പൊള്ളലേറ്റ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു
ഭോപ്പാൽ: മധ്യ പ്രദേശിലെ ഭോപ്പാലിൽ അധ്യാപികയെ വിദ്യാർഥി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതായി പൊലീസ്. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ വിദ്യാർഥി തീ കൊളുത്തിയത്. നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എക്സലൻസ് സ്കൂളിലാണ് ഈ ദാരുണ സംഭവം നടന്നത്. പ്രതി സൂര്യാൻഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതി അധ്യാപകയുമായി ഏകപക്ഷീയമായ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയും അധ്യാപികയും രണ്ട് വർഷത്തിലേറെയായി പരിചയമുള്ളവരാണ്. അധ്യാപിക ഇപ്പോൾ പഠിപ്പിക്കുന്ന സ്കൂളിൽ നിന്നും പ്രതിയെ രണ്ട് വർഷം മുമ്പ് പുറത്താക്കിയിരുന്നു. ഓഗസ്റ്റ് 15ന് സ്കൂളിൽ നടന്ന പൊതു പരിപാടിയിൽ സാരി ധരിച്ചെത്തിയ അധ്യാപികയെ പ്രതി വിലക്കുകയും ശാഖരിക്കുകയും ചെയ്തു. തുടർന്ന് അധ്യാപിക നൽകിയ പരാതിയെത്തുടർന്നുണ്ടായ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്.ഡി.ഒ.പി) മനോജ് ഗുപ്ത പറഞ്ഞു.
വൈകുന്നേരം 3:30 ഓടെയാണ് സംഭവം നടന്നത്. പെട്രോൾ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്രോൾ അവരുടെ മേൽ ഒഴിച്ച് തീകൊളുത്തുകയും തുടർന്ന് സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അധ്യാപികക്ക് പൊള്ളലേറ്റ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റത് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയല്ലെന്ന് ഡോക്ടർമാർ ചികിത്സക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 124A, മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപികയുടെ പൂർണ്ണ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മനോജ് ഗുപ്ത പറഞ്ഞു. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകൾക്കകം ഡോൺഗർഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാൺപൂർ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.