മോദിയുടെ ബിരുദം: ഇല്ലാത്ത കാര്യം പുറത്ത് വിടാൻ നോക്കിയാൽ ഏത് കോടതിക്കും ദേഷ്യം വരില്ലേ? -ഡോ. ജിന്റോ ജോൺ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷൻ (സി.ഐ.സി) നിർദേശം ഡൽഹി ഹൈകോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഇല്ലാത്ത കാര്യം പുറത്ത് വിടാൻ നോക്കിയാൽ പിന്നെ ഏത് കോടതിക്ക് ആയാലും ദേഷ്യം വരില്ലേ എന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പരിഹസിച്ചു.

‘രഹസ്യ ഡിഗ്രിയും കട്ടെടുത്ത വിജയവുമായി രാജ്യം കൊള്ളയടിക്കുന്നവന്റെ വേദന സംഘികൾക്കല്ലാതെ മാറ്റാർക്ക് മനസ്സിലാകും? മോഷ്ടിക്കപ്പെട്ട ജനാധിപത്യത്തിന്റെ പല ലക്ഷണങ്ങളിൽ ഒന്നുമാത്രമാണ് മോഷ്ടിജിയുടെ ഈ അതീവ രഹസ്യ ഡിഗ്രിയും’ -ജിന്റോ പറഞ്ഞു.

ജസ്റ്റിസ് സച്ചിൻ ദത്തയാണ് ബിരുദം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് തടഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 1978-ൽ ബി.എ പാസായ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കാൻ അനുവദിച്ച സി.ഐ.സി ഉത്തരവിനെതിരെ 2017 ലാണ് ഡൽഹി സർവകലാശാല കോടതിയെ സമീപിച്ചത്.

രേഖകൾ കോടതിയിൽ കാണിക്കുന്നതിൽ എതിർപ്പില്ലെന്ന് സർവകലാശാലക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ, രേഖകൾ പൊതുഇടത്തിൽ അപരിചിതരുടെ പരിശോധനക്കായി വെക്കാനാവില്ല. കേവലം ജിജ്ഞാസ കൊണ്ടുമാത്രം വിവരാവകാശ ഫോറങ്ങളെ സമീപിക്കാനാവില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.

അതേസമയം, സമാനമായ വിവരങ്ങൾ സാധാരണയായി സർവകലാശാലകൾ ​പൊതുമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ടെന്ന് അപേക്ഷ സമർപ്പിച്ച വിവരാവകാശ പ്രവർത്തകനായ നീരജിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്ഗെ വാദിച്ചു. സർവകലാശാലകൾ വിദ്യാർഥികളുടെ വിവരങ്ങൾ സുരക്ഷ ഉറപ്പാക്കി കൈകാര്യം ചെയ്യുന്നുവെന്നും അത് അപരിചിതർക്ക് വെളിപ്പെടുത്താനാവില്ലെന്നുമുളള സോളിസിറ്റർ ജനറലിന്റെ വാദത്തെയും സഞ്ജയ് ഹെഡ്ഗെ എതിർത്തു.

നരേന്ദ്രമോദി ബി.എ പരീക്ഷ പാസായതായി പറയുന്ന 1978-ൽ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ റോൾ നമ്പർ, പേര്, മാർക്ക്, പരീക്ഷ ഫലം എന്നിവ ആവശ്യ​പ്പെട്ടാണ് വിവരാവകാശ പ്രവർത്തകനായ നീരജ് കുമാർ ഡൽഹി സർകലാശാലയെ സമീപിച്ചത്. എന്നാൽ, സർകലാശാലയിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സി.പി.ഐ.ഒ) ഈ വിവരങ്ങൾ നിഷേധിച്ചു. ഇതിന് പിന്നാലെ, നീരജ് സി.ഐ.സിക്ക് അപ്പീൽ നൽകുകയായിരുന്നു.

സർവകലാശാലകൾ പൊതുസംവിധാനമാണെന്നും ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്ന സർവകാലാശാല രജിസ്റ്ററിന് പൊതുരേഖയുടെ സ്വഭാവമാ​ണെന്നും ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താമെന്നും സി.ഐ.സി 2016ലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, കമീഷൻ ഉത്തരവിനെ എതിർത്ത് സർവകാലാശാല ഹൈകോടതി​യെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - dr jinto john against prime minister narendra modi education qualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.