നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ റിപ്പോർട്ട്. ആഗസ്റ്റിൽ നടത്തിയ സർവേയുടെ റിപ്പോർട്ടാണ് പുറത്ത് വന്നത്. മോദിയുടെ പെർഫോമൻസ് റേറ്റിങ് 58 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്നാണ് സർവേ പറയുന്നത്. 2025 ഫെബ്രുവരിയിൽ സർവേ നടത്തിയപ്പോൾ 62 ശതമാനം പെർഫോമൻസ് റേറ്റിങ് മോദിക്കുണ്ടായിരുന്നു. ഇപ്പോൾ നാല് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
34.2 ശതമാനം പേരാണ് മോദിയുടെ പെർഫോമൻസിനെ ഏറ്റവും മികച്ചതെന്ന് വിലയിരുത്തിയത്. 23.8 ശതമാനം അദ്ദേഹത്തിന്റെ പ്രകടനം മികച്ചതെന്ന് വിലയിരുത്തി. 12.7 ശതമാനം മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പ്രധാനമന്ത്രിയുടെ പ്രകടനം മോശമെന്നാണ് അഭിപ്രായപ്പെടുന്നത്. 13.8 ശതമാനം പേർ വളരെ മോശമെന്നാണ് അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയത്. ഇന്ത്യ ടുഡേ സിവോട്ടർ മൂഡ് ഓഫ് നാഷൻ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.
എൻ.ഡി.എ സർക്കാറിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായെന്ന് സർവേയിൽ നിന്നും വ്യക്തമാകും. 52.4 ശതമാനം ആളുകൾ എൻ.ഡി.എയുടെ പ്രകടനം മികച്ചതെന്ന് വിലയിരുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ സർവേ നടത്തിയപ്പോൾ 62.1 ശതമാനം പേർ മോദി സർക്കാറിന്റെ പ്രകടനം മികച്ചതെന്ന് വിലയിരുത്തിയിരുന്നു. 15.3 ശതമാനം പേരും സർക്കാറിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി.
രാമക്ഷേത്രം യാഥാർഥ്യമാക്കിയതാണ് മോദി സർക്കാറിന്റെ ഏറ്റവും വലിയ നേട്ടമായി ജനങ്ങൾ കാണുന്നത്. എന്നാൽ, തൊഴിലില്ലായ്മയും വർഗീയ കലാപങ്ങളും ന്യൂനപക്ഷങ്ങൾക്കിടയിലെ ഭീതിയുമാണ് സർക്കാറിനെതിരായ പ്രധാന വിമർശനങ്ങളായി ഉന്നയിച്ചത്. പണപ്പെരുപ്പവും സർക്കാറിന്റെ ജനപ്രീതി ഇടിയുന്നതിനുള്ള ഒരു കാരണമായി മാറി. ഓപ്പറേഷൻ സിന്ദൂറും അടിസ്ഥാനസൗകര്യവികസനമേഖലയിലെ നേട്ടങ്ങളുമാണ് മോദി സർക്കാറിന് അനുകൂലമായി മാറുകയെന്നും ജനങ്ങൾ കരുതുന്നു.
ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് നേരിയ മേൽക്കൈ ഉണ്ടെന്നും സർവേ പ്രവചിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനത്തിൽ നിന്ന് 50 ശതമാനമായി എൻ.ഡി.എയുടെ വോട്ടുവിഹിതം വർധിക്കും. ഇൻഡ്യ സഖ്യത്തിന്റെ വോട്ടുവിഹിതം 39 ശതമാനത്തിൽ നിന്നും 44 ശതമാനമായി വർധിക്കുമെന്നും സർവേ പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.