കൊച്ചി: ജനപ്രതിനിധിയായ നേതാവിനെതിരെ ആരോപണമുന്നയിച്ച സിനിമ നടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എഴുത്തുകാരി ഹണി ഭാസ്കരൻ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിന്റോ ജോൺ കടുത്ത നിലപാടുമായി രംഗത്തുവന്നത്.
പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുള്ളതല്ലെന്നും അതെല്ലാം തുപ്പിക്കളയുന്നത് തന്നെയാണ് നല്ല ക്ലാരിറ്റിയുള്ള നിലപാടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. സാധാരണ പ്രവർത്തകരുടെ ഫോണെടുക്കാൻ പോലും നേരമില്ലാത്ത തിടുക്കപ്പെട്ട പ്രവർത്തനം നടത്തുന്നവർ പെൺകുട്ടികളുടെ മാനത്തിന് വില പറയുന്ന പണിയാണ് എടുക്കുന്നതെങ്കിൽ മാറ്റിനിർത്തപ്പെടണം. വേട്ടക്കാരന്റെ പേര് തുറന്നുപറയണമെന്നും അദ്ദേഹം പരാതിക്കാരിയോട് ആവശ്യപ്പെട്ടു.
എനിക്കേറെ പ്രിയപ്പെട്ട ചിലർ ആ നടിയെ മറ്റൊരു സരിതയായി ഉപമിക്കുന്നത് കണ്ടു. അതൊരു തെറ്റായ നടപടിയായി ആണ് എനിക്ക് തോന്നുന്നത്. നമുക്ക് അപ്രിയകരമായ അഭിപ്രായം പറയുന്ന മുഴുവൻ മനുഷ്യരും സരിതയാക്കപ്പെടേണ്ടവരല്ല. ഒരുതരത്തിലും സരിതയോട് ഉപമിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയായി ഞാൻ അവരെ കാണുന്നുമില്ല. അയാളെ തുറന്നെതിർക്കാനോ അയാൾക്കെതിരെ നിയമപരമായോ മറ്റേതെങ്കിലുമോ നടപടികളിലേക്കോ പോയിരുന്നുവെങ്കിൽ അത് കുറേക്കൂടി നന്നായേനെ എന്ന് തോന്നി. മൂവർണ്ണക്കൊടിയുടെ തണലിൽ നിൽക്കുന്ന ഒരാൾക്ക് പോലും നാളെ ഒരു പെൺകുട്ടിക്കെതിരേയും അപമാര്യാദ ചെയ്യാൻ തോന്നരുത് -അദ്ദേഹം പറഞ്ഞു.
I do care.
I Always Do Care Politics and Politricks.
കാരണം ഞാനൊരു കോൺഗ്രസുകാരനാണ്. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ഏതോ ഒരു യുവനേതാവിനെതിരെ എന്റെ കൂടി ഫെയ്സ്ബുക്ക് സുഹൃത്തായ പെൺകുട്ടി ഉന്നയിച്ച ആരോപണമാണ് ഈ കുറിപ്പിന് ആധാരം. കഴിഞ്ഞ ദിവസം വന്ന ഒരു യൂട്യൂബ് ഇന്റർവ്യൂവിനെ തുടർന്നുള്ള ആരോപണം മാത്രമാണ് ഇത്. എങ്കിലും ഇത് കേരളത്തിൽ ഇന്നുണ്ടാക്കിയ സംശയങ്ങൾ വലുതാണെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ആ പെൺകുട്ടിക്ക് നേരിട്ടിട്ടുള്ള അശ്ലീലവും അധിക്ഷേപകരവുമായ അനുഭവം പരസ്യമായി പറയാൻ അവർ തയ്യാറായത് പിന്തുണക്കേണ്ടതാണെന്ന് ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഞാൻ കരുതുന്നു.
നമ്മുടെ നാട്ടിലെ പെൺകുട്ടികൾ അവർ നേരിടേണ്ടി വരുന്ന വേട്ടക്കാരുടെ പേര് ധൈര്യമായി പറയാനുള്ള ആർജ്ജവം ഉള്ളവരായി മാറണം. എന്റെ അറിവിൽ കൗമുദിയിലെ ഇന്റർവ്യൂ പുറത്തു വരുന്നതുവരെ ഒരു മാധ്യമപ്രവർത്തകയും കലാകാരിയും കോൺഗ്രസ് അനുഭാവിയുമായി ഞാൻ കണ്ടിരുന്ന ഒരു പെൺകുട്ടി ഒറ്റദിവസം കൊണ്ട് എനിക്കറിയാവുന്ന പലരുടേയും മുൻപിൽ മറ്റൊരു സരിതയായി ചിത്രീകരിക്കപ്പെടുന്നത് എനിക്ക് യോജിക്കാൻ പറ്റാത്ത കാര്യമാണ്. എന്റെ വ്യക്തിപരമായതെങ്കിലും ഈ അഭിപ്രായം ഞാൻ പറഞ്ഞില്ലെങ്കിൽ നീതികേടിന്റെ ഓരം പറ്റി നിൽക്കുന്നുവെന്ന കുറ്റബോധം വേട്ടയാടും. തുറന്നു പറയാത്തവർ മോശക്കാർ ആണെന്നല്ല ഇതിനർത്ഥം. പലർക്കും പ്രശ്നങ്ങളെ നേരിടാനുള്ള രീതികൾ പലതാണല്ലോ. ചിലപ്പോൾ പരസ്യ നിലപാടിനേക്കാൾ ശക്തമായ സന്ദേശമാകാം അനാവശ്യ സംരക്ഷണം നൽകാത്ത ചില മൗനങ്ങളും.
ആ പെൺകുട്ടി അവർ നേരിട്ടുള്ള ആക്ഷേപത്തെക്കുറിച്ച് പൊതുസമൂഹത്തിന്റെ മുമ്പിൽ ധൈര്യപൂർവം വിളിച്ചു പറയുമ്പോൾ, അവർ എന്തുകൊണ്ട് മുൻപ് പറഞ്ഞില്ലെന്നും എന്തുകൊണ്ട് പരാതി ഇത്രയും വൈകിയെന്നുമൊക്കെ ചോദിക്കുന്നത് അവനവനും അവനവന് വേണ്ടപ്പെട്ടവർക്കും നേരിട്ട് അനുഭവമുണ്ടാകുന്നത് വരേയുള്ളൂ ഇത്തരം ചോദ്യങ്ങൾക്കുള്ള ആയുസ്സ് എന്ന് മനസ്സിലാകാത്തത് കൊണ്ടാണ്. എപ്പോൾ പരാതി പറയണമെന്നും എപ്പോളത് പരസ്യമാക്കണമെന്നും തീരുമാനിക്കാനുള്ള അവകാശമെങ്കിലും മാനത്തിന് വില പറയപ്പെട്ട് ആക്ഷേപിക്കപ്പെടുന്ന പെൺകുട്ടികൾക്ക് നമ്മൾ വിട്ടുകൊടുക്കണം. അതും കൂടി കൈപ്പിടിയിൽ ഒതുക്കി സ്ത്രീസമത്വവും സ്വാതന്ത്ര്യവും പറഞ്ഞാൽ അത് ഒരുതരം ആത്മവഞ്ചനയാകും.
ഒരു യുവനേതാവിനെതിരെ ഈ ആക്ഷേപം പരസ്യമായി ഉന്നയിക്കുമ്പോൾ അവർ പറഞ്ഞത് അയാൾ തിരുത്തണം എന്നാണ്. പക്ഷേ എനിക്ക് അവരോട് ഒരു അഭ്യർത്ഥനയുണ്ട്. അവർ സംശയത്തിന്റെ കുന്തമുന നീട്ടിവെച്ചിരിക്കുന്ന വ്യക്തി എക്സ്പോസ് ചെയ്യണമെന്നുള്ള ആഗ്രഹത്തിലാണ് ഇതൊക്കെ പറയുന്നത് എന്ന് അവരുടെ ഇന്നത്തെ മാധ്യമ പ്രസ്താവനയിൽ കേട്ടു. വേട്ടക്കാരൻ ആരായാലും എക്സ്പോസ് ചെയ്യപ്പെടണം എന്ന് ആ പെൺകുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം. അല്ലെങ്കിൽ ഒരുപാട് നല്ല ചെറുപ്പക്കാർ ആക്ഷേപത്തിന്റെ, സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടും. നിരപരാധിയായ ഒരാളെപ്പോലും സംശയ നിഴലിൽ നിർത്താതെ നമുക്ക് സ്ത്രീപക്ഷ നിലപാട് പറയാൻ പറ്റുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ വ്യക്തി തിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള അവസരം കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ അയാൾക്ക് തിരുത്താൻ അവസരം കൊടുക്കുമ്പോൾ മറ്റ് ഒരുപാട് ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ ആകെ ആക്ഷേപിച്ചുകൊണ്ടുമല്ല അങ്ങനെ ഉണ്ടാകേണ്ടത്.
ആ പെൺകുട്ടി തന്നെ പറഞ്ഞത് അയാൾക്ക് തിരുത്താൻ പല അവസരങ്ങളും കൊടുത്തു എന്നാണ്. അങ്ങനെയെങ്കിൽ സ്വകാര്യ സമയങ്ങളിൽ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു മോശപ്പെട്ട വ്യക്തിക്ക് സ്വയം പല അവസരങ്ങൾ കൊടുക്കുന്നതിൽ അല്ല നമ്മുടെ നീതിബോധം ഉണ്ടായിരിക്കേണ്ടത്. അയാളെ തുറന്നെതിർക്കാനോ അയാൾക്കെതിരെ നിയമപരമായോ മറ്റേതെങ്കിലുമോ നടപടികളിലേക്കോ പോയിരുന്നുവെങ്കിൽ അത് കുറേക്കൂടി നന്നായേനെ എന്ന് തോന്നി. അയാൾക്ക് തിരുത്താൻ അവസരങ്ങൾ നൽകിയപ്പോൾ മറ്റൊരുപാട് സ്ത്രീകൾക്കും സമാനമായ അനുഭവം നേരിട്ടു എന്നാണ് ആ നടിയുടെ വാക്കുകളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയാണെങ്കിൽ നമ്മൾ വ്യക്തിപരമായി കൊടുക്കുന്ന ക്ഷമയുടെ, വിട്ടുവീഴ്ചകളുടെ പ്രിവിലേജുകളിൽ നിന്ന് ഇത്തരക്കാർ സൗകര്യം കൊള്ളുന്നുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടതാണ്.
നടി ഉദ്ദേശിക്കുന്ന വ്യക്തി ആരായാലും അയാളെ തിരുത്തി ചേർത്തു പിടിക്കാൻ ആഗ്രഹിച്ചപ്പോൾ മറ്റനേകം സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്നാണ് നടിയുടെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നത്. അവർക്ക് നിഷേധിക്കപ്പെട്ട നീതിയുടെ, അവർ നേരിട്ട ആക്ഷേപത്തിന്റെ, അധിക്ഷേപത്തിന്റെ പലതിലൊരു കാരണവും ഒരുപക്ഷേ ഇത്തരം ക്ഷമകളാണ്. ചില മൗനങ്ങൾ വേട്ടക്കാരൻ ഇരതേടാനുള്ള സമ്മതമായി കാണും.
ഞാൻ 100% ആ നടിയുടെ ധൈര്യത്തെ, ആർജ്ജവ പിന്തുണയ്ക്കുന്നു. പക്ഷേ ഇനിയും പേര് വെളിപ്പെടുത്താതെ കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താൻ പാടില്ല. അതേസമയം തന്നെ ഒരു പെൺകുട്ടി നേരിടുന്ന അധിക്ഷേപങ്ങളുടെ തീവ്രത നോക്കിയല്ലല്ലോ നിലപാടുകൾ എടുക്കപ്പെടേണ്ടത്. പാർട്ടികൾക്ക് സ്വാഭാവികമായും ധാർമ്മികതയുടെ പുറത്തുള്ള സംഘടനാപരമായ നടപടികളെ സ്വീകരിക്കാൻ പറ്റൂ. അത് ഒരുപക്ഷേ പരാതിക്കാരിക്ക് 100% നീതി കിട്ടുന്നത് ആകണമെന്നുമില്ല. അപ്പോൾ നീതി ഉറപ്പാക്കപ്പെടാൻ നിയമത്തെ ആശ്രയിക്കുന്നതാണ് കുറേക്കൂടി നല്ല വഴിയെന്ന് കരുതുന്നു. അതും ആ പെൺകുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് തന്നെയാണ്. എന്നാലും കാടടച്ച് വെടിവക്കുന്നതിലും നല്ലത് കളകളെ തെരഞ്ഞുപിടിച്ചു പറിച്ചു മാറ്റുന്നതാണ്.
പ്രതിപക്ഷ നേതാവ് അച്ഛനെ പോലെയാണെന്നും മറ്റു പല നേതാക്കന്മാരെയും കണ്ടു പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ല, വിഗ്രഹങ്ങൾ ഉടയപ്പെട്ടു എന്നും നടി പറയുമ്പോൾ അതിലൊരു രാഷ്ട്രീയം ആളുകൾ സംശയിച്ചേക്കാം. കാരണം കുറച്ചു കാലം മുന്നേ ഉമ്മൻ ചാണ്ടിയും അച്ഛനെ പോലെയാണെന്ന് പറഞ്ഞു വന്നിട്ട് അവസാനം അതേ അച്ഛനെ പോലെയുള്ള ആൾക്കെതിരെ പോലും ലൈംഗിക അധിക്ഷേപ പരാതി കൊടുത്ത സരിത നായരുടെ മുൻ അനുഭവമുള്ളതുകൊണ്ട് കാര്യങ്ങൾക്ക് വ്യക്തത നിർബന്ധമാണ്. ആ കള്ളപ്പരാതി കത്ത് വായിച്ച് കണ്ണ് നനഞ്ഞവർക്ക് അതൊക്കെ ഓർമ്മ വരാനിടയുണ്ട്.
അത്തരം അധിക്ഷേപങ്ങളിൽ ഒരക്ഷരം പോലും മിണ്ടാതെ മാധ്യമ വിചാരണയ്ക്ക് വിധേയപ്പെട്ട്, ചെയ്യാത്ത കുറ്റത്തിന് മൗനമായി ശിക്ഷ അനുഭവിച്ച്, നീതി നിഷേധിക്കപ്പെട്ട് മരണപ്പെട്ടുപോയ ഒരു നീതിമാനായ ഉമ്മൻചാണ്ടിയുടെ പാർട്ടി കൂടിയാണ് കോൺഗ്രസ്. അതുകൊണ്ട് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ പരാതിയുണ്ടെങ്കിൽ പ്രസ്ഥാനത്തിലെ മുഴുവൻ ആളുകളേയും സങ്കടത്തിന്റെ, സംശയത്തിന്റെ നിഴലിൽ നിർത്താതെ വ്യക്തിയുടെ പേര് പറയണം. തെളിവുകൾ പറയണം. അങ്ങനെയുള്ള വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കപ്പെടണം. നിങ്ങൾ സ്വകാര്യമായി തിരുത്തൽ വരുത്തി കോംപ്രമൈസ് ആക്കുമ്പോൾ സംശയ നിഴലിൽപ്പെട്ട പാർട്ടിയുടേയും പ്രവർത്തകരുടെയും സങ്കടങ്ങൾക്ക് ആരു പരിഹാരം പറയും. നീതി നിരപരാധികൾക്ക് കൂടിയുള്ളതാണല്ലോ. പരസ്യമായി വിഴുപ്പലക്കിയിട്ട് ഇനി മുന്നോട്ട് പോകാൻ ഉദ്ദേശമില്ല എന്ന് പറയുന്നത് ശരിയല്ല. ഇടക്ക് വച്ചു ഇട്ടിട്ട് പോകേണ്ടതല്ല സ്ത്രീപക്ഷ നിലപാടുകൾ. അത് നീതിക്കർഹരായ മറ്റ് സ്ത്രീകളെ പോലും വിശ്വാസ്യത ഇല്ലാത്തവരാക്കും. അത് പാടില്ല.
ഇന്നുച്ചയ്ക്ക് ശേഷം എനിക്കേറെ പ്രിയപ്പെട്ട ചിലർ ആ നടിയെ മറ്റൊരു സരിതയായി ഉപമിക്കുന്നത് കണ്ടു. അതൊരു തെറ്റായ നടപടിയായി ആണ് എനിക്ക് തോന്നുന്നത്. നമുക്ക് അപ്രിയകരമായ അഭിപ്രായം പറയുന്ന മുഴുവൻ മനുഷ്യരും സരിതയാക്കപ്പെടേണ്ടവരല്ല. ഒരുതരത്തിലും സരിതയോട് ഉപമിക്കാൻ സാധിക്കുന്ന ഒരു വ്യക്തിയായി ഞാൻ അവരെ കാണുന്നുമില്ല. അവർ വേട്ടക്കാരന്റെ പേര് വെളിപ്പെടുത്താത്ത സ്ഥിതിക്ക്, സിപിഎം നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അവരുടെ ഐഡന്റിറ്റി മോശമായി ചിത്രീകരിക്കേണ്ട കാര്യവുമില്ല. പേര് വെളിപ്പെടുത്തിയാലും പരാതിക്കാരിയേക്കാൾ വേട്ടക്കാരനേയും വിഷയത്തേയുമാണ് ഓഡിറ്റ് ചെയ്യേണ്ടത്. തെരഞ്ഞെടുപ്പുകൾ ആസന്നമാകുമ്പോൾ പല സരിതമാരും ചിലപ്പോൾ രംഗത്ത് വന്നേക്കാം. എന്നാൽ പരാതിക്ക് കാരണമാകുന്ന വ്യക്തിയെ കൂടി നമ്മൾ ഓഡിറ്റ് ചെയ്യേണ്ടതാണ് എന്നതാണ് എന്റെ ബോധ്യം. കാരണം എന്റെ പാർട്ടിയിലെയടക്കം സാധാരണക്കാരും പ്രവർത്തകരും ഒരു സങ്കടം പറയാൻ വിളിക്കുമ്പോൾ ഒന്ന് ഫോൺ എടുക്കാൻ പോലും നേരമില്ലാത്ത ജനപ്രതിനിധികൾ ആരെങ്കിലും പാതിരായ്ക്ക് ഉറക്കമൊഴിച്ചിരുന്ന് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയക്കുന്ന വിനോദത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടേണ്ടത് തന്നെയാണ്.
തൊണ്ടയിൽ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുള്ളതല്ല. അതെല്ലാം തുപ്പിക്കളയുന്നത് തന്നെയാണ് നല്ല ക്ലാരിറ്റിയുള്ള നിലപാട്. ഏത് തലമുതിർന്ന നേതാവായാലും ഏത് പ്രോമിസിങ്ങായ യുവനേതാവായാലും തൊണ്ടയിൽ പുഴുത്തത് കാർക്കിച്ചു തുപ്പിയാലെ മനസ്സും നിലാപാടും മലിനമാക്കപ്പെടുന്ന എതിർ ചേരിയിലുള്ളവരെ നോക്കി ചോദ്യ ശരങ്ങളെറിയാൻ കഴിയൂ. എന്നാലേ ആകമാനം ചീഞ്ഞുനാറുന്ന അപ്പുറത്തുള്ളവനോട് ആഞ്ഞു സംസാരിക്കാൻ നമ്മുടെ നാവുകൾക്കും ശേഷിയുണ്ടാകൂ. അതുകൊണ്ട് ക്ലാരിറ്റി വേണം. ഒരു പ്രവർത്തകനോ നേതാവോ ഒരു ജനപ്രതിനിധിയോ പോലും സംശയ നിഴലിൽ നിന്നു കൂടാ. അവർക്കില്ലാത്ത ഒരു പ്രിവിലേജും അടക്കമില്ലാത്ത മറ്റാർക്കും ഇന്നും നാളെയും കിട്ടേണ്ടതില്ല.
സിപിഎം നേതാക്കളായ പി ശശിയും പി കെ ശശിയും മുകേഷും മന്ത്രി ഗണേഷുമടക്കം നിരവധി നേതാക്കൾ ഇത്തരം ആക്ഷേപങ്ങൾക്ക് വിധേയമായപ്പോഴും കേസിൽ പ്രതിയായപ്പോഴും നമ്മളെടുത്ത നിലപാട് എന്താണെന്ന് ഓർക്കണം. നമുക്ക് നാളെയും അവരെ തുടർന്ന് എതിർക്കണമെങ്കിൽ തൊണ്ടയിലെ പഴുപ്പുകൾ തുപ്പി നാവ് വൃത്തിയാക്കിയതിനു ശേഷമാകണം. അല്ലെങ്കിൽ ഇതൊരു ശങ്കരാടി സിദ്ധാന്തത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സ്വയമാശ്വസിക്കാമെന്ന് മാത്രം. അവരുമായി താരതമ്യം ചെയ്തതല്ല കേരളത്തിലെ പൊതുജനങ്ങളും യുവജനങ്ങളും സ്ത്രീകളും നമ്മളെ വിലയിരുത്തേണ്ടത്. എന്റെ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ മാന്യതയുടെ, മര്യാദയുടെ അളവുകോൽ സിപിഎം നേതാക്കന്മാരുടെ മൊറാലിറ്റിയിൽ അല്ല എന്നുള്ള ബോധ്യമെനിക്ക് ഉള്ളതുകൊണ്ടാണ് ഈ അഭിപ്രായം രേഖപ്പെടുത്തുന്നത്. അവരുമായി ഇക്വേറ്റ് ചെയ്തിട്ട് മെച്ചപ്പെട്ടവൻ ആണ് എന്ന് തെളിയിക്കേണ്ട ബാധ്യത നമുക്കാർക്കും ഉണ്ടായിക്കൂടാ. അതൊരു ദുര്യോഗമാണെന്നുള്ള തിരിച്ചറിവും ഉണ്ടാകണം. അപ്പോഴാണ് നമ്മൾ കുറേക്കൂടി മികച്ച രാഷ്ട്രീയ പ്രവർത്തകർ ആകുന്നത്.
ഏതെങ്കിലും ഒരു നേതാവ് ചെയ്യുന്ന വ്യക്തിപരമായ തോന്നിവാസങ്ങളുടെ പേരിൽ എന്റെ പ്രസ്ഥാനത്തെ മാധ്യമ വിചാരണയ്ക്ക് മേശപ്പുറത്ത് വച്ചു കൊടുക്കപ്പെടുന്നത് കണ്ടുനിൽക്കാൻ കഴിയില്ല. ഞാനുൾപ്പെടെ ഈ പാർട്ടിയിലെ സാധാരണ പ്രവർത്തകർ മുതൽ ഉന്നത നേതാക്കൾ വരെ സോഷ്യലി ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ് എന്ന് കരുതുന്നു. കാരണം എന്റെ സ്വകാര്യതയുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. സ്വകാര്യതയിൽ ഞാനെടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തം പ്രസ്ഥാനം പറയേണ്ടി വന്നാൽ അന്ന് തീർന്നു പോകും പ്രസ്ഥാനസ്നേഹം. ഓരോ വ്യക്തിയുടെയും സ്വകാര്യത തന്നെയാണ് അയാളുടെ ലൈംഗികതയും മറ്റ് പല കാര്യങ്ങളും. അതയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമായിരിക്കുമ്പോൾ തന്നെ അതിന്റെ ഉത്തരവാദിത്തവും അയാൾക്ക് മാത്രമാണ്. അതൊരു പാർട്ടിയുടെ ആകെ ഉത്തരവാദിത്തമായി നമ്മൾ തെറ്റിദ്ധരിക്കാൻ പാടില്ല. അങ്ങനെ നമ്മൾ വിചാരിച്ചാൽ മാസപ്പടി കേസിൽ വീണ തൈക്കണ്ടിയിലിനെ വെള്ളപൂശാൻ നോക്കുന്ന സിപിഎമ്മുകാരിൽ നിന്നും നമുക്കൊരു വ്യത്യാസവും ഉണ്ടാകില്ല.
ഏതെങ്കിലും നേതാക്കന്മാർ രാത്രിയാമങ്ങളിൽ പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ഹോട്ടലുകളിലേക്ക് ക്ഷണിക്കുന്നതും പാർട്ടിയുടെ കമ്മിറ്റി ചേർന്ന് ആലോചിച്ചിട്ടല്ല. അതുകൊണ്ടുതന്നെ വൃത്തികേടുകളുടെ വിഴുപ്പ് ഭാണ്ഡം പാർട്ടിയൊന്നാകെ ഏറ്റെടുക്കേണ്ടതുമില്ല. അങ്ങനെയുള്ള വ്യക്തികളെ ഓഡിറ്റ് ചെയ്തും കറക്റ്റ് ചെയ്തും മുന്നോട്ടു നീങ്ങുമ്പോഴാണ് പ്രസ്ഥാനം യഥാർത്ഥത്തിൽ ഉന്നത ജനാധിപത്യ - നീതി ബോധമുള്ളതാകുന്നത്. അപ്പോഴല്ലേ മുഴുവൻ സ്ത്രീകൾക്കും മുഴുവൻ വ്യക്തികൾക്കും തുല്യനീതി ഉറപ്പുനൽകുന്ന ഒരു സംഘടനയാണെന്ന് എന്റേതെന്ന് എനിക്കുറച്ചു പറയാൻ സാധിക്കുകയുള്ളൂ.
ആരോപണ വിധേയൻ ആരാണെന്ന് അറിയാതിരിക്കുമ്പോൾ തന്നെ ഡിവൈഎഫ്ഐ, യുവമോർച്ച നേതാക്കൾക്കെതിരെ ആണെങ്കിൽ നമ്മളെടുക്കുന്ന നിലപാട് എന്തായിരിക്കുമെന്നും ആലോചിക്കാം. സിപിഎം - ഡിവൈഎഫ്ഐ നേതാക്കന്മാരുടെ എണ്ണിയാലൊടുങ്ങാത്ത ഇത്തരം വൃത്തികേടുകൾക്കെതിരെ നിരന്തരം സംസാരിച്ച നമ്മുടെ നാവുകൊണ്ട് ഒരു പെൺകുട്ടിക്ക് പോലും നീതി നിഷേധിക്കപ്പെടുന്ന ഒരു വാക്ക് പോലും ഉച്ചരിക്കാൻ പാടില്ല. സത്യം വെളിവാക്കപ്പെടട്ടെ. ശരിയായ അന്വേഷണത്തിലൂടെ പാർട്ടിയുടെ സംഘടനാപരമായ ധാർമികത ഉയർത്തപ്പെടട്ടെ. നിയമപരമായ അന്വേഷണത്തിലൂടെ ഈ രാജ്യത്തെ നിയമം ഇവിടുത്തെ പെൺകുട്ടികൾക്ക് ഉറപ്പുനൽകുന്ന നീതി ഉറപ്പാക്കപ്പെടട്ടെ. എന്നുവച്ചാൽ നമ്മുടെ ഒരു നേതാവിനേയും ഉത്തരവാദിത്തമില്ലാത്ത വിഴുപ്പലക്കലുകൾ പോലുള്ള വിചാരണക്ക് വിട്ടുകൊടുക്കാനും പാടില്ല. തെളിവ് കിട്ടാത്തത് കൊണ്ട് പ്രവർത്തകർ ചോരവിയർത്ത് തെരുവിൽ കവചമൊരുക്കുന്നത് തോന്നിവാസങ്ങൾക്കുള്ള ലൈസൻസായി ഒരാളും കാണേണ്ടതുമില്ല. കാരണം ഒരുപാട് സാധാരണക്കാർ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും വെയിലിൽ വിയർത്തൊലിച്ചും മഴനനഞ്ഞും മഞ്ഞുകൊണ്ടും പോസ്റ്റർ ഒട്ടിച്ചും പോലീസിന്റെ തല്ലു മേടിച്ചും സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും ബിജെപിയുടെയും അതിക്രൂര അധിക്ഷേപങ്ങൾക്കും അക്രമങ്ങൾക്കും വിധേയപ്പെട്ടും ഉയർത്തിപ്പിടിച്ച മൂവർണ്ണക്കൊടിയുടെ തണലിൽ നിൽക്കുന്ന ഒരാൾക്ക് പോലും നാളെ ഒരു പെൺകുട്ടിക്കെതിരേയും അപമാര്യാദ ചെയ്യാൻ തോന്നരുത്.
സാധാരണ പ്രവർത്തകരുടെ ഫോണെടുക്കാൻ പോലും നേരമില്ലാത്ത തിടുക്കപ്പെട്ട പ്രവർത്തനം നടത്തുന്നവർ പെൺകുട്ടികളുടെ മാനത്തിന് വില പറയുന്ന പണിയാണ് എടുക്കുന്നതെങ്കിൽ മാറ്റിനിർത്തപ്പെടണം. ഏതെങ്കിലും നേതാവിന്റെ തോന്നിവാസത്തെ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുന്നതിൽ അല്ല,വേട്ടക്കാരായ സെക്ഷ്വൽ സൈക്കോപാത്തുകളെ തുറന്നെതിർത്ത് മാറ്റിനിർത്തുമ്പോഴാണ്, എതിർത്തു നിൽക്കുന്നവരുടെ പോലും പിന്തുണ കിട്ടുന്ന അവസരമുണ്ടാകുമ്പോഴാണ് എന്റെ പാർട്ടി ജയത്തിലേക്ക് കുതിക്കുന്നത്. ഓരോ കോൺഗ്രസ് നേതാവിനേയും വീട്ടിലേക്ക് ക്ഷണിക്കാനും അവരുടെ ഭാര്യയെയും മകളെയും സഹോദരിയെയും അമ്മയെയുമൊക്കെ പരിചയപ്പെടുത്താനും നാട്ടിലെ ഓരോ പ്രവർത്തകർക്കും കോൺഗ്രസുകാർ അല്ലാത്തവർക്കും തോന്നാനും പറ്റണമെങ്കിൽ നമ്മൾ കുറേക്കൂടി വ്യക്തതയോടെ വിഷയത്തെ അഡ്രസ്സ് ചെയ്യണം. വ്യക്തിപരമായ സന്തോഷത്തിന് സ്വകാര്യതയിൽ വൃത്തികേടുകൾ കാണിച്ചു കൂട്ടുന്ന ലൈംഗിക മനോരോഗികളെ കാത്തുപിടിച്ചു കൊണ്ടല്ല ഈ പ്രശ്നത്തെ കാണേണ്ടത്.
കാലം മാറിയതറിയാതെ തൊണ്ടയിൽ പുഴുത്തത് വിഴുങ്ങന്നത് ജനാധിപത്യ രീതിയല്ല. നീതി നിഷേധത്തെ ഒളിച്ചുവയ്ക്കാൻ പാകത്തിനൊത്തവണ്ണം അധികാരത്തിന്റെ അധികബലം ഒന്നുമില്ലാത്ത വിധം പ്രയാസത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പാർട്ടിയെ ഇനിയും ദ്രോഹിക്കുന്ന രാത്രിഞ്ചരന്മാരെ നിലയ്ക്ക് നിർത്താൻ നമുക്കാവണം. നാളെ ഞാൻ ഉൾപ്പെടെയുള്ള ഓരോ കോൺഗ്രസ് പ്രവർത്തകന്റേയുമൊഒപ്പം ഒരു പെൺകുട്ടിയേയോ സ്ത്രീയേയോ കണ്ടാൽ മറ്റൊരാളും മോശപ്പെട്ട വാക്ക് പറയാതിരിക്കാൻ മാത്രമെങ്കിലുമുള്ള നൈതികത പുലർത്തണം. അത് നമ്മൾ ഉൾപ്പാർട്ടി ഓഡിറ്റിലൂടെ ചെയ്യേണ്ടതാണ്. തന്നെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെന്നുള്ള ആക്ഷേപം നേരിടാൻ ഒരു പ്രവർത്തകനേയും തെരുവിൽ നമ്മൾ വിട്ടുകൊടുത്തുകൂടാ.
പിന്നെ, മുകേഷിനേയും ശ്രീരാമകൃഷ്ണനേയും തോമസ് ഐസക്കിനേയും കടകംപള്ളി സുരേന്ദ്രനേയും പി ശശിയും പി കെ ശശിയും
ഗോപി കോട്ടമുറിക്കലും അടക്കമുള്ളവരേയും ശശീന്ദ്രനെയും വൈശാഖനേയും ഗണേഷ് കുമാറിനേയുമൊക്കെ ചുമലിൽ ചുമക്കുന്ന സിപിഎം ഈ വിഷയത്തിലെ മെറിറ്റിന് മാർക്കിടണ്ട. തീവ്രത നോക്കി പീഡനമളക്കാൻ ഞങ്ങളുടെ പാർട്ടിക്ക് പോലീസ് സ്റ്റേഷനും കോടതിയുമൊന്നുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് അട്ടത്ത് വച്ചിട്ട് പീഡകർക്കും രാത്രി വാതിൽ മുട്ടുന്നവർക്കും കൂട്ടുനിന്ന,സ്വപന സുരേഷിന്റെ നിരന്തര ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത പിണറായിസ്റ്റുകളും നീതിയുടെ ട്യൂഷനെടുക്കണ്ട. പ്രജ്വൽ രേവണ്ണയെ വോട്ട് പിടിച്ച് ജയിപ്പിച്ച, ഉന്നവിലേയും ഹത്രസിലേയും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്ത്രീപീഡകരെ കാവിക്കൊടി കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന മോദിയുടെ ബിജെപിയും കിട്ടിയ ലാക്ക് മുതലാക്കാൻ ദണ്ഡ ചുഴറ്റാൻ ഇറങ്ങണ്ട. ആരാണ് അയാൾ എന്ന് തെളിവുകളോടെ ആ നടി പറയും വരെ കാത്തിരിക്കാം. ആ സംശയത്തിന്റെ ആനുകൂല്യമെടുത്താൽ അത് നിങ്ങളിൽപെട്ടവരും ആകാമല്ലോ.
ആളാരായാലും പരാതിയുണ്ടെങ്കിൽ കോൺഗ്രസ് പാർട്ടിയിൽ നടപടയുണ്ടാകും. ഏതോ ഒരു യുവനേതാവെന്ന് ഒരാൾ പറയുമ്പോഴേക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ചാട്ടുളിപോലെ സമര സാന്നിധ്യമാകുന്ന സംഘടനയിൽ കുറ്റവാളിയെ തെരയാൻ കാണിക്കുന്ന ജാഗ്രത ഒരുതരം ശങ്കരാടി സിൻഡ്രോമാണ്. പ്രതിപക്ഷത്തെ കൊള്ളാവുന്ന ചെറുപ്പക്കാരെ ഗർഭക്കേസിലും പെണ്ണുകേസിലും കള്ളക്കേസിലും പെടുത്തുന്ന പെടപ്പാട്.
അതിവിടെ എടുക്കണ്ട. പരാതി മൂടിവച്ച് ഒരാൾക്കും പരവതാനി വിരിക്കുകയുമില്ല, വ്യക്തമായ പരാതിയും തെളിവുകളും ഇല്ലാത്ത സ്ഥിതിക്ക് കൂട്ടത്തിലൊരാളെ കൊത്തിപ്പറിക്കാൻ ഇട്ടുതരികയുമില്ല.
കൊത്തിവലിക്കാൻ നല്ലൊരു ശരീരം കിട്ടിയെന്നുള്ള ആർത്തിയോടെ പായുന്ന ചില മാധ്യമകഴുകന്മാരോടും ചിലത് പറയാനുണ്ട്. പണ്ട് നിങ്ങളിതുപോലെ ഒരാളെ കൊത്തിവലിച്ച് കക്കൂസിന്റെ വാതിൽപ്പുറത്ത് വരെ ക്യാമറ വെച്ചും കോയമ്പത്തൂർക്ക് ക്യാമറയാത്ര നടത്തിയതിനെ കുറിച്ചും ഓർക്കണം. നിങ്ങൾ ഒരുപാട് കൊത്തിവലിച്ചിട്ട ആ മനുഷ്യൻ മൗനമായി അതെല്ലാം സഹിച്ച് മരണത്തിലേക്ക് പോയപ്പോഴാണ് അയാളൊരു നീതിമാൻ ആയിരുന്നുവെന്ന് ജനങ്ങൾ പറഞ്ഞത്. അപ്പോഴും തെറ്റിപ്പോയെന്ന് നിങ്ങൾ ഏറ്റുപറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.