സ്കൂൾ അടച്ചുപൂട്ടണമെന്ന് ആവിശ്യപ്പെട്ട് നടത്തിയ പ്രതിഷേധം
അഹമ്മദാബാദ്: സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ ജൂനിയർ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടന്ന പ്രതിഷേധത്തിൽ വ്യാപക അക്രമണം. ചൊവ്വാഴ്ച നടന്ന വഴക്കിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർഥി പത്താം ക്ലാസ് വിദ്യാർഥിയായ നയനെ കുത്തിക്കൊലപ്പെടുത്തിയത്. സെവൻത് ഡേ സ്കൂളിലാണ് സംഭവം. തുടർന്ന് സ്കൂളിലേക്ക് ജനക്കൂട്ടം നടത്തിയ പ്രതിഷേധത്തിൽ സ്കൂൾ പരിസരം തല്ലിത്തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് 500ലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്‌കൂൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാളെ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) അറിയിച്ചു. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിക്ക് കുത്തേക്കുന്നത്. വൈകിട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി പുറത്തിറങ്ങിയ നയനെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥികൾ വളയുകയും വാക്ക് തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് പ്രശ്നം വഷളാവുകയും ഒരു കുട്ടി കത്തിയെടുത്ത് നയനെ കുത്തുകയുമായിരുന്നു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം ജുവനൈൽ ആക്ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.
കുത്തേറ്റ വിദ്യാർഥി മുറിവേറ്റ ഭാഗത്ത് കൈവെച്ച് നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അക്രമിച്ച ശേഷം കുട്ടികൾ സ്കൂളിനു പുറകിലേക്ക് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. മണിനഗറിലെ സ്വകാര്യ ആശുപത്രിയിൽ കുത്തേറ്റ കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
അതേസമയം, പ്രതി ഇൻസ്റ്റാഗ്രാമിലൂടെ മറ്റൊരു സുഹൃത്തുമായി നടത്തിയ ചാറ്റുകളിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പിടിക്കപ്പെടാതിരിക്കാൻ ഒളിവിൽ പോകാനും സുഹൃത്ത് പ്രതിയോട് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ വിശ്വഹിന്ദു പരിഷത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പ്രതിഷേധങ്ങൾ ശക്തമായതോടെ മണിനഗർ, ഖോഖര, ഇസാൻപൂർ പ്രദേശങ്ങളിലെ 200ഓളം സ്‌കൂളുകൾ അടച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.