ഇന്ത്യക്കൊപ്പം ഇന്ത്യക്കാർക്കായി ഓപൺ എ.ഐ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ മുൻനിര കമ്പനിയായ ഓപൺ എ.ഐ ഇന്ത്യയിൽ ആദ്യത്തെ ഓഫിസ് തുറക്കാൻ പദ്ധതിയിടുന്നു. ഈ വർഷം അവസാനത്തോടെ ന്യൂഡൽഹിയിൽ ഓഫിസ് ആരംഭിക്കുമെന്നാണ് സാം ആൾട്ടമാൻ വ്യക്തമാക്കിയിരിക്കുന്നത്. സെപ്തംബറിൽ ഇന്ത്യ സന്ദർശിക്കുമെന്നും സാം ആൾട്ട്മാൻ പറഞ്ഞു. ഇന്ത്യക്കാരുടെ ഇന്‍റർനെറ്റ് ഉപയോഗം പുനർനിർവചിക്കാനുള്ള ഓപൺ എ.ഐയുടെ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ് ഇത്.

കമ്പനിയുടെ ആഗോള വികാസത്തിലെ പ്രധാന നടപടിയായി ഇതിനെ കണക്കാക്കാം. അമേരിക്കക്ക് ശേഷം ഓപൺ എ.ഐ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. ഓപൺ എ.ഐയുടെ രണ്ടാമത്തെ വലിയ വിപണിയും ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയുമാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇന്ത്യയിലെ ചാറ്റ് ജി.പി.ടി ഉപയോക്താക്കളിലുണ്ടായ വർധന നാലിരട്ടിയിലധികമാണ്. ലോകമെമ്പാടുമായി ചാറ്റ്.ജി.പി.ടി ഉപയോഗിക്കുന്ന ഏറ്റവും കൂടുതൽ വിദ്യാർഥികളും ഇന്ത്യയിലാണ്.

ഇതെല്ലാം കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ചാറ്റ്.ജി.പി.ടിക്ക് നിർണായക വിപണിയാണ്. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ഓപൺ എ.ഐ ഏറ്റവും വിലകുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷനായ 399 രൂപ പ്രതിമാസ നിരക്ക് അവതരിപ്പിച്ചിരുന്നു. ഇതെല്ലാം ഇന്ത്യയിൽ കൂടുതൽ വേരൂന്നുക എന്ന് ലക്ഷ്യമിട്ടുകൊണ്ടാണ്.

നിലവിൽ ഇന്ത്യയിൽ നിയമകുരുക്ക് ഓപൺ എ.ഐ നേരിടുന്നുണ്ട്. ചാറ്റ്.ജി.പി.ടി പരിശീലിപ്പിക്കാൻ സഹായിക്കുന്നതിന് അനുമതിയില്ലാതെ തങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതായി വാർത്താ ഏജൻസികളുടെയും പുസ്തക പ്രസാധകരുടെയും ആരോപണം ഓപൺ എ.ഐക്ക് മേൽ നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് ഇങ്ങനെയൊരു തീരുമാനം.

സർക്കാരുമായി സഹകരിച്ച് 'ഇന്ത്യക്കൊപ്പം ഇന്ത്യക്കായി എ.ഐ നിർമ്മിക്കുക' എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സാം ആൾട്ടമാൻ വ്യക്തമാക്കി. ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഓപൺ എ.ഐയുടെ തീരുമാനം എ.ഐ രംഗത്തെ രാജ്യത്തിന്റെ വളർന്നുവരുന്ന സാധ്യതകളെ പ്രതിഫലിപ്പിക്കുന്നു. എ.ഐയുടെ പ്രയോജനങ്ങൾ ഓരോ പൗരനിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഓപൺ എ.ഐയുടെ പങ്കാളിത്തത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇതിനോടകം ഗൂഗ്ളിന്റെ ജെമിനി, എ.ഐ സ്റ്റാർട്ടപ്പ് പെർപ്ലെക്സിറ്റി എന്നിവ ഇന്ത്യയിൽ കമ്പനിക്ക് ശക്തമായ മത്സരം നൽകുന്നുണ്ട്. ഇവ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ കടുത്ത മത്സരമാണ് ഇനി എ.ഐ രംഗത്ത് ഇന്ത്യ കാത്തിരിക്കുന്നത്.

Tags:    
News Summary - OpenAI to launch first India office in New Delhi this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.