പിടിയിലായ അബുബക്കര്‍
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ ചെമ്പകപള്ളി വീട്ടില്‍ റംലത്തിനെ (58) വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമീപ പള്ളിയിലെ സഹായിയായ വയോധികന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻ വീട് അബൂബക്കറാണ് (68) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
റംലത്തിനെ കഴിഞ്ഞ 17നാണ് വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പന ജുമാ മസ്ജിദ് ജീവനക്കാരൻ അബൂബക്കര്‍ ശനിയാഴ്ച രാത്രി അടുക്കള വാതിൽ കുത്തിത്തുറന്ന് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കടുത്ത ശ്വാസ തടസമുണ്ടായതാണ് മരണ കാരണം. ദീർഘ നാളായി കടുത്ത ആസ്ത്മാ രോഗത്തിനടിമയായിരുന്നു റംലത്ത്. മരിച്ചതിന് ശേഷം ഇദ്ദേഹം റംലത്തിന്‍റെ മൃതദേഹം മുഖം വരെ വസ്ത്രം കൊണ്ട് മൂടിയശേഷം തെളിവ് നശിപ്പിക്കാൻ മുളക് പൊടി മുറിയിൽ വിതറിയിരുന്നു.
പള്ളിയിൽ 18 വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം മരണ വിവരം പുറത്തറിഞ്ഞ സമയം മുതൽ ഇവിടെയുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയെ തുടർന്ന് പൊലീസ് പലരെയും ചോദ്യം ചെയ്തിരുന്നു. അബൂബക്കറിനെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് റംലത്തിന്‍റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ ഫോൺ ചെയ്തിരുന്നത് അബൂബക്കറാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രിയിൽ രണ്ട് തവണ അഞ്ച് മിനിറ്റോളം ഫോണിൽ സംസാരിച്ചതും തെളിഞ്ഞു. തുടർന്ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അബൂബക്കർ കുറ്റം സമ്മതിച്ചത്. ശനിയാഴ്ച രാത്രി 12 ഓടെയാണ് അബൂബക്കർ റംലത്തിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനശ്രമം നടത്തിയത്. റംലത്തിന്‍റെ മരണ ശേഷം ഇദ്ദേഹം തന്‍റെ ഉടുപ്പും കൈലിയും കിറ്റിൽ പൊതിഞ്ഞ് പള്ളിയുടെ പാചകപ്പുരയിൽ ഒളിപ്പിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു.
റംലത്തിന് മറ്റ് ആരെങ്കിലുമായി ബന്ധമുള്ളതായും ഇയാള്‍ക്ക് സംശയം ഉണ്ടായിരുന്നു. റംലത്തിന്റെ ഫോൺ എവിടെയാണ് കളഞ്ഞതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എന്‍. രാജേഷ്, എസ്.എച്ച്.ഒ പ്രതീഷ് എന്നിവരടങ്ങിയ 30 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അമ്പലപ്പുഴ: പൊലീസിന്‍റെ കൃത്യമായ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ പൊലീസുമായി സഹകരിച്ചിരുന്ന അബൂബക്കര്‍ സംശയ നിഴലിലായിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ പൊലീസ് സംഘം അന്വേഷണം നടത്തി പലരെയും ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. എങ്കില്‍ മാത്രമെ നിര്‍ണായക തെളിവുകള്‍ ലഭിക്കുകയുള്ളു. മരണം നടന്ന സമയം, റംലത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ നഷ്ടപ്പെട്ടത്, വൈദ്യുതി വിശ്ചേദിച്ചത് എപ്പോള്‍, മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടൊ തുടങ്ങിയ വിവരങ്ങള്‍ അന്വേഷണത്തിൽ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.