ഇമ്രാൻ ഖാന്റെ അനന്തരവൻ അറസ്റ്റിലെന്ന് പാകിസ്താൻ പൊലീസ്; ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതെന്ന് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ്

ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനന്തരവൻ ഷഹ്‌റാസ് ഖാനെ 2023 മെയ് 9ലെ കലാപ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ലാഹോർ പൊലീസ്. എന്നാൽ, തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിന്റെ (പി.ടി.ഐ) ആരോപണം. എന്നാൽ, ഈ വാദം പാക് പൊലീസ് തള്ളിക്കളഞ്ഞു. ‘പഞ്ചാബ് പോലീസ് ഷഹ്‌റാസ് ഖാനെ അറസ്റ്റ് ചെയ്തു. മെയ് 9ലെ കേസുകളിൽ ഇയാളെ തിരയുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും’ -ഡി.ഐ.ജി സീഷാൻ റാസ പ്രസ്താവനയിൽ പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ യാതൊരു ഇളവും അർഹിക്കുന്നില്ലെണന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ‘അന്താരാഷ്ട്ര കായികതാരമായ ഷാഹ്‌റെസ് ഖാനെ വീടിന്റെ വാതിലുകൾ തകർത്ത് കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ജോലിക്കാരെ ക്രൂരമായ മർദിച്ചു. ഷഹ്‌റെസ് ഖാനെ ബലമായി മുറിയിൽ കയറ്റിയ ശേഷം അദ്ദേഹത്തിന്റെ  നിരപരാധികളായ കുട്ടികളുടെ മുന്നിൽ വെച്ച് മർദിച്ചു’ എന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ലാഹോർ വിമാനത്താവളത്തിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നത് തടയുകയും അദ്ദേഹത്തെ നിയമവിരുദ്ധമായി ഇറക്കിവിടുകയും​ ചെയ്തെന്നും എന്നും പാർട്ടി അവകാശപ്പെട്ടു.

സാധാരണ വേഷം ധരിച്ചെത്തിയ ആളുകൾ വീട്ടിൽ കയറി അലീമ ഖാന്റെ മകനെ കൊണ്ടുപോയി. ഷഹ്‌റെസിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. അദ്ദേഹത്തിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും പി.‌ടി.‌ഐയുടെ അഭിഭാഷകൻ റാണ മുദസർ ഉമർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ മോചനത്തിനായി ലാഹോർ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമ്രാൻ ഖാന്റെ സഹായി സുൽഫി ബൊഖാരിയും സംഭവത്തെ അപലപിച്ചു. സിവിലിയൻ വേഷത്തിലെത്തിയ ഭീരുക്കൾ അലീമ ഖാനൂമിന്റെ വീട് ആക്രമിച്ചു. പാവങ്ങളായ ജീവനക്കാരെ മർദിക്കുകയും രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഷാഹ്‌റെസ് ഖാനെ തട്ടിക്കൊണ്ടുപ്പോവുകയും ചെയ്തു. ഇവ ക്രൂരമായ ഫാസിസത്തിന്റെ പുതിയ അധഃപതനങ്ങളാണ്. ഈ ഭയാനകമായ പ്രവൃത്തിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഭീരുക്കൾ’ എന്ന് അദ്ദേഹം പ്രതികരിച്ചു.

ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ധാപൂരും പാർട്ടി നിലപാട് ആവർത്തിച്ചു. നടപടിയെ നിന്ദ്യമെന്ന അപലപിച്ച അദ്ദേഹം ഷഹ്റാ​സിനെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഷഹ്‌റാസ്, ആസ്‌ട്രേലിയ ആസ്ഥാനമായുള്ള ലിനൻ വിതരണക്കാരായ ‘സിംബ ഗ്ലോബലി’ന്റെ റീജ്യനൽ മേധാവിയാണ്. അദ്ദേഹത്തിന്റെ മാതാവും ഇമ്രാൻ ഖാന്റെ സഹോദരിയുമായ അലീമ ഖാൻ നേരത്തെ പാകിസ്താൻ സൈനിക സ്ഥാപനത്തെ പരസ്യമായി വിമർശിച്ചിരുന്നു.

മെയ് 9ലെ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഇമ്രാൻ ഖാന്റെ മറ്റൊരു അനന്തരവൻ ഹസ്സൻ നിയാസിയെ നേരത്തെ സൈനിക കോടതി ശിക്ഷിച്ചിരുന്നു.  ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് ലാഹോർ കോർപ്സ് കമാൻഡർ ഹൗസ്, മിയാൻവാലി എയർബേസ്, ഫൈസലാബാദിലെ ഐ.എസ്‌.ഐ കെട്ടിടം എന്നിവയുൾപ്പെടെ നിരവധി സൈനിക സ്ഥാപനങ്ങൾ പി.‌ടി‌.ഐ അനുയായികൾ നശിപ്പിച്ചുവെന്നാരോപിച്ചായിരുന്നു അത്.  റാവൽപിണ്ഡിയിലെ സൈനിക ജനറലിന്റെ ആസ്ഥാനത്തിനുനേർക്കും ആക്രമണം നടന്നിരുന്നു.

72 കാരനായ ക്രിക്കറ്റ് കളിക്കാരനും രാഷ്ട്രീയക്കാരനുമായ ഇമ്രാൻ ഖാനെ  2023 ആഗസ്റ്റ് മുതൽ ഒന്നിലധികം കേസുകളിൽ ജയിലിലഴികളിൽ അടച്ചിരിക്കുകയാണ്. അതേസമയം, മെയ് 9 ലെ അക്രമവുമായി ബന്ധപ്പെട്ട എട്ടു കേസുകളിൽ പാകിസ്താൻ സുപ്രീംകോടതി ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - Punjab police confirm arrest of Imran Khan’s nephew, Pakistan Tehreek-e-Insaf alleges ‘abduction’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.