കൊല്ലപ്പെട്ട നയൻ

പത്താം ക്ലാസുകാരനെ ജൂനിയർ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി; ഗുജറാത്തിൽ വ്യാപക പ്രതിഷേധം

അഹമദാബാദ്: ഗുജറാത്തിൽ തർക്കത്തിനിടെ ജൂനിയർ വിദ്യാർഥിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. പത്താംക്ലാസുകാരനായ നയനാണ് കൊല്ലപ്പെട്ടത്. സംഭവത്തെതുടർന്ന് സ്കൂളിനുപുറത്ത് രക്ഷിതാക്കളുടെയും പ്രാദേശിക സമുദായങ്ങളുടെയും പ്രതിഷേധമിരമ്പി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം ജുവനൈൽ ആക്ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് വിദ്യാർഥിക്ക് കുത്തേൽക്കുന്നത്. വൈകിട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി പുറത്തിറങ്ങിയ നയനെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥികൾ വളയുകയും വാക്ക് തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് പ്രശ്നം വഷളാവുകയും ഒരു കുട്ടി കത്തിയെടുത്ത് നയനെ കുത്തുകയുമായിരുന്നു.

കുത്തേറ്റ വിദ്യാർഥി മുറിവേറ്റ ഭാഗത്ത് കൈവെച്ച് നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. അക്രമിച്ച ശേഷം കുട്ടികൾ സ്കൂളിനു പുറകിലേക്ക് ഓടി രക്ഷപ്പെടുന്നതു കാണാം. മണിനഗറിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.

നയന്‍റെ മരണത്തിൽ അനുശോചനമറിയിച്ച സംസ്ഥാന മുഖ്യമന്ത്രി പ്രഭുൽഭായ് പൻസേരിയ പ്രതിഷേധം അവസാനിപ്പിച്ച് സമാധാനം സ്വീകരിക്കാൻ രക്ഷാകർത്താക്കളോട് അഭ്യർഥിച്ചു. വിദ്യാർഥിയുടെ കുടുംബത്തിന് നീതി നേടിക്കൊടുക്കുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം കുട്ടികൾക്കിടയിലെ കുറ്റ കൃത്യങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും അഭിപ്രായപ്പെട്ടു. ക്രിമിനൽ മാനസികാവസ്ഥ വർധിപ്പിക്കുന്നതിൽ സാമൂഹ്യമാധ്യമങ്ങളെയും ഗെയിമുകളെയും പങ്കിനെ അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - 10th class student stabbed to death in Gujarath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.