സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുള്ള ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഡിജിറ്റൽ സാക്ഷരത നേടിയ പെരിങ്ങമല സ്വദേശി ശാരദ കാണി സെൽഫിയെടുക്കുന്നു. മന്ത്രിമാരായ ജി.ആർ. അനിൽ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവർ സമീപം
തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം മാറി. പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അഭിമാന മുഹൂർത്തമെന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ ആദ്യം മുഖ്യമന്ത്രി പറഞ്ഞത്. രാജ്യത്ത് 38 ശതമാനം കുടുംബങ്ങൾ മാത്രമാണ് ഡിജിറ്റൽ സാക്ഷരത നേടിയിട്ടുള്ളതെന്നും അത് പരിശോധിക്കുമ്പോഴാണ് 99.98 ശതമാനം കൈവരിച്ച് നേടിയ നേട്ടത്തിന്റെ വലിപ്പം മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടം തുടക്കം മാത്രമാണ്, ഇവിടംകൊണ്ട് അവസാനിപ്പിക്കുകയല്ല. പദ്ധതിയുടെ രണ്ടാംഘട്ടമായി എല്ലാവരുടെയും സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറുമായി ബന്ധിപ്പിക്കും. ഇൻറർനെറ്റ് അവകാശമാക്കി മാറ്റുന്നതിനപ്പുറത്ത് എല്ലാവർക്കും ലഭ്യമാക്കാനുള്ള സാഹചര്യമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1991 ഏപ്രിലിൽ സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തുമ്പോൾ അന്ന് സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാറായിരുന്നു. എല്ലാവരെയും സഹകരിപ്പിച്ച് ദൗത്യം കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞു എന്നതാണ് വിജയം. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രതിസന്ധികളെ മറികടന്നാണ് ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി മാറിയത്. അവർ കാട്ടിത്തന്ന മാതൃകയിലൂടെയാണ് കേരളം മുഴുവൻ നേട്ടം കൈവരിച്ചത്. യുവജനങ്ങളുടെ ആത്മാർഥമായ ഇടപെടൽ പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
105ാം വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം അശമന്നൂർ സ്വദേശി അബ്ദുള്ള മൗലവി ബാഫഖിയുമായി വേദിയിൽവെച്ച് മുഖ്യമന്ത്രി വീഡിയോ കോളിൽ സംസാരിച്ചു. അബ്ദുല്ല മൗലവിയെ പോലുള്ളവരാണ് സർക്കാറിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായ ശാരദ കാണി, വിശാലാക്ഷി എന്നിവർ മുഖ്യമന്ത്രിക്ക് ഒപ്പം സെൽഫിയെടുത്തു.
ഡിജിറ്റൽ ഇന്ത്യ മുദ്രാവാക്യത്തിലും പരസ്യ വചകത്തിലും ഒതുങ്ങുമ്പോഴാണ് കേരളത്തിന്റെ നേട്ടമെന്നും എല്ലാകാലത്തും രാജ്യത്തിന് വഴികണിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അധ്യക്ഷതവഹിച്ച മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്, ചീഫ് സെക്രട്ടറി ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.
14 വയസ്സിന് മുകളിലുള്ള 99.98 ശതമാനത്തിലധികം പേരും ഡിജിറ്റൽ ഉപയോഗത്തിന്റെ പ്രാഥമിക അറിവുകൾ നേടിയാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കേരളം ചുവടുവെച്ചത്. 83,45,879 കുടുംബങ്ങളിലായി 1,50,82,536 ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തി 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തിയാണ് 2022ൽ ‘ഡിജി കേരളം’ പദ്ധതിക്ക് തുടക്കമിട്ടത്. ഇവരിൽ 21,87,966 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. അവരിൽ 21,87,667 പഠിതാക്കൾ മൂല്യനിർണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. 90 വയസ്സിന് മുകളിൽ പ്രായമുള്ള 15,223 പേരും ഉൾപ്പെടുന്നു.
വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാവിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടത്. 2,57,000 വളന്റിയർമാരെ ഉപയോഗിച്ചായിരുന്നു വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും.
സ്മാര്‍ട്ട്ഫോണ്‍ ഓണാക്കുക-ഓഫാക്കുക, വിളിക്കുക-വിളി സ്വീകരിക്കുക എന്നിവയായിരുന്നു പ്രാഥമിക പാഠം. കൂടാതെ, മെസേജ് അയക്കുക-സ്വീകരിക്കുക, പുതിയ ആപ്ലിക്കേഷന്‍ ഇന്സ്റ്റാള്ചെയ്യുക, ഇ-മെയില്‍ അയക്കുക-സ്വീകരിക്കുക, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനില്‍ സ്വന്തമായി പ്രൊഫൈല്‍ ഉണ്ടാക്കുക, ടെക്സ്റ്റ് മെസേജുകള്‍ അയക്കുക, സെല്‍ഫിയെടുക്കുക തുടങ്ങിയവയിൽ പ്രാവിണ്യവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.