പ്രതികൾ

ബിവറേജ് ജീവനക്കാരനെ മദ്യക്കുപ്പിക്കൊണ്ട് തലക്കടിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കൊട്ടാരക്കര: ബിവറേജിൽ മദ്യം വാങ്ങാൻ എത്തിയവർ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊട്ടാരക്കര കരിക്കത്ത് ബിവറേജിൽ മദ്യം വാങ്ങാൻ എത്തിയവർ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. പുനലൂർ ശാസ്താംകോണം വഞ്ചിയൂർ പ്ലാവിള വീട്ടിൽ രഞ്ജിത്ത് (35), വെട്ടിക്കവല മുട്ടവിള ജിബി ഭവനത്തിൽ ജിൻസൺ ബേബി (32) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ബിവറേജ് ജീവനക്കാരനായ പെരുംകുളം ദിയ ഭവനിൽ പി. ബേസിലി (49)ന് ആക്രമണത്തിൽ മുഖത്തും കൈയിലും പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.45 നാണ് സഭംവം. ബിവറേജിൽ മദ്യം വാങ്ങാൻ എത്തിയതായിരുന്നു രഞ്ജിത്തും ജിൻസൺ ബേബിയും. ഇവരുടെ അടുത്തായി ഹെൽമെറ്റ് ധരിച്ചെത്തിയ ആൾ മദ്യം വാങ്ങാൻ വരിയിൽ നിന്നിരുന്നു. മദ്യം വാങ്ങാൻ എത്തിയ ആൾക്ക് ഹെൽമറ്റ് ഊരിശേഷമേ മദ്യകുപ്പി കൊടുക്കാൻ പാടള്ളൂവെന്ന് രഞ്ജിത്ത് ജീവനക്കാരനായ പി. ബേസിലിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ പ്രാവശ്യം രഞ്ജിത്ത് മദ്യം വാങ്ങാൻ ഹെൽമറ്റ് ധരിച്ചാണ് എത്തിയത്. മദ്യം വാങ്ങാൻ എത്തിയ രഞ്ജിത്തിനോട് തലയിലെ ഹെൽമറ്റ് ഊരണമെന്ന് ബേസിൽ ആവശ്യപ്പട്ടിരുന്നു. ഇത് തർക്കത്തിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് നാല് ദിവസം മുമ്പ് രഞ്ജിത്തും സുഹൃത്ത് ജിൻസൺ ബേബിയും ബിവറേജിൽ എത്തി. സമീപത്തായി ഹെൽമറ്റ് ധരിച്ചെത്തി മദ്യം വാങ്ങാൻ ഒരാൾ നിൽപ്പുണ്ടായിരുന്നു. ഇയാളുടെ തലയിൽ വെച്ചിരുന്ന ഹെൽമറ്റ് ഊരിയ ശേഷമേ മദ്യം കൊടുക്കാൻ പാടുള്ളൂവെന്ന് രഞ്ജിത്ത് ജീവനക്കാരനോട് പറഞ്ഞു. ഇത് വാക്ക് തർക്കത്തിലേക്ക് മാറുകയായിരുന്നു.

ജിൻസൺ ബേബി തന്‍റെ മാബൈലിൽ ബേസിലിന്‍റെ സംസാരം റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോള്‍ ഫോൺ മാറ്റാൻ ബേസിൽ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ജിൻസൺ കൈയിലുണ്ടായിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് ബേസിലിന്‍റെ തലക്കും മുഖത്തും അടിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ രക്ഷപ്പെടാതിരിക്കാൻ അവിടെ ഉണ്ടായിരുന്നവർ ഇവരെ തടഞ്ഞുവെച്ചു. എന്നാൽ പ്രതികൾ വാതിൽ പൊളിച്ച് രക്ഷപ്പെടുകയായിരുന്നു. ബിവറേജിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Tags:    
News Summary - Two arrested for beating beverage employee with liquor bottle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.