`ടിക്ടോക്ക് എല്ലാം ഇങ്ക ബാന് മാ'... വിലക്ക് നീക്കിയില്ലെന്ന് കേന്ദ്ര സർക്കാർ

ടിക്ടോക്ക് ഇന്ത്യയിൽ തിരിച്ചെത്തി എന്ന വാർത്തകൾ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്നും ടിക്ടോക്കിനുള്ള വിലക്ക് എടുത്തുമാറ്റിയിട്ടില്ല എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നു. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വിലക്ക് നീങ്ങിയെന്ന തരത്തിലുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ലഭ്യമാണെങ്കിലും ഹോം പേജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പേജുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിലും ടിക്ടോക്ക് ആപ്പ് ലഭ്യമല്ല. ടിക് ടോക്കിനും വെബ്‌സൈറ്റിനും വിലക്ക് തുടരുന്നുണ്ട്. ചൈന ആസ്ഥാനമായുള്ള വിഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ടിക്ടോക്കിന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നുണ്ടെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

2020ലെ ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയായതിനെ തുടർന്നാണ് ടിക് ടോക്ക്, വീചാറ്റ്, ഹെലോ തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചത്. 59 ആപ്പുകളിൽ ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്.

2020 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ടിക് ടോക്കിന് ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു.

Tags:    
News Summary - india retains tiktok ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.