ഉറൂബ്
ഞാൻ ശക്തികൊണ്ട് നിന്നെ തോൽപിക്കണമെന്ന് വിചാരിക്കുന്നില്ല. എന്റെയത്ര ശക്തി ഞാൻ നിനക്കുണ്ടാക്കിത്തരാം. തുല്യബലവാനായിട്ടു നീയെന്നെ തോൽപിച്ചുകൊള്ളുക
ഈ കഥയിൽ രണ്ട് നായകരുണ്ട്. വില്ലനാവാൻ പിഎച്ച്.ഡി എടുത്ത ചെകുത്താനും ഒന്നുമാവാൻ കഴിയാത്തവനെങ്കിലും എല്ലാമായി മാറിയ കുഞ്ഞുമോനും! വില്ലൻസ്ഥാനത്തുള്ളത് പ്രത്യേകിച്ച് അതിനൊരു ബിരുദവും ആവശ്യമില്ലാത്ത യജമാനരാണ്. അവിടെയാണ്, അവരുടെ വീട്ടിലാണ് കുഞ്ഞുമോന്റെ അമ്മയും കുഞ്ഞുമോനും അവരുടെ ആട്ടും തുപ്പും സഹിച്ച് വേലയെടുക്കുന്നത്. ഒരു നല്ലവാക്ക് അവർ ഉച്ചരിക്കുന്നേയില്ല. തളർന്ന് കിതക്കുന്ന അമ്മയുടെ സങ്കടം സഹിയാഞ്ഞ് ഒരു ദിവസം കുഞ്ഞുമോൻ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ, ഈ പുന്നാരമൊന്നും ഇവിടെ വേണ്ടട്ടോ എന്നലറുകയാണ് യജമാനത്തി ചെയ്തത്.
ഇനി അത് യജമാനന്റെ അടുത്തെത്തും. അതോടെ അമ്മയെ കെട്ടിപ്പിടിച്ചതൊരു കുറ്റമാവും! അവനോർത്തു, എത്ര ക്രൂരരാണിവർ! നട്ടുച്ചനേരത്ത് കുഞ്ഞുമോൻ ഒരൽപം കഞ്ഞിവെള്ളം കുടിക്കാൻ ചെന്നപ്പോഴാണ്, അലക്കുകാരന്റെ അടുത്തേക്കോടാൻ കൽപന വന്നത്. ഓടുകയല്ലാതെ അവന് മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു. അതുകണ്ട് കണ്ണീരൊഴുക്കാനല്ലാതെ, ആ അമ്മക്കും മറ്റൊന്നും കഴിയുമായിരുന്നില്ല. കുഞ്ഞുമോൻ ഓടി ആ പൊരിവെയിലിൽ ഓടാവുന്നത്ര വേഗത്തിൽ ഓടി! ഒടുവിൽ തളർന്നു.
ചെകുത്താന്മാർ വന്നുപോവുന്ന വഴിയാണ്. മുതിർന്നവർ പറഞ്ഞവൻ കേട്ടിട്ടുണ്ട്. എന്നിട്ടും അവൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ആലിൻ ചുവട്ടിലിരുന്ന് ഒന്ന് മയങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ അമ്മയില്ല, വീടില്ല, ക്രൂരയജമാനരില്ല, പരിചിത കിളികളും പൂക്കളും തോടുകളുമില്ല. പതുക്കെ, എന്നാൽ വർധിച്ച പേടിയോടെ ചൂണ്ടലിൽ ഒരു ഇരയെന്നപോലെ, താൻ, ചെകുത്താന്റെ അരിവാൾപോലെ വളഞ്ഞ തേറ്റകൾക്കുള്ളിൽ അകപ്പെട്ടുവെന്നവന് മനസ്സിലായി. കൊമ്പൻമീശ, പന്തംപോലുള്ള കണ്ണുകൾ, തലമുടിക്കു പകരം തീനാളം. അങ്ങനെയുള്ള ചെകുത്താൻ അലറി. നീ ആരാണ്. പേടികൊണ്ട് കുഞ്ഞുമോന് ഒന്നും പറയാനായില്ല. ചെകുത്താൻ തനിക്കാവുന്നത്ര ശാന്തനായി പറഞ്ഞു: പേടിക്കേണ്ട, നീ എന്റെ കൂടെ വന്നോളൂ.
ഞാനൊരിക്കലും നിന്നെ ഉപദ്രവിക്കില്ല. നിനക്ക് വേണ്ടതൊക്കെ തരാം. ക്രൂരയജമാനരിൽനിന്നൊരിക്കലും കേൾക്കാത്തൊരു സൗഹൃദഭാഷയിലാണൊരു ചെകുത്താൻ സംസാരിക്കുന്നതെന്നുള്ളത് ആ കുട്ടിയെ ആശ്വസിപ്പിച്ചിരിക്കും. എന്തുകൊണ്ടാണ് തങ്ങളുടെ യജമാനരുടെ തേറ്റകളും ദംഷ്ട്രകളും പുറത്തുകാണാത്തതെന്ന് അവനപ്പോൾ ആലോചിച്ചിരിക്കും. കാത്തുനിൽക്കുന്നൊരമ്മയുള്ളതുകൊണ്ട് മാത്രമാവണം അവൻ ഒരുവിധേനയും ചെകുത്താനോട് ചേർന്ന് നിൽക്കാതിരുന്നത്. അമ്മകൂടി ഒപ്പം ഉണ്ടായിരുന്നെങ്കിൽ, ഒരു പക്ഷേ ആ കറുത്ത കുട്ടി ചെകുത്താനോടൊപ്പം കൂടുമായിരുന്നു. കാരണം ഒരു ചെകുത്താന് സാധ്യമാവുന്നതിലും വലിയ സൗഹൃദമാണ് സ്വന്തം അധികാരശക്തി പരിഗണിക്കാതെ ചെകുത്താൻ കുഞ്ഞുമോനോട് പുലർത്തിയത്.
ചെകുത്താനവന് വാഗ്ദാനം ചെയ്തത് പലതരം പഴങ്ങളും രത്നം പതിപ്പിച്ച ഉടുപ്പുകളും നാനാതരം രത്നങ്ങളും എന്തിന് അവനെന്താഗ്രഹിക്കുന്നുവോ അത് മുഴുവനുമാണ്! പക്ഷേ അവൻ പ്രലോഭനങ്ങളിൽ വീണില്ല. ഏഴാകാശത്തായിരുന്നിട്ടും അവനുള്ളിൽ മുഴങ്ങിയത് ഭൂമിയിൽനിന്നുള്ള അമ്മയുടെ വിളിയാണ്. അപ്പോഴും ചെകുത്താൻ കുഞ്ഞുമോനെ ശക്തികൊണ്ട് കീഴ്പ്പെടുത്തിയില്ല. പകരം ചെകുത്താൻ പതിവ് ചെകുത്താൻ െഫ്രയിം പൊളിച്ച്, തത്ത്വചിന്തകനാവുകയാണുണ്ടായത്. കഥയിലെ മർമപ്രധാനമായ ഭാഗമാവുകയാണ് ഈയൊരു സന്ദർഭത്തിലെ കുഞ്ഞുമോനും ചെകുത്താനും തമ്മിലുള്ള സംഭാഷണം. സമകാല രാഷ്ട്രീയാവസ്ഥയെ പരോക്ഷമായി, എന്നാൽ ശക്തമായി അത് പ്രതിധ്വനിപ്പിക്കുന്നുണ്ട്.
ഓർക്കുന്നതിനേക്കാൾ അധികം മറക്കുന്നവരാണ് മനുഷ്യർ. പത്തുനാൾ കഴിഞ്ഞാൽ നിന്നെ അമ്മ മറക്കും. സ്വന്തം വാദം ശക്തിപ്പെടുത്താൻ മരത്തണലിലിരിക്കുന്ന തള്ള സിംഹത്തിനൊപ്പമുള്ളൊരു കുഞ്ഞിനെ ചൂണ്ടിക്കാട്ടി, നാളെയത് അമ്മയെ ഓർക്കുമെന്ന് നീ കരുതുന്നുണ്ടോ എന്നൊരു കുരുക്കൊരുക്കാനും ചെകുത്താൻ മറന്നില്ല. അതിനോട് കുഞ്ഞുമോൻ പ്രതികരിച്ചത്, ഞാനാണ് അമ്മയുടെ മുലകുടിച്ച് വളർന്നത്. സിംഹംപോലെയല്ല എന്റെ അമ്മ. അമ്മക്ക് എന്നെ മറക്കാൻ കഴിയില്ല.
മുലകുടിബന്ധം പിന്നീട് കഥയിലെ മറ്റൊരു കേന്ദ്രമായി വളരുന്നുണ്ട്. ചെകുത്താനെ മനുഷ്യനാക്കി മാറ്റിയ മാസ്മരിക ബന്ധസ്രോതസ്സ് അതാണ്! ചോരകുടിച്ച് കൊഴുത്ത ചെകുത്താൻ മുലപ്പാല് കുടിക്കുന്നതോടെയാണ് കഥയിലെ അത്ഭുതകരമായ രൂപമാറ്റം സംഭവിക്കുന്നത്. കുഞ്ഞുമോന്റെ ചിരിയുടെ മുന്നിൽ തോറ്റ ചെകുത്താൻ, അമ്മയുടെ മുലപ്പാൽ കുടിച്ച് തോൽവിക്കും ജയത്തിനും അപ്പുറം വളർന്ന കഥയാണ് ‘വെളുത്ത കുട്ടി’.
നിങ്ങളോളം ശക്തിയില്ലെന്നുവെച്ച് എന്നെ എടുത്തുകൊണ്ടുപോകുന്നത് ശരിയാണോ എന്ന കുഞ്ഞുമോന്റെ ചോദ്യത്തിനു മുന്നിലാണ് ചെകുത്താനൊന്ന് പകച്ചുപോയത്. ആ ചെകുത്താൻ എത്രമേൽ ആർദ്രനാണെന്ന്, കൊച്ചുഗസ്സക്കുമേൽ വൻ അധിനിവേശ ശക്തികൾ നടത്തുന്ന സമാനതയില്ലാത്ത വംശഹത്യകളെക്കുറിച്ചോർക്കുമ്പോൾ ആരും ഓർത്തുപോകും! ഉറൂബിന്റെ കഥയിലെ ചെകുത്താനുള്ള വിവേകംപോലും ചെകുത്താന്മാരെ ചെറുതാക്കുന്ന, നവസയണിസ്റ്റ് സാമ്രാജ്യത്വ സാത്താൻശക്തികളിൽ നിന്നുണ്ടാവില്ലല്ലോ എന്നൊരുത്കണ്ഠ, ഇപ്പോൾ ഈ കഥ വായിക്കുമ്പോൾ നമുക്കുണ്ടാവുന്നില്ലെങ്കിൽ, നമ്മുടെ വായന എവിടെയോ നിന്നുപോയതാണെന്ന് നാം തിരിച്ചറിയേണ്ടി വരും!
ഞാൻ ശക്തികൊണ്ട് നിന്നെ തോൽപിക്കണമെന്ന് വിചാരിക്കുന്നില്ല. എന്റെയത്ര ശക്തി ഞാൻ നിനക്കുണ്ടാക്കിത്തരാം. തുല്യബലവാനായിട്ടു നീയെന്നെ തോൽപിച്ചുകൊള്ളുക. എന്നാൽ, നിനക്കു പോകാം. നീ ജയിച്ചാൽ ഞാൻ നിന്റെ അടിമയായിരിക്കും. ഞാൻ ജയിച്ചാൽ നീ എന്റെ അടിമയാകേണ്ട. പ്രിയ, ഒന്നാം നമ്പർ ചെകുത്താനെ, മൂന്നാം നമ്പർ േഗ്രഡിലുള്ള തറ നാടൻ ചെകുത്താന്മാരുടെ മുന്നിൽ നിൽക്കുന്ന ഞങ്ങൾക്ക്, നിനക്ക് സൗഹൃദത്തിന്റെ പൂച്ചെണ്ട് നൽകാൻ തോന്നുന്നു.
അങ്ങനെ തുല്യബലവാന്മാരായി തീർന്ന അവർ തമ്മിലായി പിന്നെ യുദ്ധം. അപ്പോഴും ചെകുത്താൻ പറഞ്ഞത്, നിനക്ക് രക്ഷപ്പെടാൻ എങ്ങനെ വേണമെങ്കിലും നോക്കാം. ഞാൻ തടുക്കാനും ശ്രമിക്കും. യജമാനനു മുന്നിൽ അടിമസമാന ജീവിതം നയിച്ചതുകൊണ്ടാവാം, കൊളോണിയൽ മേൽക്കോയ്മക്ക് കീഴിൽ കഴിഞ്ഞ രാജ്യങ്ങളെ ഓർമിപ്പിക്കുമാറ് കുഞ്ഞുമോൻ തോറ്റു! പക്ഷേ ചെകുത്താൻ പരാജിതനായല്ല, സ്വന്തം പ്രിയപ്പെട്ടവനായാണ് കുഞ്ഞുമോനെ പരിചരിച്ചത്. പക്ഷേ, അപ്പോഴും ചെകുത്താൻ നൽകിയ സർവ സൗകര്യങ്ങൾക്കു നടുവിലും കുഞ്ഞുമോന്റെ മനസ്സിൽ അമ്മയായിരുന്നു. അവന്റെ ചിന്ത മുഴുവൻ ചെകുത്താനെ എങ്ങനെ തോൽപിക്കുമെന്നായിരുന്നു. ഒരു ദിവസം അവന്റെ മുന്നിൽ ഒരു വഴി തെളിഞ്ഞു.
ചക്ക കൊടുക്കാം, മാങ്ങ കൊടുക്കാം എന്നൊക്കെ പറഞ്ഞ് യജമാനർ പറ്റിക്കുന്നതുപോലെ ചെകുത്താനും വാക്കുമാറിയാലോ എന്നവൻ സംശയിച്ചു. വാക്കുമാറൽ ഞങ്ങളുടെ പതിവല്ലെന്ന ചെകുത്താന്റെ മനുഷ്യപുച്ഛം, മനുഷ്യകുഞ്ഞായ അവനെ വേദനിപ്പിച്ചെങ്കിലും തന്റെ യജമാനനേക്കാൾ എത്ര സമാദരണീയനാണ് ചെകുത്താൻ എന്ന് സ്വന്തം അനുഭവംകൊണ്ട് മനസ്സിലാക്കിയതിനാൽ, പിന്നീടവനൊരു സന്ദേഹവുമുണ്ടായില്ല.
ഞാനൊന്ന് പുഞ്ചിരികൊള്ളാം. ചെകുത്താനും അതുപോലെ പുഞ്ചിരികൊണ്ടാൽ ഞാൻ തോറ്റു ചെകുത്താൻ ചാഞ്ഞും ചരിഞ്ഞും പഠിച്ചതും പഠിക്കാത്തതുമായ സർവവും പരീക്ഷിച്ച് ഒന്ന് ചുമ്മാ പുഞ്ചിരികൊള്ളാൻ ഇളകിമറിഞ്ഞ് ശ്രമിച്ചെങ്കിലും അതിനെയൊക്കെ ചെകുത്താനെ ചെകുത്താനാക്കിയ തേറ്റകളും ദംഷ്ട്രകളും സംയുക്തമായി തടഞ്ഞു. തോറ്റ ചെകുത്താൻ കുഞ്ഞിമോന്റെ അടിമയായി. അവന്റെ വീട്ടിലെ സകല ജോലികളും രാത്രികാവലും ചെകുത്താൻ നിർവഹിച്ചു പോരവേ, മനുഷ്യന്റെ നായേ എന്ന് വിളിച്ച് മറ്റ് ചെകുത്താന്മാർ പരിഹസിച്ചു. ചെകുത്താൻ ഡിക്ഷ്നറിയിലെ ഏറ്റവും കൂടിയ ബുൾഡോസർ തെറിപദമായതുകൊണ്ടാവണം അതുകേട്ടപ്പോൾ, അത്ര തൊട്ടാവാടിയൊന്നുമല്ലാത്ത ചെകുത്താൻ പൊട്ടിക്കരഞ്ഞുപോയി.
കുഞ്ഞുമോന്റെ അമ്മക്ക് അതുകണ്ട് സങ്കടമായി. ആ അമ്മ കുഞ്ഞുമോനോട് ചെകുത്താനെ സ്വതന്ത്രനാക്കാൻ ആവശ്യപ്പെട്ടു. അവനൊന്ന് പുഞ്ചിരികൊള്ളട്ടെ എന്നായി കുഞ്ഞുമോൻ. നിനക്കൊന്ന് ചിരിച്ചുകൂടെ എന്ന് അമ്മ. എനിക്ക് ചിരിക്കാൻ കഴിയില്ലെന്ന് ചെകുത്താൻ. എന്തുകൊണ്ടെന്ന് അമ്മ. തേറ്റയും ദംഷ്ട്രകളും ഉള്ളതിനാൽ എന്ന് ചെകുത്താൻ. എന്നാൽ അതങ്ങ് പറിച്ചുകളഞ്ഞാൽ പോരെ എന്ന് അമ്മ. അപ്പോൾ താൻ ചത്തുപോവുമെന്ന് ചെകുത്താൻ. അമ്മ അൽപനേരം ആലോചിച്ചു. എന്നിട്ട് ചോദിച്ചു.
ചെകുത്താനെ നിനക്കൊരു കുഞ്ഞാവാൻ കഴിയുമോ? ചെകുത്താൻ പറഞ്ഞു, അതിനൊരു പ്രയാസവുമില്ല. അങ്ങനെ ഒരു വെളുത്ത കുഞ്ഞായി തീർന്ന ചെകുത്താന് അമ്മ മുലപ്പാൽ നൽകി. ഏഴാം നാൾ തേറ്റകളും ദംഷ്ട്രകളും അടർന്നുവീണു. മനോഹരമായി മന്ദസ്മിതം തൂകിയ ചെകുത്താൻ മോനോട് ഒരമ്മയുടെ വാത്സല്യത്തോടെ കുഞ്ഞുമോന്റെ അമ്മ പറഞ്ഞു. ഇനി മോൻ പോയ്ക്കോ.. നല്ലവഴിയിലൂടെ പോകണം. കരഞ്ഞുകൊണ്ട് വെളുത്ത കുഞ്ഞായി മാറിയ ആ ചെകുത്താൻ പറഞ്ഞു, ഞാനെവിടേക്കും പോകുന്നില്ല, എന്നെ പറഞ്ഞയക്കരുതേ, ഞാനിവിടെ ഏട്ടന്റെ അനിയനായും അമ്മയുടെ മോനായും കഴിയാം.
അമ്മ ആ വെളുത്ത ചെകുത്താൻ കുട്ടിയെയും അപ്പുക്കുട്ടൻ എന്ന കറുത്തകുട്ടിയെയും മാറോടുചേർത്തു! ആ രണ്ട് കുഞ്ഞുങ്ങളും പുഞ്ചിരികൊള്ളുകയായിരുന്നു. അമ്മ സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് വിളിച്ചു; ‘എന്റെ വെളുത്തമോനേ...’ മാർട്ടിൻ ലൂഥർ കിങ്ങിന്റെ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന മഹത്തായ പ്രഭാഷണത്തിന്റെ പ്രതിധ്വനിയും പ്രകാശവുമുണ്ട് ആ അമ്മവിളിയിൽ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.