ആ മൂകാക്ഷരങ്ങൾ കണ്ണിൽ തീപ്പൊരി വിതറി...
"എന്നെ നീ നിർവികാരമായി ഇട്ടുപോയത്, നിന്റെ വൈഭവങ്ങളായിരുന്നു ...എന്നെ ചുട്ടുപൊള്ളിച്ച മിന്നലാട്ടങ്ങൾ ... ഭഗ്നമോഹങ്ങൾക്ക് പകൽക്കിനാക്കളുടെ ചിതയൊരുക്കങ്ങൾ .. അഭ്രപാളികളിൽ മിന്നാമിനുങ്ങിന്റെ മുനിഞ്ഞകാന്തി!! നിദ്ര പൂകാത്ത കാർവർണം, പെയ്തുതീരാത്ത തുലാവർഷരാവുകൾ..സ്വപ്നാടനം വികലമാക്കിയ നിശകൾ ... എല്ലാമിപ്പോൾ വിദൂരജാലകക്കാഴ്ചകളുടെ പൊള്ളലിലാണ്ടുപോയ നിഴലാട്ടങ്ങൾ ...... സാന്ദ്രവികാരങ്ങൾ നങ്കൂരമിട്ടിരിക്കുന്നു ....അവിടിനി സ്വപ്നങ്ങൾ പേറും പായ്മരത്തിന്ന് എന്ത് പ്രസക്തി? ഇനിയുമൊരുചേർത്തുവിളക്കല് അപ്രസക്തമായ വളപ്പൊട്ടുകൾ !...അവക്ക് കാവലോ, ഭൂമിതൊട്ടപർണങ്ങളൊരുക്കിയ വിദഗ്ധമായൊരു അസ്ഥിപഞ്ജരം! സുഗന്ധരേണുക്കൾ കൊഴിഞ്ഞൊഴിയുമ്പോൾ ഒരുപൂവിന്റെ മേൽവിലാസത്തിനെന്തുപ്രസക്തി? അത് വെറുമൊരുപ്രണയമല്ലേ .... ആയിരുന്നുവോ ...?" വായിച്ചെടുക്കാൻ ഇനിയുമേറെത്താളുകൾ ....വല്ലാത്തൊരു ഇഴയടുപ്പം വായനക്കപ്പുറം തന്നിലുണ്ടാക്കിയോ ? അമൽ ചിന്തയിലാണ്ടു. ''നീ എനിക്കായ് തന്ന ചിറക്, വര്ണജാലം, ആകാശം, നീന്തിത്തുടിച്ച കടൽ, വേപഥുമാറാൻ നീ തന്ന തണൽ, വിരൽ തൊട്ടുരുമ്മിയ വസന്തങ്ങൾ, കണ്ണുകളിലെരിഞ്ഞ വേനലുകൾ...''. ഈ എഴുതിയതൊക്കെ ഒട്ടും ആത്മവിശ്വാസമില്ലായ്മ തുളുമ്പിയ കേവലം കുറിപ്പുകള്മാത്രമായിരുന്നില്ലെന്ന് തോന്നി...
തനിക്ക് വരികൾക്കിടയിൽ തെളിയുന്നൊരു വയലറ്റാകാശം നെഞ്ചേറുന്നുവോ ? ഒരുപാടുനാളത്തെ അധ്വാനവും കനവുകളും മാസ്മരികതകളുമടങ്ങുന്ന ഈ അമൂല്യനോവൽ ഏറെ പ്രിയമുള്ള ആർക്ക് സമർപ്പിക്കുമെന്ന ചിന്ത വായനക്കാരനെന്ന നിലയിൽ കഠിനമായി അയാളെ അലട്ടി..അതും പതിവ് രീതിയാണല്ലോ .. ''എന്റെ ഈ എഴുത്തിനെ നോവലെന്ന് വിളിക്കാമെങ്കിൽ ഇതിലെ പ്രധാന കഥാപാത്രം, നാട് വിട്ടുപോയത് അറിയാത്തതല്ലെന്ന് കൂട്ടിക്കോളൂ.. ആ വേർപാടിന്റെ വേദനയും വാക്കുകൾക്കതീതമെന്ന് പറയേണ്ടതില്ലല്ലോ.. ഉഷ്ണംവരിക്കുമൊരു വറുതിക്കാലത്തിന്റെ വരവ് ......"
അയാൾക്ക് ആ പകുതി വായനയിൽത്തന്നെ അനുഭവവേദ്യമായ ഒരാന്തൽ, ഒരാലസ്യം പൊതിയുന്നതറിഞ്ഞു ...ആ എഴുത്തുകാരിയെ ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ വെറുതെ ഒന്ന് തിരയാൻ പ്രേരിപ്പിച്ചു ....അവസാനം ഫേസ്ബുക്കിൽനിന്ന് കണ്ടെത്തിയപ്പോൾ ആദ്യം കണ്ണുനട്ടത്, റിവ്യൂസിലേക്കാണ് ..... ഒരാളിന്റെ അനുഭവത്തിന്റെ മറുപുറമാകാം മറ്റെഴുത്തുകൾ എന്ന മുൻവിധിയുണ്ടായിരുന്നു.
ധാരണകളടുത്തറിഞ്ഞു ...എല്ലാം നോവലാവാഹിച്ചകുറിപ്പുകൾ ...അതോടെ പ്രിയ എഴുത്തുകാരിയെ തേടിയിറങ്ങാൻ അത് കൂടുതല് പ്രേരണയായി. പ്രസാധകർ നൽകിയ മേൽവിലാസം നോക്കി ബസിൽക്കയറി. വാടകവീട്ടിലാണെന്ന അറിവിന്റെ പിൻബലത്തിൽ വർഷങ്ങൾക്കുമുന്നേയുള്ള മേൽവിലാസക്കാരിയെത്തേടിയ നിതാന്തയാത്ര ...
നേരിൽക്കാണാനും അതിനപ്പുറമുണ്ടാകാനും സാധ്യതയുള്ള മുഹൂർത്തങ്ങൾ... ഉറച്ചകാൽവയ്പ്പുകൾ അയാളെമുന്നോട്ടുനയിച്ചു .... ഒടുവിൽ ആ വീടിന്റ ഉമ്മറത്തെത്തി. ഒരു കുളിർക്കാറ്റുഴിഞ്ഞതറിയുമ്പോഴും ജിജ്ഞാസ വിട്ടുമാറിയിരുന്നില്ല.. പതിയെ കാളിങ് ബെല്ലടിച്ചു ...
ആ നിശ്ശബ്ദതക്ക് ഒരായുസ്സിന്റെ ദൈര്ഘ്യമുണ്ടായി. പിന്നിട്ട നിമിഷങ്ങൾക്ക് ജീവൻ വെച്ചപോലെ ഒരു സ്ത്രീ വാതിൽ തുറന്നു. അമൽ ആഗമനോദ്ദേശ്യമറിയിച്ചു.
"വരൂ ..." അകത്തെമുറിയിലേക്കടുക്കുന്തോറും ചിലങ്കയുടെ അനുരണനങ്ങൾ പോലെ..ഒരു നർത്തകിയാവുമെന്നുറപ്പിച്ചു ..അവിടെ ഒരു മേശമേൽ കൈയുറപ്പിച്ച് പുറം തിരിഞ്ഞു നില്ക്കുന്ന യൗവ്വനം പിന്നിട്ടൊരു സ്ത്രീരൂപം! "മോളേ ...." എന്ന സ്ത്രീയുടെ വിളി കേൾക്കാത്തപോലെ, ഭാവമാറ്റമൊന്നുമുണ്ടായില്ല ."എന്റെ മോളാ, എഴുത്തുകാരിയായിരുന്നു.
ഇഷ്ടനഷ്ടങ്ങൾ വരുത്തിയ കോലമാണ്. "ശരിക്കും അപ്പോഴാണ് അവൻ പ്രിയ എഴുത്തുകാരിയെ സൂക്ഷിച്ചുനോക്കിയത് ..കാലിലെന്തോ നീണ്ടൊരു ചങ്ങല !! "അടുത്തുപോകേണ്ട," എന്ന അമ്മയുടെ ഓർമപ്പെടുത്തൽ ശ്രദ്ധിക്കാതെ മുന്നോട്ടെത്തി ആ കൈയിൽ മെല്ലെ തൊട്ടു. ഒരു ശീതക്കാറ്റേറ്റവൾ പൊടുന്നനെ മുന്നിലേക്ക് തിരിഞ്ഞുനോക്കി. "അയ്യോ, ഇത് ഭുവനയല്ലേ ...!" മറ്റൊന്നും അയാൾക്കോര്മയുണ്ടായില്ല. ആ പതര്ച്ചയിൽനിന്ന് അമൽ ചുറ്റും നോക്കി. കൈയിൽനിന്ന് നോവൽ വഴുതിയോ ??ചുറ്റും അവ്യക്തത, മങ്ങിയ കാഴ്ച്ചകൾ ....അപ്പോൾ മരവിച്ച വേദനയിൽ മരുന്ന് കയറുന്നുണ്ടായിരുന്നു ..ചേതനയറ്റുപോകുന്നുവോ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.