പൊതുമേഖലാ ടെലകോം കമ്പനിയായ ബി.എസ്.എൻ.എൽ പച്ചപിടിക്കാത്തത് ‘അപ്ഡേറ്റ് ആകാനുള്ള’ കാലതാമസമാണെന്ന് ഉപയോക്താക്കൾ കണ്ണുംപൂട്ടി പറയും. 4ജി, 5ജി സേവനങ്ങൾ രാജ്യത്ത് ഇനി വ്യാപകമായി എത്തിക്കാനാകാത്ത ബി.എസ്.എൻ.എൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ വലിയ വിമർശനമാണ് നേരിടുന്നത്. എന്നാലിപ്പോൾ സാങ്കേതികവിദ്യ കുതിക്കുമ്പോൾ അതിനൊപ്പം സഞ്ചരിക്കാൻ വിമുഖതയില്ലെന്ന് പ്രഖ്യാപിക്കുകയാണ് ബി.എസ്.എൻ.എൽ. ഇതിന്റെ ആദ്യ ചുവടുവെപ്പെന്ന നിലയിൽ ഇ-സിം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ബി.എസ്.എൻ.എൽ ഇ-സിം സേവനം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇ-സിം സോഫ്റ്റ് ലോഞ്ചാണ് തമിഴ്നാട്ടിൽ നടപ്പിലാക്കിയത്. ഇനി കൂടുതൽ സർക്കിളുകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ. ഫിസിക്കൽ സിമ്മില്ലാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-സിമ്മിന്റേത്. ഇ-സിം അവതരിപ്പിക്കുന്നതിലൂടെ തൽക്ഷണ സിം ആക്ടിവേഷൻ സാധ്യമാകും. ഐ.ഒ.ടി-റെഡി കണക്റ്റിവിറ്റി, സ്മാർട്ട്‌ഫോണുകളിലും വെയറബിളുകളിലും തടസ്സരഹിത ഉപയോഗം എന്നിവയും ഇ-സിമ്മിലൂടെ ഉറപ്പിക്കാം.
തമിഴ്നാട്ടിലല്ലാതെ മറ്റൊരു സംസ്ഥാനത്തും നിലവിൽ ബി.എസ്.എൻ.എൽ ഇ-സിം സേവനം ലഭ്യമാക്കിയിട്ടില്ല. എന്നായിരിക്കും ലോഞ്ച് എന്നകാര്യവും കമ്പനി അറിയിച്ചിട്ടില്ല. കേരള സർക്കിളിൽ ഉൾപ്പെടെ വരിക്കാർക്ക് ഇ-സിം സേവനം ലഭിക്കാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടി വരും. മറ്റ് സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞാൽ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകൾ വഴി ഇ-സിം ലഭിക്കും. ഡിജിറ്റൽ നോ-യുവർ-കസ്റ്റമർ (കെ.വൈ.സി) വെരിഫിക്കേഷനിലൂടെയാണ് ഇ-സിം ലഭിക്കുക.
നിങ്ങളുടെ ഫോൺ ഇ-സിം സപ്പോർട്ട് ചെയ്യുന്നതാണെന്നതും ഉറപ്പുവരുത്തണം. അങ്ങനെയെങ്കിൽ സ്മാർട്ഫോണും ഐ.ഡിയും ഉപയോഗിച്ച് സിമ്മെടുക്കാം. ടെലകോം വരിക്കാർക്ക് അവരുടെ ഇ-സിം പ്രൊഫൈൽ ഡൗൺലോഡ് ചെയ്യുന്നതിന് ഒറ്റത്തവണ ക്യു.ആർ കോഡ് ലഭിക്കുന്നതായിരിക്കും. പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്, ഡ്യുവൽ സിം പ്രവർത്തനക്ഷമത പിന്തുണക്കുന്ന ഉപകരണങ്ങളിൽ ഒരു ഫിസിക്കൽ സിമ്മിനൊപ്പം ഇത് ഉപയോഗിക്കാനും കഴിയും.
ഇതിനകം ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലകോം കമ്പനികൾ ഇ-സിം സേവനം നൽകുന്നുണ്ട്. ബി.എസ്.എൻ.എല്ലിന്റെ ഇ-സിം സേവനം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് വരിക്കാർ. ഇ-സിം സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.