യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ അഞ്ചുലക്ഷത്തിലേറെ ആളുകൾ കൊടും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ട്. ‘പട്ടിണി മരണത്തിന്റെ വക്കിലാണ് പതിനായിരങ്ങൾ. ഗസ്സയിലെ പട്ടിണി പൂർണമായും മനുഷ്യനിർമിതമാണ്. വെടിനിർത്തി സഹായവസ്തുക്കൾ എത്തിക്കേണ്ടത് അനിവാര്യമാണ്. മടി കാണിച്ചും ചർച്ച നടത്തിയും നിൽക്കേണ്ട സമയം കഴിഞ്ഞു. പട്ടിണി അതിവേഗം വ്യാപിക്കുകയാണ്. ഏതാനും ദിവസം വൈകിക്കുന്നത് പോലും പട്ടിണിമരണം കുതിച്ചുയരാൻ കാരണമാണ്. ഇത് സ്വീകാര്യമല്ല. ഒഴിവാക്കാൻ കഴിയുന്ന മരണങ്ങളാണ് വർധിച്ചുവരുന്നത്’ -റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഗസ്സയിൽ പട്ടിണിയില്ലെന്നും ഹമാസിന്റെ കള്ളം അനുസരിച്ചുള്ള റിപ്പോർട്ടാണിതെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേൽ കള്ളം പ്രചരിപ്പിക്കുന്നത് പൊളിക്കുന്നതാണ് യു.എൻ റിപ്പോർട്ടെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഹമാസ് പ്രതികരിച്ചു.
‘അധിനിവേശ ക്രിമിനലുകൾ ഭക്ഷണവും വെള്ളവും മരുന്നും തടഞ്ഞ് വംശഹത്യ നടത്തുകയാണ്. പട്ടിണിയെ ആയുധമാക്കുന്നതും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും മറച്ചുവെക്കാൻ തുടർച്ചയായി കള്ളം പറയുകയാണ് ഇസ്രായേൽ. യുദ്ധവും ഉപരോധവും അവസാനിപ്പിക്കാൻ യു.എൻ രക്ഷാസമിതി ഇടപെടണം.’ -ഹമാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.