അമിത് ഷാ

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബി.ജെ.പി നേതൃയോഗം; കർമ പദ്ധതി അവതരിപ്പിച്ച് അമിത് ഷാ

കൊച്ചി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ തന്ത്രങ്ങൾക്ക് രൂപം നൽകി ബി.ജെ.പി സംസ്ഥാന നേതൃയോഗം. കൊച്ചിയിൽ വെള്ളിയാഴ്ച നടന്ന യോഗം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇതിനായി 21 ഇന കർമ പദ്ധതി അവതരിപ്പിച്ചു. കേരളം അഭിമുഖീകരിക്കുന്ന വികസന പ്രതിസന്ധിക്ക് പരിഹാരം 2026ൽ കേരളത്തിൽ എൻ.ഡി.എ നേതൃത്വത്തിലുള്ള സർക്കാർ രൂപവത്കരിക്കലാണെന്ന് യോഗം വിലയിരുത്തി. അതിലേക്കുള്ള ആദ്യ പടിയായി തദ്ദേശ തെരഞ്ഞെടുപ്പുകളെ മാറ്റുന്ന റോഡ് മാപ്പാണ് അമിത് ഷാ യോഗത്തിൽ അവതരിപ്പിച്ചത്.

വിജയത്തിന് കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനത്തിലൂടെ അടിത്തട്ടിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം നേതാക്കളെ ഓർമിപ്പിച്ചു. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ട് വരെ നടക്കുന്ന മേഖല ശില്പശാലകളിൽ ഈ കർമ പദ്ധതി ചർച്ച ചെയ്യും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വാർഡ് തലങ്ങളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. കേരളത്തിന്റെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശ്രമം നടക്കുന്നതായും സംസ്ഥാന സർക്കാർ ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും യോഗം വിലയിരുത്തി.

വികസന അജണ്ട ഉയർത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബി.ജെ.പി രൂപം നൽകുന്നതെന്ന് വാർത്തസമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. നിയമാനുസൃതമായി രാജ്യത്ത് എവിടെയും ആർക്കും വോട്ട് ചെയ്യാം.

ആറുമാസമായി ഒരിടത്ത് സ്ഥിരമായി താമസിച്ചാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നിയമം അനുവദിക്കുന്നുണ്ട്. വേണമെങ്കിൽ കശ്മീരിലും വോട്ട് ചെയ്യാം. കള്ളവോട്ട് ചേർത്തത് സി.പി.എമ്മും കോൺഗ്രസുമാണ്. ഏറ്റവും കൂടുതൽ വോട്ട് ചേർത്തവരെ ബി.ജെ.പി ആദരിക്കും. തൃശൂരിൽ പുറത്തുനിന്ന് ബി.ജെ.പി വോട്ട് ചേർത്തതിന്‍റെ തെളിവ് കൊണ്ടുവരുമ്പോൾ മറുപടി പറയാമെന്നും രമേശ് വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ ഇടപ്പള്ളിയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അമിത് ഷാ തമിഴ്നാട്ടിലേക്ക് പോയി.

നേതൃയോഗത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, എം.പിമാരായ അപരാജിത സാരംഗി, സി. സദാനന്ദൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എ.പി. അബ്ദുള്ളക്കുട്ടി, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ് എന്നിവർ സംസാരിച്ചു. നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ച രാവിലെ മുതൽ തൃശൂരിൽ സംസ്ഥാന ശിൽപശാല നടക്കും.

Tags:    
News Summary - Local body elections; Amit Shah presents action plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.