ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: ലൈംഗിക, മാനസ പീഡനത്തിനിരയാകുന്ന സ്ത്രീകൾ ആർക്കാണ് പരാതി കൊടുക്കേണ്ടതെന്ന് പൊലീസിലെ നെറികേടുകളെ കുറിച്ച് തുറന്നെഴുതുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്ന വനിത എസ്.ഐമാരുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ചോദ്യം.
"സ്ത്രീകൾ പരാതി കൊടുക്കാത്തതെന്ത്?" എന്ന് പലരും ചോദിക്കുന്നത് കണ്ടു, കഴിഞ്ഞ ദിവസങ്ങളിൽ. ആർക്കാണ് പരാതി കൊടുക്കേണ്ടത്? ഇത്തരം ഊളകൾക്കോ! ജില്ലാ പോലീസ് മേധാവി എന്ന അധികാരം ഉപയോഗിച്ചാണ് ഇവൻ വനിതകളായ സബ് ഇൻസ്പെക്ടർമാർക്ക് രാത്രി മെസ്സേജ് അയച്ച് വിളിക്കുന്നത്. അവനാണിപ്പോൾ സംസ്ഥാനത്തെ മൊത്തം ക്രമസമാധാന ചുമതലയുള്ള മൂന്നാമൻ!’ -ഉമേഷ് പറയുന്നു.
ആരോപണത്തിന് ഇടയാക്കിയ സംഭവം പത്തനംതിട്ട ജില്ലയിലാണ് എന്ന് തുറന്ന് പറയാൻ മാധ്യമങ്ങൾ ഭയക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ‘ഇതേ ജില്ലയിൽ ഇതേ ഏമാൻമാരാണ് 15 മാസമായി എന്നെ സസ്പെൻഷനിൽ നിർത്തിയിരിക്കുന്നത് എന്നതാണ് എന്റെ അഭിമാനം. ഇവന്മാർക്കെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതിയാണ് സസ്പെൻഷൻ നേടിയെടുത്തത് എന്നതാണ് സന്തോഷം. നായാട്ട് ഭയപ്പെടാതെ
പരാതി പറയാൻ ധൈര്യം കാണിച്ച സബ് ഇൻസ്പെക്ടർമാർക്ക് അഭിവാദ്യങ്ങൾ. അന്തസ്സോടെ ജോലി ചെയ്യാൻ അവർക്ക് ധൈര്യം നൽകിയ ഡി.ഐ.ജി. അജിതാബീഗത്തിന് നന്ദി. ഐ.പി.എസ് കാരനെതിരെ റിപ്പോർട്ട് നൽകാൻ ധൈര്യം കാണിച്ച ഇന്റലിജൻസ് വിഭാഗത്തിനും നന്ദി. കേരളാ പോലീസിൽ എപ്പോഴും എന്റെ മാതൃക മൂന്ന് ധീര വനിതകളാണ് -വിനയ, മീന കുമാരി കെ.വി, അപർണ ലവകുമാർ. അവർക്ക് തുടർച്ചകളുണ്ടാവും. അവർ കൊളുത്തിയ തീ പടർന്നു കൊണ്ടേയിരിക്കും’ -ഉമേഷ് പറഞ്ഞു.
ഐ.പി.എസ് കാരൻ മാത്രമല്ല, താഴെത്തട്ടിലും ഇത്തരക്കാരുണ്ടെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ‘പരാതിക്കാരിയുടെയും കൂടെ വന്ന പെൺകുട്ടികളുടെയും സഹോദരനോടൊപ്പം വന്ന പെൺകുട്ടിയുടെയും നമ്പറുകളിലേക്ക് രാത്രി കുത്തിയിരുന്ന് ഒലിപ്പിക്കുന്ന ഓഫീസറുടെ സ്ക്രീൻ ഷോട്ടുകൾ കണ്ണൂരിലെ മലയോര സ്റ്റേഷനിൽ നിന്ന് രണ്ടു ദിവസമായി കിട്ടുന്നു. ഇത്രയും വാർത്തകൾക്കിടയിലും ഏമാന്റെ ധൈര്യം!!’ -കുറിപ്പിൽ പറഞ്ഞു.
അതിനിടെ, രണ്ട് വനിത എസ്.ഐമാർ നൽകിയ പരാതിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ വി.ജി. വിനോദ് കുമാറിനെതിരെ ഡി.ജി.പി റവഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല.
മുൻ എസ്.പി വി.ജി. വിനോദ് കുമാർ തൊഴിൽ സ്ഥലത്ത് മാനസികമായി പീഡിപ്പിച്ചുവെന്നും മോശം സന്ദേശങ്ങൾ അയച്ചുവെന്നും കാട്ടി പത്തനംതിട്ടയിലെ രണ്ട് വനിത എസ്.ഐമാരാണ് ദിവസങ്ങൾക്ക് മുമ്പ് റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന് പരാതി നൽകിയത്. രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി വനിത എസ്.ഐമാരുടെ മൊഴിയെടുത്ത ഡി.ഐ.ജി, ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷണം വേണമെന്ന് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ഡി.ജി.പി റവഡ ചന്ദ്രശേഖർ പൊലീസ് ആസ്ഥാനത്തെ വുമൺ കംപ്ലയിന്‍റ് സെൽ അധ്യക്ഷയായ എസ്.പി മെറിൻ ജോസഫിന് അന്വേഷണ ചുമതല കൈമാറിയത്.
പത്തനംതിട്ട മുൻ ജില്ല പൊലീസ് മേധാവിയായ വി.ജി. വിനോദ് കുമാർ ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫിസിൽ എ.ഐ.ജിയാണ്. പോക്സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ദക്ഷിണ മേഖല ഐ.ജിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റം. എന്നാൽ, പകരം നിർണായക സ്ഥാനത്തേക്കായിരുന്നു നിയമനം. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിത ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടിയോ വകുപ്പുതല നടപടിയോ ഉണ്ടാകും.
അതേസമയം, മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചനയെന്നും വനിത എസ്.ഐമാർക്കെതിരെ അന്വേഷണം വേണമെന്നും എ.ഐ.ജി വി.ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം ഡി.ജി.പിക്ക് പരാതി നൽകി. വനിത എസ്.ഐമാർക്ക് താൻ മോശം സന്ദേശങ്ങൾ അയച്ചിട്ടില്ല. എസ്.പി എന്ന നിലയിൽ ഡ്യൂട്ടിയുടെ ഭാഗമായി മാത്രമാണ് സന്ദേശങ്ങൾ അയച്ചത്. പോഷ് ആക്ടിന്‍റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിച്ച് എസ്.ഐമാർക്കെതിരെ ഗൂഢാലോചനയിൽ അന്വേഷണം വേണം. ഒരേ ഫോണ്ടിൽ പരാതികള്‍ തയാറാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.