ബിന്യമിൻ നെതന്യാഹു
തെൽ അവീവ്: ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ഉത്തരവ് നൽകിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലിന് സ്വീകാര്യമായ വ്യവസ്ഥകളോടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് നെതന്യാഹുവിശന്റ നിലപാട്. ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നിലപാട്.
വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു വിഡിയോയിലാണ് നെതന്യാഹുവിന്റെ പരാമർശം. ഗസ്സയിലെ പൂർണ അധിനിവേശം സംബന്ധിച്ച് പ്രതിരോധ മേധാവി, കാബിനറ്റ് മന്ത്രിമാർ എന്നിവരുമായി നെതന്യാഹു ചർച്ച നടത്തി. ഇസ്രായേൽ ഒരു നിർണായകഘട്ടത്തിലാണെന്നും നെതന്യാഹു പറഞ്ഞു.
ഹമാസ് പോസിറ്റീവായി ചർച്ചകളോട് പ്രതികരിച്ച ശേഷം ഇതാദ്യമായാണ് നെതന്യാഹു ഇക്കാര്യത്തിൽ പൊതുവിടത്തിൽ പ്രതികരിക്കുന്നത്. ഈയാഴ്ച ആദ്യം ഖത്തറിന്റേയും ഈജിപ്തിന്റേയും നേതൃത്വത്തിൽ നടത്തിയ ചർച്ചകളോട് ഹമാസ് പോസിറ്റീവായി പ്രതികരിച്ചിരുന്നു. 60 ദിവസത്തെ വെടിനിർത്തലിനാണ് ഹമാസ് അംഗീകാരം നൽകിയത്. ഇതിനോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 50ഓളം ബന്ദികൾ ഇപ്പോഴും ഗസ്സയിലുണ്ടെന്നാണ് ഇസ്രായേൽ വിലയിരുത്തൽ. ഇതിൽ 20 പേരെങ്കിലും ജീവനോടെയുണ്ടാകുമെന്നും ഇസ്രായേൽ അനുമാനിക്കുന്നു.
നേരത്തെ 22 മാസം നീണ്ട അധിനിവേശം അവസാനിപ്പിച്ച് ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ തിരക്കിട്ട നീക്കങ്ങൾ പുരോഗമിക്കവെ ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ അംഗീകാരം നൽകിയിരുന്നു . ലക്ഷക്കണക്കിന് ഫലസ്തീനികൾ കഴിയുന്ന ഗസ്സ സിറ്റി ഏറ്റെടുക്കാനുള്ള സൈനിക നീക്കത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതായി ഇസ്രായേൽ സേന അറിയിച്ചു. ഇതിന്റെ ഭാഗമായി 60,000 റിസർവ് സൈനികരെക്കൂടി വിളിപ്പിക്കും. നിലവിൽ സേവനത്തിലുള്ള 20,000 റിസർവ് സേനാംഗങ്ങൾക്ക് തുടരാൻ നിർദേശം നൽകും. ഇതുവരെയും ഇസ്രായേൽ കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയിൽ പൂർണമായി ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങൾ തകർക്കലുമടക്കം നടപ്പാക്കും. ഗസ്സ സിറ്റിയുടെ ഭാഗമായ സെയ്ത്തൂൻ, ജബാലിയ എന്നിവിടങ്ങളിൽ ഇതിനകം പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.
ഹമാസിന്റെ ശക്തികേന്ദ്രവും ഭരണസിരാ കേന്ദ്രവുമായ ഗസ്സ സിറ്റിയിലെ വിശാലമായ തുരങ്കങ്ങൾക്കകത്താണ് ബന്ദികളെ പാർപ്പിച്ചതെന്ന് ഇസ്രായേൽ കരുതുന്നു. ഇവരുടെ കൊലപാതകത്തിൽകൂടി കലാശിക്കുന്നതാകും കരസേനാ നീക്കം.
ഗസ്സ സിറ്റിയിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കുന്നതിനെതിരെ സൈന്യത്തിനകത്തുതന്നെ കടുത്ത എതിർപ്പുയർന്നിട്ടുണ്ട്. ബന്ദികളുടെ കുടുംബങ്ങളും ഇതിനെതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.