സ്വരാജ് പോൾ അന്തരിച്ചു; ഓർമയായത് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് വ്യവസായിയും പാർലമെന്റേറിയനും

ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് വ്യവസായി ലോഡ് സ്വരാജ് പോൾ (94) നിര്യാതനായി. യു.കെ ആസ്ഥാനമായ കപാറോ ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപകനാണ്. അസുഖബാധിതനായതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു.

ജലന്ധറിൽ ജനിച്ച പോൾ 1960കളിൽ മകൾ അംബികയുടെ അർബുദ ചികിത്സാർഥമാണ് ഇംഗ്ലണ്ടിലെത്തിയത്. നാലു വയസ്സിൽ മകൾ മരിച്ചു. തുടർന്ന് സ്ഥാപിച്ച അംബിക പോൾ ഫൗണ്ടേഷൻ എന്ന ചാരിറ്റബ്ൾ ട്രസ്റ്റ് വഴി ലോകമെമ്പാടുമുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളിൽ സഹായം നൽകി. ഉരുക്ക്, എൻജിനീയറിങ് മേഖലയിലെ അതികായനായിരുന്ന അദ്ദേഹത്തിന്റെ പേര് ‘സൺഡേ ടൈംസി’ന്റെ ‘സമ്പന്നരുടെ പട്ടിക’യിൽ ഇടംപിടിക്കുന്നത് പതിവായിരുന്നു. ഈ വർഷം അദ്ദേഹത്ത് 81ാം സ്ഥാനമായിരുന്നു.

ആസ്തി രണ്ട് ശതകോടി പൗണ്ട്. 40ലേറെ രാജ്യങ്ങളിൽ കമ്പനിയുടെ പ്രവർത്തനമുണ്ട്. 1996ൽ ജോൺ മേജർ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് യു.കെ പാർലമെന്റിന്റെ ഉപരിസഭയായ ‘ഹൗസ് ഓഫ് ലോഡ്സി’ലെത്തിയത്. അവിഭക്ത പഞ്ചാബിലെ ജലന്ധറിൽ 1931ൽ ജനിച്ച സ്വരാജ് പോളിന്റെ പിതാവ് പ്യാരിലാൽ ഇരുമ്പു ബക്കറ്റും കാർഷിക ഉപകരണങ്ങളുമുണ്ടാക്കുന്ന ഫൗണ്ട്റി ഉടമയായിരുന്നു. യു.എസിലെ പ്രശസ്തമായ എം.ഐ.ടിയിൽനിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഉന്നത ബിരുദങ്ങൾ നേടിയത്. ബ്രിട്ടനിൽ ലേബർ പാർട്ടിയെ നിർലോഭമായി സഹായിച്ചിരുന്നു. ഹൗസ് ഓഫ് ലോഡ്സിൽ ഡെപ്യൂട്ടി സ്പീക്കറായ ആദ്യ ഇന്ത്യൻ വംശജൻ എന്ന പദവിയും അദ്ദേഹത്തിനാണ്. പ്രിവി കൗൺസിലിലും അംഗമായിരുന്നു.

മകൻ അംഗദ് പോൾ 2015ലും ഭാര്യ അരുണ 2022ലും മരിച്ചു. ഇവരുടെ പേരിലും ചാരിറ്റി പ്രവർത്തനങ്ങളുണ്ട്. മറ്റൊരു മകനായ ആകാശ് പോൾ ആണ് കപാറോ ഇന്ത്യ ചെയർമാൻ. കപാറോ ഗ്രൂപ് ഡയറക്ടറുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അനുശോചിച്ചു.

Tags:    
News Summary - Business magnate Lord Swraj Paul dies aged 94

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.