കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ; ബലാത്സംഗത്തിനിരയായെന്ന് സംശയം

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ 20 വയസുള്ള പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രണ്ടുദിവസം മുമ്പ് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. സർക്കാർ വനിത കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ വർഷിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആഗസ്റ്റ് 14നാണ് വർഷിത ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് തിരിച്ചുചെന്നിട്ടില്ല. തുടർന്നാണ് കുടുംബം പരാതി നൽകിയത്.

വർഷിതയുടെ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. തെളിവു നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്.

സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. അക്രമികളെ കണ്ടെത്താനായി അന്വേഷണവും ഊർജിതമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ.

ആഗസ്റ്റ് ഏഴിന് സമാനമായൊരു സംഭവം തുമകുരുവിൽ റിപ്പോർട്ട് ചെയ്തിരുന്നു. റോഡരികിൽ നായ്ക്കൾ കടിച്ചു വലിക്കുന്ന രീതിയിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ. കിലോമീറ്റർ അകലെ നിന്നായി മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി. പിറ്റേ ദിവസം അവയവങ്ങൾ ഛേദിക്കപ്പെട്ട നിലയിലുള്ള മൃതദേഹവും പൊലീസ് കണ്ടെത്തി. 42 വയസുള്ള ലക്ഷ്മി ദേവമ്മയാണ് കൊല്ലപ്പെട്ടത്. 10 ഇടങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തത്.

ബെല്ലാവിയിലായിരുന്നു ലക്ഷ്മി ദേവമ്മയുടെ താമസം. ആഗസ്റ്റ് നാലു മുതൽ ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. മകളെ കാണാൻ പോയി മടങ്ങും വഴിയാണ് കാണാതായത്. കൊലപാതകത്തിന് ശേഷം ആളെ തിരിച്ചറിയാതിരിക്കാനാണ് പ്രതികൾ ശരീരംഭാഗങ്ങൾ മുറിച്ചു മാറ്റി​യതെന്നായിരുന്നു​ പൊലീസ് പറഞ്ഞത്.

Tags:    
News Summary - Partially burnt body of 20 year old student found in Karnataka, police suspect rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.