പ്രതീകാത്മക ചിത്രം
മുൻകാല കുറ്റകൃത്യങ്ങളുടെ ഡേറ്റ ലഭ്യമാക്കുന്നതിനൊപ്പം ഭൂമിശാസ്ത്ര വിവര സംവിധാനങ്ങളെ മെഷീൻ ലേണിങ്ങുമായി സംയോജിപ്പിച്ചായിരിക്കും കുറ്റകൃത്യങ്ങൾ എ.ഐ മുൻകൂട്ടി പ്രവചിക്കുക
അക്രമം നടക്കുന്നതിനു മുമ്പ് പൊലീസിന് വിവരം ലഭിച്ചാൽ അതു സംഭവിക്കാതെ നോക്കാൻ അവർക്ക് സാധിക്കും. ഇതിനി നിർമിത ബുദ്ധിയുടെ സഹായത്തോടെ സാധ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. കുറ്റകൃത്യങ്ങൾ എവിടെയാണ് ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ളതെന്ന് എ.ഐയുടെ സഹായത്തോടെ പ്രവചിക്കാൻ സഹായിക്കുന്ന സംവേദനാത്മക കുറ്റകൃത്യ ഭൂപടങ്ങൾ (Interactive Crime mapping) സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടൻ.
മോഷണം, കുത്തിപ്പരിക്കേൽപ്പിക്കൽ, സാമൂഹികവിരുദ്ധ പെരുമാറ്റം, മറ്റ് അക്രമാസക്തമായ കുറ്റകൃത്യങ്ങൾ എന്നിവ മുൻകൂട്ടി പ്രവചിച്ച് പൊലീസിന് വിവരം നൽകി, പൊതുഇടങ്ങൾ സുരക്ഷിതമാക്കാൻ സാധ്യമാകുമെന്നാണ് ബ്രിട്ടീഷ് സർക്കാർ പറയുന്നത്. 2030 ഓടെ ഇത് പൂർണമായി നടപ്പാക്കലാണ് ലക്ഷ്യം. മുൻകാല സംഭവങ്ങളിൽനിന്നും കുറ്റകൃത്യങ്ങളുടെ രീതി, കുറ്റവാളികളുടെ ഡേറ്റ, ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി പങ്കിട്ട വിവരങ്ങൾ എന്നിവ എ.ഐ വിശകലനം ചെയ്യും. ശേഷം ഉയർന്ന അപകടസാധ്യതയുള്ള മേഖലകൾ തിരിച്ചറിഞ്ഞ് നിയമപാലകരെ സഹായിക്കും.
മുൻകാല കുറ്റകൃത്യങ്ങളുടെ ഡേറ്റ ലഭ്യമാക്കുന്നതിനപ്പുറം, ഭൂമിശാസ്ത്രപരമായ വിവര സംവിധാനങ്ങൾ (Geographic Information Systems-ജി.ഐ.എസ്) മെഷീൻ ലേണിങ്ങുമായി സംയോജിപ്പിച്ചാണ് കുറ്റകൃത്യങ്ങൾ എ.ഐ മുൻകൂട്ടി പ്രവചിക്കുന്നത്. ക്രൈം റിപ്പോർട്ടുകൾ, പൊലീസ് രേഖകൾ, സി.സി ടി.വി ദൃശ്യങ്ങൾ, എമർജൻസി കാളുകൾ, സോഷ്യൽ മീഡിയയുടെ പ്രവർത്തനം എന്നിവയുൾപ്പെടെ നിരവധി ഇൻപുട്ടുകൾ ഇതിനായി ഉപയോഗിക്കുന്നു. നാചുറൽ ലാംഗ്വേജ് പ്രോസസിങ് (എൻ.എൽ.പി), പ്രഡിക്ടിവ് അനലിറ്റിക്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, ക്രൈം ഹോട്സ്പോട്ടുകൾ, കുറ്റകൃത്യങ്ങളും സ്ഥലങ്ങളും തമ്മിലുള്ള പരസ്പരബന്ധങ്ങൾ എന്നിവ എ.ഐ തിരിച്ചറിയുന്നു.
കുറ്റകൃത്യങ്ങളുടെ തരം, സ്ഥലം അല്ലെങ്കിൽ സമയപരിധി തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി ഈ കണ്ടെത്തലുകൾ ഡൈനാമിക്, ഇന്ററാക്ടിവ് മാപ്പുകളിൽ ദൃശ്യവത്കരിക്കുന്നു. പതിവ് ക്രൈം മാപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇവ തത്സമയം അപ്ഡേറ്റ് ചെയ്യുന്നു. കൂടാതെ, മുന്നറിയിപ്പോ പ്രവചനങ്ങളോ നൽകാനും കഴിയും. പട്രോളിങ് റൂട്ടുകൾ തെരഞ്ഞെടുക്കാനും, സുതാര്യത നിലനിർത്താനും ഇതു പൊലീസിനെ സഹായിക്കും. ക്രൈം മാപ്പിങ് നേരത്തേ യു.എസിൽ പരീക്ഷിച്ചെങ്കിലും വിജയത്തിലെത്തിയിരുന്നില്ല. എന്നു മാത്രമല്ല, ഉദ്ദേശശുദ്ധി വിവാദത്തിലാവുകയും ചെയ്തു.
കറുത്തവർഗക്കാർക്കെതിരെ പക്ഷപാതപരമായ നടപടികൾ സ്വീകരിക്കുന്നു എന്ന ആശങ്കകളെത്തുടർന്ന് ലോസ് ആഞ്ജലസ്, ഷികാഗോ തുടങ്ങിയ നഗരങ്ങളിലെ പ്രവചനാത്മക പൊലീസിങ് പ്രോഗ്രാമുകൾ നിർത്തലാക്കപ്പെട്ടിരുന്നു. അതുപോലെ, ജിയോലിറ്റിക്ക എന്ന സോഫ്റ്റ്വെയറും സംശയങ്ങൾക്കിടയിൽ 2020ൽ നിർത്തലാക്കപ്പെട്ടു. അതേസമയം, നെതർലൻഡ്സിന്റെ ക്രൈം ആന്റിസിപ്പേഷൻ സിസ്റ്റം മോഷണം തടയുന്നതിൽ നേരിയ പുരോഗതി കാണിച്ചിട്ടുണ്ട്. 2026 ഏപ്രിലോടെ പുതിയ സാങ്കേതിക വിദ്യയുടെ പ്രോട്ടോടൈപ് പുറത്തിറക്കാനാണ് ബ്രിട്ടന്റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.