‘വടകരയിൽ തോറ്റതിന് നടവഴിയിൽ തടയുന്ന പരിപാടി അടപടലം തകർന്നതായി സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചു’ -ഡി.വൈ.എഫ്.ഐയെ ട്രോളി ഡോ. ജിന്റോ ജോൺ

കൊച്ചി: വടകരയിൽ ഷാഫി പറമ്പിൽ എം.പി വൻ ഷോ ആണ് നടത്തിയതെന്നും തങ്ങൾ ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ലെന്നുമുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വസീഫിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ.  ‘വടകരയിൽ തോറ്റതിന് നടവഴിയിൽ തടയുന്ന പരിപാടി ഇതോടെ നിർത്തിയതായി സർക്കാർ വിലാസം അടിമകൾ അറിയിക്കുന്നു. ഡി.വൈ.എഫ്.ഐ ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതികളായ കാഫിർ സ്ക്രീൻഷോട്ട്, നീലപ്പെട്ടി തുടങ്ങിയവ പോലെ ഇന്നത്തെ വഴിതടയൽ പരിപാടിയും അടപടലം തകർന്നതായി സംസ്ഥാന നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചു’ -ജിന്റോ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ഷാഫിയുടെ തന്ത്രങ്ങളിൽ വീണ സഖാക്കൾക്ക് ബോധമുണ്ടാകാനുള്ള സ്റ്റഡി ക്ലാസ്സ് അടിയന്തരമായി ഉണ്ടാകും. വിവരദോഷികളായവർ ഇനിയും ഷാഫിയുടെ തന്ത്രങ്ങളിൽ വീഴരുതല്ലോ. സമരമെന്തെന്ന ഓർമ്മകൾ പോലുമില്ലാതെ വെറുതെയിരുന്നു വാതം പിടിക്കാതിരിക്കാൻ ഒന്ന് വഴിയിലിറങ്ങിയപ്പോഴേക്കും ഷാഫിയുടെ വാരിക്കുഴിയിൽ മരുമോന്റെ ശിഷ്യർ വീണതിന്റെ വിലാപമാണ് വസീഫിന്റെ വെളിപാട്. ഒരേസമയം തെമ്മാടി കൂട്ടങ്ങളെ ഷാഫിയുടെ മുന്നിൽപ്പെടാതെ നോക്കുകയും വേണം, അഥവാ ഇനി എന്തെങ്കിലും ബോംബ് വീണാലുണ്ടാകുന്ന കൂട്ടത്തകർച്ച ഒഴിവാക്കുകയും വേണം. വസീഫിന്റെ ഒരു ഗതികേടേ... രാഹുലിനെ ചാരി ഷാഫിയെ കൊട്ടാനിറങ്ങിയ ഡി.വൈ.എഫ്.ഐ ഇപ്പോൾ പുറത്തിറങ്ങാൻ രാഹുകാലം നോക്കേണ്ട അവസ്ഥയിലുമായി’ -അദ്ദേഹം പരിഹസിച്ചു.

രാഹുലിനെ ഷാഫിയാണ് സംരക്ഷിക്കുന്നതെന്നും ഇതിന്റെ പേരിലുള്ള സ്വാഭാവിക പ്രതികരണമാണ് ഷാഫിക്കെതിരെ വടകരയിൽ ഉണ്ടായതെന്നുമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വസീഫ് പറഞ്ഞത്. ‘ഷാഫിയുടെ നേതൃത്വത്തിൽ പല കുതന്ത്രങ്ങള്‍ നടത്തും. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിൽ പെട്ടുപോകരുത്. വടകരയിൽ ഷാഫി പ്ലാൻ ചെയ്തപോലുള്ള പ്രതികരണമാണ് നടത്തിയത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ആണെന്ന് പോലും ഷാഫി മറന്നു. ഷാഫിയുടെ ഇത്തരം പ്രതികരണങ്ങളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പുലര്‍ത്തും. ഡി.വൈ.എഫ്.ഐ ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചാൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരണം. ഒരിക്കൽ പോലും ഷാഫി രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറ‍ഞ്ഞിട്ടില്ല’ -വി. വസീഫ് പറ‍ഞ്ഞു.

ഇന്നലെ ഉച്ചക്ക് ശേഷമാണ് ഷാഫി പറമ്പിൽ എം.പിയെ വടകരയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവെച്ച് തെറിവിളിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതോടെ ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധക്കാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. തെറിവിളിച്ചാൽ പേടിച്ചോടുമെന്ന് കരുതിയോ എന്ന് ചോദിച്ചാണ് ഷാഫി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നേരിട്ടത്. 

Full View

Tags:    
News Summary - dr jinto john against dyfi blocking shafi parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.