മാഷിന്റെ വാക്കുകൾ ജീവിതത്തിന്റെ പല ഏടുകൾ അറിഞ്ഞതിന്റെ തെളിവാണ്. ആഗസ്റ്റ് രണ്ടിന് വൈകീട്ട് മാഷ് നമ്മെ വിട്ടുപോയി. സമ്പൂർണ വിശ്രമത്തിലേക്ക്...
എറണാകുളത്തെ സന്ധ്യയെന്ന വീട്ടിൽ വിശ്രമമെന്തെന്ന് അറിയാത്ത ഒരാളുണ്ടായിരുന്നു. അതാണ്, പ്രഫ. എം.കെ. സാനു. അറിഞ്ഞവർക്കെല്ലാം സാനുമാഷ്. ബഹുമുഖ പ്രതിഭ എന്ന വിശേഷണം അക്ഷരാർഥത്തിൽ ചേർന്നുനിൽക്കുന്ന ഒരാൾ. മുമ്പ് വാരാദ്യമാധ്യമത്തിനുവേണ്ടി സംസാരിച്ച് കൊണ്ടിരിക്കവെ, മാഷോട് ചോദിച്ചു. ഒമ്പതരപ്പതിറ്റാണ്ട് കേരളീയ സാംസ്കാരിക ജീവിതത്തെ നോക്കിക്കണ്ടു, ഇടപെട്ടു, മലയാളിയെ അറിഞ്ഞു. ഈ വേളയിൽ കേരളീയരുടെ സാമൂഹിക ജീവിതത്തിന് മാഷ് എത്ര മാർക്ക് നൽകും? ഉടൻ ഉത്തരം പറഞ്ഞു. ‘ഒരിക്കലും കേരളീയ സമൂഹ ജീവിതത്തിന് ജയിക്കാനുള്ള മാർക്ക് നൽകാനാവില്ലെന്ന്... ഞാനെപ്പോഴും ചിന്തിക്കുന്ന ഒന്നാണിത്. ഇത്, ഏതെങ്കിലും ഭരണകൂടത്തെ വിലയിരുത്തലല്ല. മറിച്ച് നമ്മുടെ സാമൂഹിക ജീവിതം അത്രമേൽ പ്രതീക്ഷ നൽകുന്ന ഒന്നല്ല.
മനുഷ്യനെ മനുഷ്യനാക്കുന്ന ചില ഗുണങ്ങൾ ഉണ്ടല്ലോ, അതിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകാനാവില്ല. ഇൗയടുത്തുവന്ന വാർത്ത മാത്രം മതി, ചുറ്റും ക്രൂരതയാണ്. വന്ദനയെന്ന ഡോക്ടറെ മനോരോഗി കുത്തിക്കൊന്നു. അമ്മയെ ബലാത്സംഗം ചെയ്ത മകനെ ശിക്ഷിച്ച വാർത്ത വായിച്ചതും അടുത്തിടെയാണ്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് നിരന്തരം ചിന്തിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് ആദ്യകാലത്ത് ഉണ്ടായിരുന്ന ആത്മീയമായ ഔന്നത്യം നഷ്ടപ്പെട്ടതുതന്നെയാണെന്നാണ്. എന്ത് പ്രയാസം ഉണ്ടായാലും ചിരിച്ചുകൊണ്ടുള്ള പടമാണ് നാം എടുക്കാറുള്ളത്. ഇൗ പ്രവണത, ജീവിതം എന്തോ ഉല്ലാസപ്രദമാണെന്ന ധാരണ ഉണ്ടാക്കിയിരിക്കുകയാണ്...’ മാഷിന്റെ വാക്കുകൾ ജീവിതത്തിന്റെ പല ഏടുകൾ അറിഞ്ഞതിന്റെ തെളിവാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൈകീട്ട് മാഷ് നമ്മെ വിട്ടുപോയി. സമ്പൂർണ വിശ്രമത്തിലേക്ക്...
മാഷിന്റെ സന്ദേഹങ്ങൾ
മഹാഭാരതത്തിൽ യക്ഷന് ധർമപുത്രരോട് ചോദിച്ചതിനെക്കുറിച്ച് മാഷ് പലപ്പോഴും വാചാലനാകുമായിരുന്നു. ജീവിതത്തിൽ ഏറ്റവും വലിയ അദ്ഭുതം ഏതെന്നാണ് ആ ചോദ്യം.
മരിക്കുമെന്നത് തീർച്ചയാണെങ്കിലും അത് മറന്ന് കൊണ്ട് ജീവിതവിനോദങ്ങൾക്ക് പിന്നാലെയുള്ള പരക്കംപായലാണെന്ന് മറുപടി. മരണത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ കുറേക്കൂടി ചുമതലബോധത്തോടെ കാര്യങ്ങൾ ചെയ്യും, ചെയ്യണം. മരണം കൊണ്ട് ജീവിതം അവസാനിക്കുന്നില്ലെന്നും എനിക്ക് തോന്നാറുണ്ട്. മനുഷ്യസ്വഭാവത്തിൽ ചെറിയതോതിൽ പാപങ്ങൾ ഉണ്ട്. അതില്ലാതെ മുന്നോട്ട് പോകണം. നാം ചെയ്യുന്ന പാപങ്ങൾക്കും നന്മകൾക്കും അനന്തരഫലങ്ങൾ ഉണ്ടാകും. എന്നാൽ, കൊടിയ പാപികൾ വലിയ ലൗകിക സുഖം അനുഭവിക്കുന്നതായി കാണുന്നു. ഇതേക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഞാനും മരണാനന്തര ജീവിതത്തെക്കുറിച്ചും മറ്റും ചർച്ച ചെയ്തിരുന്നു. ഒരിക്കൽ എന്നോട് പറഞ്ഞു, മരണശേഷം എന്തു സംഭവിക്കുന്നുവെന്ന് മാഷോട് വന്നു പറയാമെന്ന്. പക്ഷേ, വർഷങ്ങൾ കഴിഞ്ഞു. ഇന്നുവരെ ആ വിവരം സ്വാമി (കൃഷ്ണയ്യർ) വന്നു പറഞ്ഞിട്ടില്ല. ഇതും പറഞ്ഞ്, മാഷ് ചിരിച്ചു...
‘അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ’ എന്ന കുമാരനാശാന്റെ വരികൾ മാഷിന് ഏറെ പ്രിയമായിരുന്നു. അതേ, മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുകയായിരുന്നു നാളിത്രയും ഈ ജ്ഞാന സൂര്യൻ.
ചിന്തയുടെ സാനു
സാനുവെന്നാൽ സൂര്യൻ, വിദ്വാൻ, പർവതശിഖരം എന്നെല്ലാമാണ് അർഥം. പിതാവ് എം.സി. കേശവൻ അറിഞ്ഞിട്ട പേരിന് മകൻ ജീവിതം കൊണ്ട് അർഥം നൽകി. അതാണ്, മലയാളി അനുഭവിച്ചറിഞ്ഞത്. മാഷിന്റെ എല്ലാ വാക്കിലും പ്രവൃത്തിയിലും ചിന്തയുടെ ആഴമുണ്ടായിരുന്നു. പ്രിയപ്പെട്ട ഡയറിലെഴുതിയ ദിനക്കുറിപ്പുകൾ ഓരോന്നും വഴി വെളിച്ചമാണ്. ഒടുവിൽ ആശുപത്രിയിൽ പ്രവേശിച്ച ദിവസം മാഷ് എഴുതിയ കുറിപ്പിങ്ങനെ: ‘Error is human and to forgive is devine’ (പിഴവ് മാനുഷികമാണ്, പൊറുക്കുന്നത് ദൈവികമാണ്). പ്രസംഗപീഠത്തിൽനിന്ന് മാഷ് ഊർജം ആവാഹിക്കുന്നതായി പറഞ്ഞവർ ഏറെ. ഏത് വല്ലായ്മക്കിടയിലും പ്രസംഗിക്കാൻ തുടങ്ങിയാൽ എല്ലാം മറക്കും. ചുറുചുറുക്കുള്ള മനുഷ്യനാകും. 97ാം വയസ്സുവരെ അതായിരുന്നു. കഴിഞ്ഞ വർഷമാണ് മോഹൻലാലിനെക്കുറിച്ചൊരു പുസ്തകം എഴുതിയത്. ‘മോഹൻലാൽ അഭിനയകലയിലെ ഇതിഹാസം’ എന്ന പുസ്തകമെഴുതാൻ മൂന്ന് മാസമാണെടുത്തത്. ചെറുതും വലുതുമായ എഴുപതിലേറെ പുസ്തകങ്ങൾ എഴുതിയ മാഷ് ഒടുവിൽ എഴുതിയത് ‘തപസ്വിനി അമ്മ അബലകൾക്ക് ശരണമായി ജീവിച്ച പുണ്യവതി’യാണ്. അച്ഛൻ പറഞ്ഞ കഥകൾ കേട്ട കാലത്തെ കുറിച്ചും കടലിനെയും ആകാശത്തെയും അഗാധമായി സ്നേഹിക്കുന്നതിനെക്കുറിച്ചും പറയാൻ ഇനി മാഷില്ല. മടക്കമില്ലാത്ത യാത്രക്ക് പോയിരിക്കുകയാണ് ആ മനീഷി...
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.