കണ്ണൂർ: മയ്യിൽ കുറ്റ്യാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരിക്കൂര്‍ കുട്ടാവ് സ്വദേശിനിയും ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യയുമായ പി.പി. പ്രവീണ (39) തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് കണ്ണൂർ എ.സി.പി. പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ മുൻ സുഹൃത്ത് ഇരിക്കൂര്‍ കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷാണ് (40) പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയിലെ ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ജിജേഷ് ഗുരുതരനിലയിൽ പരിയാരം മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
പ്രവീണ മരിച്ചതിനെത്തുടര്‍ന്ന് ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രവീണയുടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീട്ടിനകത്തേക്ക് കയറിപ്പോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണം.
പ്രവീണയുടെ ഭര്‍ത്താവ് ഒ.വി. അജീഷ് ഗള്‍ഫിലാണ്. സംഭവസമയം അജീഷിന്റെ പിതാവ് അച്യുതനും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ക്ക് ജിജേഷിനെ മനസ്സിലായിരുന്നില്ല. പ്രവീണയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇരുവരെയും ആശുപത്രിലെത്തിച്ചത്. ജിജേഷും പ്രവീണയും ഒരേ നാട്ടുകാരാണ്. ഒരുമിച്ച് പഠിച്ചവരുമാണ്. വിവാഹശേഷമാണ് പ്രവീണ ഉരുവച്ചാലിലെ വീട്ടിലെത്തിയത്. നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍, അടുത്തകാലത്തായി ജിജേഷില്നിന്ന് പ്രവീണ അകന്നിരുന്നു. ഇതാണ് തീകൊളുത്താനുള്ള പ്രകോപനമെന്ന് കരുതുന്നു. പ്രവീണയുടെ മൊബൈല്‍ ഫോണും പൂര്‍ണമായും കത്തിനശിച്ചിരുന്നു. അതേസമയം, ജിജേഷിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസവും ജിജേഷ് യുവതിയെ വിളിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതാണ് പ്രകോപനത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ലതീഷ് ഉൾപ്പെടെയുള്ളവരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. മയ്യില്‍ ഇൻസ്പെക്ടറുടെ ചുമതലവഹിക്കുന്ന വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിലെ വീട്ടിലെത്തിച്ചു. വൈകീട്ടോടെ ഇരിക്കൂര്‍ കുട്ടാവിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.