സ്വർഗത്തിൽ അയാൾ തീർത്തും ഏകനായിരുന്നു. ബാക്കിയുള്ളവരെല്ലാം തിന്മകൾ ചെയ്തുകൂട്ടി നരകത്തിന്റെ അന്തേവാസികളായെങ്കിലും എന്നോ ചെയ്ത നന്മയുടെ പേരിൽ അയാൾ സ്വർഗത്തിലായി. അവിടെ സർവവിധ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടുകൂടി ഏകാന്തത തിരിച്ചറിഞ്ഞതോടെ അയാൾ നിരാശയുടെ ചതുപ്പിൽ ആഴ്ന്നിറങ്ങാൻ തുടങ്ങി. ആദ്യമാദ്യം സന്തോഷവാനായിരുന്നെങ്കിലും പിന്നെ അയാൾക്ക് ആ ജീവിതം മടുത്തുതുടങ്ങി. ആദമിനെ പറുദീസയിൽനിന്ന് പുറത്താക്കിയ അതേ വിലക്കപ്പെട്ട കനി തേടി അയാൾ ഒരുപാട് നടന്നെങ്കിലും അത് ദുരൂഹതയിൽ തന്നെ അവശേഷിച്ചു.
ഒടുവിലയാൾ ദൈവത്തോട് തനിക്കൊരു അപരനെ തരാൻവേണ്ടി കേണപേക്ഷിച്ചു. പ്രാർഥന സ്വീകരിച്ച ദൈവം അയാൾക്ക് നിഴലിനെ അപരനായി നൽകി. അയാൾ സന്തോഷവാനായെങ്കിലും രൂപവും ദേഹവും ഇല്ലാതെ തന്നെ എപ്പോഴും പിന്തുടരുന്ന ആ വസ്തുവിനെ ക്രമേണ അയാൾ വെറുത്തുതുടങ്ങി. അയാൾ വീണ്ടും ദൈവത്തോട് അപരനുവേണ്ടി കെഞ്ചി. ദൈവമയാൾക്ക് പ്രതിബിംബം നൽകിയെങ്കിലും സഹവാസശേഷിയില്ലാത്ത ആ വസ്തുവിനെയും ക്രമേണ അയാൾക്ക് മടുത്തു. അയാൾ ദൈവത്തോട് വീണ്ടും തന്റെ പഴയ ആവശ്യം ആവർത്തിച്ചു.
ഇത്തവണ ദൈവം നൽകിയത് ആദമിനെ പിഴപ്പിച്ച ചെകുത്താനെയായിരുന്നു. ഇനിയൊരാവശ്യം കേൾക്കേണ്ടിവരില്ലെന്ന ചാരിതാർഥ്യത്തോടെ ദൈവം ഉള്ളാലെ ചിരിച്ചു. അതോടെ വിലക്കപ്പെട്ട കനി അതിന്റെ മറനീക്കി പുറത്തുവന്നു. ഏകാന്തത ത്യജിക്കാനുള്ള അവസരമായതിനാൽതന്നെ അയാൾ ആ കനി ആർത്തിയോടെ തിന്നു. സ്വർഗത്തിൽനിന്നയാൾ പുറത്താക്കപ്പെട്ടു. ഭൂമിയിൽ മുപ്പതാം നൂറ്റാണ്ട് ശയ്യാവലംബിയാവുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അച്ഛനിൽനിന്ന് പിറന്ന സന്താനത്തെയും ചുമന്നുകൊണ്ട് നിൽക്കുന്ന മകളെയും ചോര കുടിക്കുന്ന നിരപരാധികളെയും കണ്ട് അയാളുടെ കാഴ്ചമങ്ങി. ക്രമേണ അയാൾ അന്ധനായി. ആ അന്ധതയുടെ ഇരുളിൽ അയാളൊരു സ്വപ്നം കണ്ടു. താൻ സ്വർഗത്തിൽ ഏകാന്തനായി നടക്കുന്നതായിരുന്നു അത്. അയാൾ ചോദിക്കാതെതന്നെ ഏകാന്തത വരമായി നൽകിയ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അയാൾ വീണ്ടും സ്വർഗത്തിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.