തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ എം.ടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവും മുൻ സിൻഡിക്കേറ്റംഗവുമായ ആൾക്ക് ചട്ടവിരുദ്ധമായി തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ നൽകിയ പിഎച്ച്.ഡി പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് നിവേദനം.
ആഷിഖ് ഇബ്രാഹിംകുട്ടിയുടെ പ്രവേശനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. സമാന ക്രമക്കേടുകൾ സർവകലാശാലയിൽ നടന്നിട്ടുണ്ടോ എന്ന് പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എം.ടെക് പ്രൊഡക്ഷൻ എൻജിനീയറിങ് ഒന്നാം സെമസ്റ്റർ പരീക്ഷ പാസാകാതെയാണ് കോളജ് പ്രിൻസിപ്പൽ പിഎച്ച്.ഡി പ്രവേശനം നൽകിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എം.ടെക് പരീക്ഷ പാസാകാതെയാണ് ആഷിഖിന് സർവകലാശാല പിഎച്ച്.ഡി പ്രവേശന പരീക്ഷ എഴുതാൻ അനുമതി നൽകിയത്. ഒന്നാം സെമസ്റ്റർ പാസായില്ലെന്ന വിവരം മറച്ചുവെച്ച് സിൻഡിക്കേറ്റ് അംഗമെന്ന സ്വാധീനം ഉപയോഗിച്ചാണ് പരീക്ഷ എഴുതാൻ സർവകലാശാലയിൽനിന്ന് പ്രത്യേക അനുമതി നേടിയത്. ആഷിഖ് പ്രവേശന പരീക്ഷ എഴുതിയ ശേഷവും ഒന്നാം സെമസ്റ്ററിൽ മതിയായ ഹാജരില്ലാത്തതിനാൽ വീണ്ടും കോളജിൽ പഠനം തുടരുകയായിരുന്നു.
പിഎച്ച്.ഡിക്ക് പ്രവേശനം നേടിയ ശേഷം സർവകലാശാല ഡോക്ടറൽ കമ്മിറ്റി കൂടുന്നതിനു മുമ്പ് മുഴുവൻ മാർക് ലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് പ്രവേശന പരീക്ഷ എഴുതുമ്പോഴും പ്രവേശനസമയത്തും എം.ടെക് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്. പ്രവേശന പരീക്ഷക്ക് അനുമതി നൽകിയത് തന്നെ ചട്ടവിരുദ്ധമായാണെന്നും സർവകലാശാല റിസർച്ച് സെക്ഷൻ കണ്ടെത്തി. പിന്നാലെ ഉന്നതരുടെ ഇടപെടൽ കാരണം ഐ.എച്ച്.ആർ.ഡിയിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ റിസർച്ച് ഡീനിന്‍റെ സേവനം സർവകലാശാല അവസാനിപ്പിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.