മുഹമ്മദ് ഫാദിൽ, ഹാനി സമാൻ, മുഹമ്മദ് മുഹ്ബിൻ എന്നിവർ എന്നിവർ ‘മെഡ് ഓറ’ക്കൊപ്പം
ഇത് മെഡ് ഓറ റോബോട്ട് (MedAURA). ആള് കുഞ്ഞനാണെങ്കിലും ഇവൻ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടും. റോബോട്ടിക് ശസ്ത്രക്രിയകളെക്കുറിച്ചും റോബോട്ടിക് ഉപകരണങ്ങളെക്കുറിച്ചുമെല്ലാം എല്ലാവരും കേട്ടുകാണും. എന്നാൽ, ഈ റോബോട്ട് ആളിത്തിരി മിടുക്കനാണ്. ഒരു നഴ്സിന്റെ എല്ലാ ജോലികളും ഒറ്റക്കുചെയ്യും മെഡ് ഓറ. ഒപ്പം ഡോക്ടർമാർ ചെയ്യുന്ന കുറേ കാര്യങ്ങളും. ഇനി ഈ റോബോട്ട് ഏതെങ്കിലും വിദേശ രാജ്യങ്ങളിലുള്ളതാകും എന്ന് കരുതേണ്ട. നമ്മുടെ സ്വന്തം കേരളത്തിലെ മൂന്ന് വിദ്യാർഥികൾ ചേർന്ന് വികസിപ്പിച്ചതാണ് ഈ റോബോട്ട്. പ്ലസ് ടു വിദ്യർഥികളായ തേഞ്ഞിപ്പലം സെന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസിലെ മുഹമ്മദ് ഫാദിൽ പി.പി, പാണക്കാട് ദാറുൽ ഉലൂം എച്ച്.എസ്.എസിലെ ഹാനി സമാൻ പി., മുഹമ്മദ് മുഹ്ബിൻ കെ. എന്നിവരാണ് ഈ റോേബാട്ടിന്റെ പിറവിക്കു പിന്നിൽ.
ഏപ്രിലിൽ മലപ്പുറത്ത് നടന്ന ‘മാധ്യമം’ എജു കഫേയിലെ എക്സ്പോ പവിലിയൻ സന്ദർശിച്ചതാണ് ഇവർക്ക് വഴിത്തിരിവാകുന്നത്. എക്സ്പോ പവിലിയനിലെ യുണീക് വേൾഡ് റോബോട്ടിക്സ് (UWR) ടീമിനെയും അവരുടെ വർക്കുകളും കണ്ട് ഇൻസ്പയറായ ഇവർ റോബോട്ടിക്സ് കോഴ്സുകളെക്കുറിച്ചും സാങ്കേതിക സഹായങ്ങളെക്കുറിച്ചും മനസ്സിലാക്കി. വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡ് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യം ഇവർ അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് മെന്റർമാരായ അഖില ആർ. ഗോമസ്, ജിതു ജോസഫ് എന്നിവരുടെ സഹായത്തോടെ വിദ്യാർഥികൾ മെഡ് ഓറയെ നിർമിക്കുന്നത്. മെഡിക്കലി എ.ഐ ഓട്ടോമേറ്റഡ് യൂനിറ്റ് ഫോർ റോബോട്ടിക് അസിസ്റ്റൻസ് എന്നാണ് മെഡ് ഓറയുടെ പൂർണരൂപം. ഒരു മെഡിക്കൽ അസിസ്റ്റന്റ് റോബോട്ട് എന്നതായിരുന്നു കൺസപ്റ്റ്.
ഈ പ്രോജക്ടുമായി വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡ് മത്സരത്തിന്റെ ആദ്യ ഘട്ടമായ വെർച്വൽ തലത്തിൽ 400ൽ പരം ടീമുകളുമായി മത്സരിച്ച് 17ാം സ്ഥാനം കരസ്ഥമാക്കിയ ഇവർ ചെന്നൈയിൽ നടന്ന റീജനൽ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ യിൽ നടന്ന റീജനൽ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനവും നേടി. ഇപ്പോൾ ഹൈദരാബാദിൽവെച്ച് സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ് ഇവർ.
പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലും ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഊരുകളിലും അതുപോലെ ഡോക്ടർമാർക്ക് എല്ലാ ദിവസവും എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളിലുമെല്ലാം ഒരു നഴ്സിങ് അസിസ്റ്റന്റായി പ്രവർത്തിക്കാൻ മെഡ് ഓറ റോബോട്ടിന് സാധിക്കുമെന്ന് ഇവർ പറയുന്നു. രക്തസമ്മർദം, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ലോകത്തെവിടെ നിന്നും ഡോക്ടർമാർക്ക് ലഭ്യമാകുന്ന AWA ക്ലൗഡിൽ സൂക്ഷിക്കാൻ ഈ റോബോട്ടിന് സാധിക്കും. ആവശ്യമെങ്കിൽ രോഗികൾക്ക് ഡോക്ടറുമായി വീഡിയോ കോളിൽ സംസാരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
രോഗിയുടെ മുഖം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മരുന്ന് നൽകാനും ഈ റോബോട്ടിന് കഴിയും. ഇതിൽ ഓട്ടോമാറ്റിക് ഇൻസുലിൻ ഇൻജക്ഷൻ സംവിധാനവുമുണ്ട്. രോഗിയുടെ മാനസികാവസ്ഥ മനസ്സിലാക്കി ക്ലിനിക്കൽ തെറപ്പി സഹായം നൽകാനും മെഡ് ഓറക്ക് സാധിക്കും. കൂടാതെ, രോഗിയുടെ മാനസികാവസ്ഥക്കനുസരിച്ച് അരോമ തെറപ്പി നൽകാനും ഇതിന് കഴിയും. അതുകൊണ്ട്, ആദിവാസി ഊരുകളിലും വയോജന സംരക്ഷണ കേന്ദ്രങ്ങളിലും വൈദ്യസഹായം ആവശ്യമുള്ള ആളുകൾക്ക് ഏറ്റവും മികച്ച പരിഹാരമാർഗമായി ഈ റോബോട്ട് മാറുമെന്ന് വിദ്യാർഥികൾ പറയുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.