ഗൂഗ്ൾ മാപ്പ് ഇനി ചതിക്കില്ല... അപകട മേഖലകൾ മുൻകൂട്ടി കാണിക്കാൻ ബ്ലാക്ക് സ്പോട്ട് അലർട്ട്

ന്യൂഡൽഹി: ഗൂഗ്ൾ മാപ്പ് നോക്കി യാത്ര ചെയ്ത് വാഹനങ്ങൾ അപകടത്തിൽപെടുന്ന നിരവധി വാർത്തകൾ നാം കണ്ടിട്ടുണ്ട്. ഗൂഗ്ൾ മാപ്പ് നോക്കി സഞ്ചരിച്ച് അപകടത്തിൽപെട്ടതും കുഴിയിൽ ചാടിയതുമായ സംഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാവും. ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങളാകാം ഇതിന് കാരണം.

ഇത്തരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാൻ പുതിയ അലർട്ടുകൾ ഉൾപെടുത്തിയിരിക്കുകയാണ് ഗൂഗ്ൾ മാപ്പ്. ബ്ലാക്ക് സ്പോട്ട് അലർട്ടുകളാണ് ആപ്പിലൂടെ ലഭിക്കുന്നത്. ഇത് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഡൽഹി ട്രാഫിക് പൊലീസാണ്. രാജ്യ തലസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങൾ കുറക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2024 ലെ ബ്ലാക്ക് സ്പോട്ടുകളുടെ അടിസ്ഥനപ്പെടുത്തിയാണ് ഇത് ആരംഭിക്കുന്നത്. ഓരോ വർഷത്തിന്റെയും അവസാനം ബ്ലാക്ക് സ്പോട്ടുകളുടെ വാർഷിക പട്ടിക സമാഹരിച്ച് അത് ഗൂഗ്ൾ മാപ്പിൽ ചേർക്കും. ഒരു പ്രത്യേക സ്ഥലത്ത് പതിവായി അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ആ ഭാഗത്തിന്റെ മധ്യഭാഗം ബ്ലാക്ക് സ്പോട്ടായി തരംതിരിക്കപ്പെടുന്നു.

കഴിഞ്ഞ വർഷം ഡൽഹിയിൽ 1,132ൽ അധികം അപകടങ്ങൾ ഉണ്ടായി. 483 അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി ഡൽഹി ട്രാഫിക് പോലീസ് ഇത്തരത്തിലുള്ള 111 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരെ വിവരമറിയിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനുമായി സ്ഥലങ്ങൾ മാപ്പിൽ അടയാളപ്പെടുത്തും. ഈ ബ്ലാക്ക് സ്‌പോട്ടുകളില്‍ ഏതൊരു വാഹനവും എത്തുന്നതിന് 100 മുതല്‍ 200 മീറ്റര്‍ മുമ്പ് ജാഗ്രതാ നിര്‍ദേശം യാത്രക്കാര്‍ക്ക് ലഭിക്കും.

ഡൽഹി ട്രാഫിക് പൊലീസ് ഗൂഗിളുമായി സഹകരിക്കുന്നുവെന്നും ആന്തരിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷനർ (ട്രാഫിക് ഹെഡ്ക്വാർട്ടേഴ്സ്) ശിവ് കേശാരി സിംഗ് പറഞ്ഞു. യാത്രക്കാർ ജാഗ്രത പാലിക്കുന്നതിനും അവരുടെ ഡ്രൈവിങ് എളുപ്പവും സുരക്ഷിതവുമാകുന്നതിനും മരണസംഖ്യ കുറക്കുന്നതിനും സമയബന്ധിതമായ വിവരങ്ങൾ നൽകുക എന്നതുമാണ് ഇതിന്‍റെ ആശയം- അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Google Maps Will Now Flag Blackspots In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.