മിന്റ ദേവി, മിന്റ ദേവിയുടെ ചിത്രം പതിച്ച ടി ഷർട്ട് അണിഞ്ഞ് പ്രിയങ്ക ഗാന്ധി

ആരാണീ മിന്റ ദേവി.. വോട്ടർപട്ടികയിലെ ​124കാരി മുത്തശ്ശി; ശരിക്കും വയസ്സ് 35 -എം.പിമാരുടെ പ്രതിഷേധ ടീ ഷർട്ടിലെ വോട്ടറെ തേടി രാജ്യം

ന്യൂഡൽഹി: ആരാണീ മിന്റ ദേവിയെന്ന അന്വേഷണത്തിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി മുതൽ കേരളത്തിൽ നിന്നുള്ള എം.പിമാരായ ഡീൻ കുര്യാകോസ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എന്നിവർ ചൊവ്വാഴ്ച അണിഞ്ഞ വെള്ള ടീ ഷർട്ടിൽ പതിച്ച  ‘മുത്തശ്ശി’ ആരെന്ന് അന്വേഷിക്കുകായിരുന്നു രാജ്യം. വോട്ട് കൊള്ളയുടെയും ക്രമക്കേടിന്റെയും നേർ ചിത്രം രാജ്യത്തോട് വിളിച്ചു പറയുന്നതിനു വേണ്ടിയാണ് മിന്റ ദേവിയുടെ ചിത്രം പതിച്ച ടി ഷർട്ടുമായി കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ എം.പിമാർ പ്രതിഷേധത്തിൽ അണിനിരന്നത്.

ടീ ഷർട്ടിന് മുന്നിൽ ‘മിന്റ ദേവി’യുടെ ചിത്രവും പേരും, പിറകിൽ 124നോട്ടൗട്ട് എന്നും കുറിച്ചു. തുടർന്ന് ദേശീയ മാധ്യമങ്ങളെല്ലാം മിന്റ ദേവിയെ തിരയുന്നു തിരക്കിലായിരുന്നു. ഒടുവിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ ആളെ കണ്ടെത്തി. ബിഹാറിലെ ദരുണ്ട അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള വോട്ടറാണ് മിന്റ ദേവി എന്ന കന്നി വോട്ടർ. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക പ്രകാരം 1900ൽ ജനിച്ച മിന്റക്ക് 124 വയസ്സുണ്ടെന്നതാണ് കോൺഗ്രസ് ആയുധമാക്കി മാറ്റിയത്. എന്നാൽ, 1990ൽ ജനിച്ച ഇവർക്ക് 35 വയസ്സുമാത്രമാണ് പ്രായം.

ബിഹാറിലെ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക പരിഷ്‍കരണത്തിലെ (എസ്.ഐ.ആർ) വീഴ്ചകൾ ദേശീയ ശ്രദ്ധയിലെത്തിക്കുന്നതിനു വേണ്ടിയാണ് കോൺഗ്രസ് മിന്റ ദേവിയുടെ വിഷയം പ്രചരണായുധമാക്കി മാറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച ​‘വോട്ട് ചോരി’ തട്ടിപ്പ് പുറത്തുവിട്ടുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിലും 124ാം വയസ്സിൽ കന്നിവോട്ട് ചെയ്യാൻ അവസരം ലഭിച്ച ഈ വീട്ടമ്മയെ പരാമർശിച്ചിരുന്നു.

‘മിന്റ ദേവി’ ഒറ്റപ്പെട്ട സംഭവമല്ലെന്നും അടിമുടി ക്രമേക്കടുകളും പോരയ്മകളുമുള്ള തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടികയിൽ ഇത്തരത്തിൽ ഇനിയും കേസുകളുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിശദീകരണം.

സംഭവം വിവാദമായതോടെ വോട്ടറുമായി ബന്ധപ്പെട്ട് തിരുത്തലുകൾക്ക് നടപടി സ്വീകരിച്ചതായി സിവാൻ ജില്ലാ കലക്ടർ അറിയിച്ചു. പിഴവ് തിരുത്താൻ അപേക്ഷ ലഭിച്ചതായും വോട്ടർപട്ടിക പുതുക്കുമ്പോൾ തിരുത്തുമെന്നും അറിയിച്ചു.


 എനിക്ക് വാർധക്യ പെൻഷൻ തരൂ- മിന്റ ദേവി

124 വയസ്സ് രേഖപ്പെടുത്തി തന്നെ ലോകത്തിന്റെ മുത്തശ്ശിയാക്കിയ വാർത്തയോട് പരിഭവവും തമാശയും കലർന്നാണ് മിന്റ ദേവിയുടെ പ്രതികരണം. അതേസമയം, തന്റെ ചിത്രം പതിച്ച ടി ഷർട്ട് അണിഞ്ഞ എം.പിമാരു​ടെ നടപടിയെയും അവർ വിമർശിച്ചു.

തന്നെ മുത്തശ്ശിയാക്കിയ ഉദ്യോഗസ്ഥർ എന്തുകൊണ്ട് വാർധക്യപെൻഷൻ നൽകുന്നില്ല എന്നാണ് ഈ 35കാരിയുടെ ചോദ്യം. ‘ഒരു ഉദ്യോഗസ്ഥനും എന്നെ വിളിച്ചിട്ടില്ല. രണ്ടു ദിവസം മുമ്പാണ് ഈ കാര്യങ്ങളെല്ലാം അറിഞ്ഞത്. സർക്കാറിന് ഞാൻ 124 വയസ്സായെങ്കിൽ എനിക്ക് വാർധക്യ പെൻഷൻ നൽകു. ആധാർ പ്രകാരം എ​ന്റെ ജനന തീയതി 1990 ജൂലായ് 15 ആണ്. എ​െൻർ പ്രായം തെറ്റിച്ചവർ തന്നെ തെറ്റു തിരുത്തണം’ -വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ മിന്റ ദേവി ​പറയുന്നു. 

Tags:    
News Summary - The tale of Minta Devi, the ‘124 year-old’ who has become the face of opposition’s protest at Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.