സ്‌കിബിഡി, ഡെലൂലു, ഇന്‍സ്‌പോ... ജെന്‍ സിയുടേയും ജെന്‍ ആല്‍ഫയുടേയും നിഘണ്ടുവിലെ വാക്കുകൾ ഇനി കേംബ്രിജ് നിഘണ്ടുവിലും. ആറായിരത്തിലധികം വാക്കുകളും ശൈലികളുമാണ് പുതിയതായി കേംബ്രിജ് നിഘണ്ടുവില്‍ ഇടംപിടിച്ചത്. ഇന്റർനെറ്റ് സംസ്കാരം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചാരം നേടിയ വാക്കുകളാണ് ഇവയിൽ കൂടുതലും. ഈ വാക്കുകളും അതിന്‍റെ അർത്ഥവും പലപ്പോഴും മറ്റ് ജനറേഷനിലുള്ളവർക്ക് മനസിലാകണമെന്നില്ല.
സ്‌കിബിഡി(Skibidi)ക്ക് കൃത്യമായ ഒരർത്ഥമില്ല. സാഹചര്യമനുസരിച്ച് ഇതിന് 'കൂൾ' അല്ലെങ്കിൽ 'മോശം' എന്നൊക്കെ അർത്ഥം വരാം. ചിലപ്പോൾ തമാശയായി ഒരു വാചകത്തിൽ ചേർക്കാൻ മാത്രമായും ഇത് ഉപയോഗിക്കാറുണ്ട്. സ്‌കിബിഡിയ ടോയ്‌ലറ്റ് (Skibidi Toilet) എന്നൊരു യൂട്യൂബ് സീരീസിലൂടെയാണ് ഈ വാക്ക് വളരെ ജനകീയമായത്. ഡെലുലു(Delulu) ഡെലൂഷണൽ എന്ന വാക്കിന്റെ ചുരുക്കരൂപമാണിത്. യഥാർത്ഥമല്ലാത്ത കാര്യങ്ങളെ സത്യമെന്ന് വിശ്വസിക്കുന്നതിനെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ സെലിബ്രിറ്റി ക്രഷിനെ കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നത് ഡെലുലു ആണ്.
ട്രെഡ് വൈഫ്(Tradwife) എന്നത് ട്രെഡീഷ്ണൽ വൈഫ് എന്നതിന്റെ ചുരുക്കരൂപമാണ്. വീട്ടുകാര്യങ്ങൾ നോക്കുന്നതിലും, കുട്ടികളെ വളർത്തുന്നതിലും, പരമ്പരാഗതമായ ഭാര്യയുടെ റോൾ ഏറ്റെടുക്കുന്നതിലും അഭിമാനം കൊള്ളുന്ന സ്ത്രീകളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ജീവിതരീതിയെക്കുറിച്ച് പോസ്റ്റ് ചെയ്യുന്ന സ്ത്രീകളും ഇതേ പേരിലാണ് അറിയപ്പെടുന്നത്. ബ്രോളിഗാർക്കി (Broligarchy)യാണ് മറ്റൊരു വാക്ക്. ബ്രോ എന്നും ഒലിഗാർക്കി എന്നും രണ്ട് വാക്കുകൾ ചേർന്നാണ് ഇത് രൂപപ്പെടുന്നത്. വലിയ സമ്പത്തുള്ളവരും സാങ്കേതികവിദ്യാ രംഗത്ത് പ്രവർത്തിക്കുകയും രാഷ്ട്രീയ സ്വാധീനമുണ്ടാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പുരുഷന്മാരെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു. വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന് നടിക്കുന്നവരാണ് മൗസ് ജിഗ്ലര്‍ (Mouse jiggler).
ല്യൂക്ക് (Lewk) ലുക്ക് എന്ന വാക്കിന്റെ പുതിയ രൂപമാണിത്. ഒരു വ്യക്തിയുടെ ഫാഷൻ അല്ലെങ്കിൽ വസ്ത്രധാരണ രീതിയെ, പ്രത്യേകിച്ച് ആകർഷകമായതും വ്യത്യസ്തവുമായ ശൈലിയെ വിശേഷിപ്പിക്കാനാണ് ല്യൂക്ക് ഉപയോഗിക്കുന്നത്. ഇൻസ്പോ (Inspo) ആണ് കേംബ്രിജ് നിഘണ്ടുവിലെ മറ്റൊരു ജെൻ Z വാക്ക്. ഇൻസിപിരേഷൻ എന്നതിന്റെ ചുരുക്കരൂപമാണിത്. ഒരാൾക്ക് പുതിയ ആശയങ്ങളോ പ്രചോദനമോ നൽകുന്ന കാര്യങ്ങളെ സൂചിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. മികച്ചതോ, രുചികരമോ, അതിശയകരമോ ആയ ഒന്നിനെ വിവരിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ബുസിൻ (Bussin). ഈ വാക്കുകൾ നിഘണ്ടുവിൽ ചേർത്തതിലൂടെ പുതിയ തലമുറയുടെ ഭാഷാപരമായ മാറ്റങ്ങൾ എങ്ങനെയാണ് ഇംഗ്ലീഷ് ഭാഷയെ സ്വാധീനിക്കുന്നതെന്ന് കേംബ്രിജ് നിഘണ്ടു കാണിച്ചുതരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.