ഉത്തരാഖണ്ഡ് മഴ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ രണ്ടിടത്തുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധിപേർ കുടുങ്ങികിടക്കുന്നു. ചമോലി, രുദ്രപ്രയാഗ് ജില്ലകളിലാണ് മേഘവിസ്ഫോടനമുണ്ടായത്. മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്.
രുദ്രപ്രയാഗ് ജില്ലയിലെ ബാരേത് ദങ്കറിലും ചമോലിയിലെ ദേവാലിലുമാണ് മേഘവിസ്ഫോടനങ്ങൾ ഉണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് ധാമി അറിയിച്ചു. എല്ലാവരുടേയും സുരക്ഷക്കായി ദൈവത്തോട് പ്രാർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉത്തരാഖണ്ഡിലെ ചമോലിയിൽ ആഗസ്റ്റ് 23നും മേഘവിസ്ഫോടനമുണ്ടായിരുന്നു. തരാളി തെഹ്സിൽ കോംപ്ലക്സിലെ മാർക്കറ്റ് മേഘവിസ്ഫോടനത്തിൽ തകർന്നിരുന്നു. മാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളും തകർന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് വലിയ വെള്ളപ്പാച്ചിലുണ്ടായി. നഗരത്തിൽ മുഴുവൻ വെള്ളം കയറുകയും ചെയ്തു.മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിനെ തുടർന്ന് സാഗ്‍വാര ഗ്രാമത്തിൽ പെൺകുട്ടി മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് പെൺകുട്ടി മരിച്ചത്.
ആഗസ്റ്റ് 23ലെ മേഘവിസ്ഫോടനത്തെ തുടർന്ന് തരാളി-ഗാൽദാം റോഡിൽ ഗതാഗതം തടസപ്പെട്ടു. തരാളി-സാഗ്‍വാര റോഡും ബ്ലോക്കാണ്. നിരവധി വാഹനങ്ങൾ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിരുന്നു. അന്ന് എസ്.ഡി.ആർ.എഫ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവ രക്ഷാപ്രവർത്തനത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. ഇവരുടെ ത്വരിത ഇടപെടലാണ് മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.