പുണെ: 2016 മുതൽ വോട്ട്മോഷണം എന്ന ഗുരുതരപ്രശ്നം താൻ ഉയർത്തിക്കൊണ്ടുവരികയാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന(എം.എൻ.എസ്) നേതാവ് രാജ് താക്കറെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബി.ജെ.പി നേതാവ് അനുരാഗ് താക്കൂറും ഇപ്പോൾ വോട്ട് മോഷണ വിഷയവുമായി രംഗത്തുവന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അതിനെ കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വോട്ടർമാരുടെ പട്ടികയിൽ പാർട്ടി പ്രവർത്തകർ അതീവ ജാഗ്രത പുലർത്തണം. വോട്ടർ പട്ടിക ക്രമക്കേടിനെ കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ അത് ഗൗരവത്തോടെ കാണണം. എന്നാൽ പരാതികൾ കണക്കിലെടുക്കാതെ അടിച്ചമർത്തുന്ന മനോഭാവമാണ് തെരഞ്ഞെടുപ്പ് കമീഷന്. കഴിഞ്ഞ 10 വർഷത്തെ വോട്ട് മോഷണം പുറത്തുവരുമെന്ന് ഭയന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അങ്ങനെ ചെയ്യാത്തതെന്നും രാജ് താക്കറെ ആരോപിച്ചു.
ഇത്രയും വർഷം വോട്ടുകൾ മോഷണം നടത്തിയാണ് അവർ അധികാരത്തിൽ തുടർന്നതെന്നും ബി.ജെ.പിയുടെ പേര് പരാമർശിക്കാതെ അദ്ദേഹം വിമർശിച്ചു.
''വോട്ട് കിട്ടാത്തത് കൊണ്ടല്ല ഞങ്ങളുടെ സ്ഥാനാർഥികൾ പരാജയപ്പെട്ടത്. എന്നാൽ പോൾ ചെയ്ത വോട്ടുകളൊന്നും അവരുടെ അക്കൗണ്ടുകളിലേക്ക് എത്തിയില്ല. അവരുടെ വോട്ട് ചോർച്ച പുറത്തുകൊണ്ടുവന്നേ മതിയാകൂ. എല്ലാ പാർട്ടി പ്രവർത്തകരും വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിക്കണം. കഴിഞ്ഞ 10 കൊല്ലമായി താനിതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാജ് താക്കറെ സൂചിപ്പിച്ചു.
10 വർഷമായി രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ട്. 2016 മുതൽ ഞാനതിനെ കുറിച്ച് പറയുന്നുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശരദ് പവാർ, സോണിയ ഗാന്ധി, മമത ബാനർജി തുടങ്ങിയ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. 2017ൽ തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചിരുന്നു-രാജ് താക്കറെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.