് അമ്പലത്തിനടുത്ത് പോകാൻ പാടില്ലാത്തതെന്തുകൊണ്ടാണെന്ന് അമ്മ പറഞ്ഞില്ലല്ലോ. അതേപ്പറ്റി ഞാൻ വീണ്ടും ചോദിച്ചു. അതാണ് ആചാരം എന്നുമാത്രമേ അമ്മ പറഞ്ഞുള്ളു. ആചാരം-എന്താണത്? ആ സംശയത്തിനുള്ള ഉത്തരം നൽകാൻ അമ്മ തുനിഞ്ഞതേയില്ല(കർമ്മഗതി).
സാനുമാഷിന്റെ കർമ്മഗതി എന്ന ആത്മകഥയിലെ താക്കോൽ വാക്യങ്ങളിൽ, ഒന്നായ ഈയൊരു ആചാരത്തിനെതിരായാണ്, സൗമ്യമായ രീതിയിൽ അദ്ദേഹം പ്രതികരിച്ചത്. എഴുത്തും വായനയും പ്രഭാഷണവും സംഘാടനവും അതിനുവേണ്ടിയാണ് സ്വജീവിതത്തിൽ അദ്ദേഹം പരിമിതികളോടെ ക്രമപ്പെടുത്തിയത്. ജീവചരിത്രവും ക്ലാസ്മുറിയും ആ അർഥത്തിലാണ് സമരവേദികൾ കൂടിയായി മാറിയത്.
എന്നാലപ്പോഴും തന്നെപ്പോലുള്ള എത്രയെത്രയോ മനുഷ്യരുടെ ജീവിതത്തെ കളങ്കപ്പെടുത്തിയ ജാതിമേൽക്കോയ്മയെ, സാങ്കൽപികമായെങ്കിലും മറിച്ചിടും വിധത്തിൽ കുതറുകയും കലഹിക്കുകയും ചെയ്യേണ്ടിയിരുന്നൊരു ഭാഷ, അദ്ദേഹം വികസിപ്പിച്ച സൗമ്യതകൾക്കിടയിൽ കുറേയൊക്കെ നിസ്സഹായമായിത്തീരുകയാണുണ്ടായത്. മധുരം, ദീപ്തം ,സൗമ്യം എന്നീ പ്രകാരമുള്ള വിശേഷണങ്ങളിലെ വ്യക്തിമാഹാത്മ്യം നമ്മെ ഉന്മത്തരാക്കുമ്പോഴും, ഉന്മൂലനം ചെയ്യപ്പെടേണ്ടൊരു വ്യവസ്ഥക്കു മുന്നിൽ അതെന്തുകൊണ്ട് വിനീതമായി എന്നത് വിചാരണ നേരിടും. ക്ലാസ് മുറികളെ വിസ്തൃതപ്പെടുത്തിയ, കൃപയെ പരമോന്നത ആദർശമാക്കിയ, മഹത്വത്തിനുമുന്നിൽ നിവർന്നുനിന്ന് അഭിവാദ്യങ്ങളർപ്പിച്ച, മലയാളത്തിന്റെ സ്വന്തം മാഷ്, അറുത്തുമുറിക്കുന്ന അപഗ്രഥനത്തേക്കാൾ ആസ്വാദനത്തിന് പ്രാധാന്യം കൽപിച്ചതുകൊണ്ടാവാം, അധികാര വ്യവസ്ഥകളെ അസ്വസ്ഥപ്പെടുത്തുമ്പോഴും, അതിനെ കീഴ്മേൽ മറിക്കുംവിധമുള്ളൊരു കരുത്തിലേക്ക്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കുതിക്കാതിരുന്നത്. സാനുമാഷിന്റെ പ്രചോദനകേന്ദ്രം ശ്രീനാരായണ ഗുരുവാണ്.
ഗുരുവിന്റെ കൃതികളിലൂടെ മാഷ് നിർവഹിച്ച യാത്ര തീർത്തും ഹൃദയസ്പർശിയാണ്. അതേസമയം ഗുരുവിലാളിയ തീ ആവിധം, ശ്രീനാരായണ ഗുരുസ്വാമി എന്ന കൃതിയിൽ ആവിഷ്കൃതമായോ എന്നതിൽ തീർപ്പില്ല. ഗുരു സത്യത്തിൽ പുതുവഴി വെട്ടിയ ആത്മീയ–ഭൗതിക പ്രക്ഷോഭ പ്രതിഭയാണ്. ആ സമരവഴിയെ വെളിച്ചത്തിന്റെ വഴി മാത്രമായി വായിച്ചാൽ മതിയാവില്ല. ഗുരുവിന്റെ സൗമ്യതയിൽ തീനാളം കിനാവ് കണ്ടുറങ്ങുന്ന കതിനയുടെ സ്ഫോടനശക്തിയുണ്ടായിരുന്നു. സാനുമാഷിലെത്തുമ്പോൾ ആ ശക്തി കുറയുന്നതായാണ് വായനയിൽ അനുഭവം. അപ്പോഴും നവോത്ഥാന ആശയപ്രചാരണത്തിനും, ആശാൻ വായനയുടെ വ്യക്തതക്കും, കൃതികളുടെ സൗന്ദര്യാത്മക അടരുകളുടെ മനോഹാരിതകളുടെ അവതരണത്തിനും, മലയാളത്തിലെ മികച്ച റെഡിറഫറൻസ് ഗ്രന്ഥങ്ങളിൽ ഇപ്പോഴും നമുക്ക് മുന്നിലുള്ളത് ആ വകുപ്പിലുള്ള സാനുമാഷിന്റെ ശ്രദ്ധേയമായ ആവിഷ്കാരങ്ങളാണ്.
കൃതികളുടെ സങ്കീർണതകളെ ചരിത്രങ്ങളിലേക്ക് തുറക്കുന്നതിനുപകരം, ഗ്രന്ഥകർത്താവിലേക്ക് ചുരുക്കുന്ന പ്രവണതയാണ് പൊതുവിൽ ജീവചരിത്ര വിമർശനങ്ങളിൽ പുലർന്നതെങ്കിൽ; അതിനെ ആ പരിമിതിയിൽനിന്നും ഒരു പരിധിവരെ വിമോചിപ്പിക്കാൻ മാഷിന്റെ ഇടപെടലുകൾ സഹായകമായിട്ടുണ്ട്. മതനിരപേക്ഷ കാഴ്ചപ്പാടിന്റെ കൊടി ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ചൊരു പ്രതിഭാശാലിയെന്ന നിലയിൽ സാനുമാഷിന്റെ ജീവിതം നമ്മോടാവശ്യപ്പെടുന്നത്, കേവല അനുസ്മരണങ്ങളിൽ അഭിരമിക്കാനല്ല, കീറിമുറിക്കുന്ന അന്വേഷണങ്ങളിലേക്ക് കുതിക്കാനാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.