പ്രാഥമിക സ്രോതസ്സായിട്ടല്ല, രണ്ടാമത്തെ അഭിപ്രായമായി ചാറ്റ് ജി.പി.ടി ഉപയോഗിക്കുക -ഓപ്പൺ എ.ഐ എക്സിക്യൂട്ടീവ്

ന്യൂഡൽഹി: ഓപ്പൺ എ.ഐയുടെ ഏറ്റവും പുതിയ ഭാഷാ മോഡലായ ജി.പി.ടി-5, അതിന്റെ മുൻഗാമികളേക്കാൾ ശക്തവും കൃത്യവുമാകാം. പക്ഷേ ഉപയോക്താക്കൾക്ക് ചാറ്റ് ജി.പി.ടിയെ അവരുടെ പ്രധാന വിവര സ്രോതസ്സായി കണക്കാക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. വലിയ പുരോഗതികൾ വരുത്തിയിട്ടുണ്ടെങ്കിലും എ.ഐ ചാറ്റ്ബോട്ട് ഇപ്പോഴും തെറ്റുകൾക്ക് സാധ്യതയുള്ളതിനാൽ അതിനെ രണ്ടാം അഭിപ്രായമായി കാണണമെന്ന് ചാറ്റ് ജി.പി.ടി മേധാവി നിക്ക് ടർലി പറഞ്ഞു.

ജി.പി.ടി-5 ഇപ്പോഴും ഹാലുസിനേഷനുകളുടെ പ്രശ്നം നേരിടുന്നുണ്ടെന്ന് ടർലി സമ്മതിച്ചു. സിസ്റ്റം വിശ്വസനീയമെന്ന് തോന്നുമെങ്കിലും വസ്തുതാപരമായി തെറ്റായ വിവരങ്ങൾ നൽകുന്നു. ഇത്തരം പിശകുകൾ ഗണ്യമായി കുറച്ചതായി ഓപ്പൺ എ.ഐ പറയുന്നു. പക്ഷേ മോഡൽ ഇപ്പോഴും ഏകദേശം 10 ശതമാനം തെറ്റായ പ്രതികരണങ്ങൾ നൽകുന്നു. ചാറ്റ് ജി.പി.ടി. ഒരു മികച്ച ടൂൾ ആണെങ്കിലും, അതിന്‍റെ പ്രതികരണങ്ങളെ അന്തിമ തീരുമാനമായി കണക്കാക്കരുതെന്നും നിക്ക് ടർലി പറഞ്ഞു.

ഒരു വിഷയത്തിൽ കൂടുതൽ വിവരങ്ങൾ അറിയാനും, പുതിയ വീക്ഷണങ്ങൾ മനസ്സിലാക്കാനും ജി.പി.ടി 5 വളരെ ഉപകാരപ്രദമാണ്. ജി.പി.ടി 5ന്‍റെ പരിശീലനം നടന്നത് വലിയ അളവിലുള്ള ഡാറ്റ ഉപയോഗിച്ചാണ്. അതിനാൽ ചിലപ്പോൾ അതിലെ വിവരങ്ങൾ കാലഹരണപ്പെട്ടതോ, പൂർണ്ണമല്ലാത്തതോ, അല്ലെങ്കിൽ തെറ്റായതോ ആയിരിക്കാം. വൈദ്യശാസ്ത്രം, നിയമം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ ചാറ്റ് ജി.പി.ടി. നൽകുന്ന ഉപദേശങ്ങൾ ഒരു രണ്ടാമത്തെ അഭിപ്രായം മാത്രമായി കണക്കാക്കുക. അത്തരം വിഷയങ്ങളിൽ ഒരു വിദഗ്ദ്ധന്‍റെ അഭിപ്രായം തേടുന്നതാണ് ഏറ്റവും ഉചിതം.

ഒരു തീരുമാനമെടുക്കാൻ നിങ്ങൾ ചിന്തിച്ചുതുടങ്ങുമ്പോൾ, ആ ചിന്തകളെ കൂടുതൽ വ്യക്തമാക്കാനും അതിന്‍റെ സാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കാനും ചാറ്റ് ജി.പി.ടിയെ ഒരു സഹായിയായി ഉപയോഗിക്കാം. ​ചാറ്റ് ജി.പി.ടിയെ തുടക്കമെന്ന നിലയിൽ മാത്രം ഉപയോഗിക്കുക. ഒരു വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിക്കാനും, നിങ്ങളുടെ ചിന്തകളെ വിശകലനം ചെയ്യാനും, പുതിയ സാധ്യതകളെക്കുറിച്ച് മനസിലാക്കാനും ഇത് സഹായിക്കും. അന്തിമ തീരുമാനം എടുക്കുമ്പോൾ സ്വന്തം വിവേകവും വിശ്വസനീയമായ മറ്റ് സ്രോതസ്സുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Tags:    
News Summary - Use ChatGPT as second opinion, not primary source: OpenAI executive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.